Select Location
All Locations
State
Region
City / District
വൈക്കോ വിജയ് പക്ഷത്തേക്ക്; തമിഴ്‌നാട്ടില്‍ ഡിഎംകെ ഒറ്റപ്പെടുന്നു, നിര്‍ണായക കൂടിക്കാഴ്ച

വൈക്കോ വിജയ് പക്ഷത്തേക്ക്; തമിഴ്‌നാട്ടില്‍ ഡിഎംകെ ഒറ്റപ്പെടുന്നു, നിര്‍ണായക കൂടിക്കാഴ്ച

എം.ഡി.എം.കെ നേതാവ് വൈക്കോ തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയുമായി കൂടിക്കാഴ്ച നടത്തി. സൗഹൃദ കൂടിക്കാഴ്ച എന്നാണ് വിശേഷിപ്പിച്ചതെങ്കിലും, തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ മാറ്റം വരുന്നു എന്ന ചർച്ചകൾക്കാണ് ഇത് വഴിയൊരുക്കിയിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയ സമവാക്യങ്ങൾ അതിവേഗം മാറിമറിയുന്ന ഘട്ടത്തിലാണ് ഈ സന്ദർശനം.

ഇന്നലെ മന്ത്രി ആദവ് അർജുന വൈക്കോയുടെ വസതി സന്ദർശിച്ച് ചർച്ചകൾ നടത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഇപ്പോൾ മുഖ്യമന്ത്രിയുമായുള്ള വൈക്കോയുടെ കൂടിക്കാഴ്ച. സെക്രട്ടേറിയറ്റിലെത്തിയ വൈക്കോയെ മന്ത്രിമാരായ ആദവ് അർജുന, നിർമൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരിച്ചത്.

കൂടിക്കാഴ്ചയ്ക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളും ജനകീയ വിഷയങ്ങളുമുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. പ്രധാനമായും തൂത്തുക്കുടിയിലെ വിവാദമായ സ്റ്റെർലൈറ്റ് കോപ്പർ പ്ലാന്റുമായി ബന്ധപ്പെട്ട ആശങ്കകളാണ് വൈക്കോ മുഖ്യമന്ത്രിയുടെ മുന്നിൽ അവതരിപ്പിച്ചത്. സ്റ്റെர்ലൈറ്റ് പ്ലാന്റിൽ പുതിയ ഉത്പാദന യൂണിറ്റ് ആരംഭിക്കാൻ പദ്ധതിയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഈ ഒരു പശ്ചാത്തലത്തിലാണ് വൈക്കോയുടെ സന്ദർശനം പ്രസക്തമാകുന്നത്.

സ്റ്റെർലൈറ്റ് കോപ്പർ പ്ലാന്റ് വീണ്ടും തുറക്കാനോ അതിന്റെ വ്യാവസായിക ശേഷി വർദ്ധിപ്പിക്കാനോ ഒരു കാരണവശാലും അനുമതി നൽകരുതെന്ന് വൈക്കോ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായാണ് വിവരം. തൂത്തുക്കുടിയിലെ ജനങ്ങൾ വർഷങ്ങളായി സ്റ്റെർലൈറ്റ് പ്ലാന്റതിരെ ശക്തമായ നിലപാടിലാണ്. സ്റ്റെർലൈറ്റ് വിരുദ്ധ പ്രക്ഷോഭത്തിന്റെ മുന്നണിപ്പോരാളികളിൽ ഒരാളായിരുന്നു വൈക്കോ. മുൻപ് വലിയ ജനകീയ പ്രക്ഷോഭങ്ങൾക്കും വെടിവെയ്പ്പ് അടക്കമുള്ള അനിഷ്ട സംഭവങ്ങൾക്കും സാക്ഷ്യം വഹിച്ച ഈ പ്രദേശത്ത് പ്ലാന്റ് വീണ്ടും സജീവമാക്കാൻ അനുവദിക്കുന്നത് ഗുരുതരമായ പ്രതിസന്ധികൾക്ക് കാരണമാകുമെന്നും അദ്ദേഹം മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തി.

എംഡിഎംകെ നേതൃയോഗം സുപ്രധാന തീരുമാനം എടുക്കും നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് 107 സീറ്റുകളിൽ വിജയിച്ചാണ് വിജയ് നയിക്കുന്ന ടി.വി.കെ തമിഴ്‌നാട്ടിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. തുടർന്ന് മറ്റ് ചില പാർട്ടികളുടെ സഖ്യത്തോടെ ജോസഫ് വിജയെയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരമേറ്റു. ഈ തിരഞ്ഞെടുപ്പിൽ ഡി.എം.കെ സഖ്യത്തിന്റെ ഭാഗമായാണ് വൈക്കോയുടെ എം.ഡി.എം.കെ മത്സരിച്ചിരുന്നത്. നാല് സീറ്റുകളിൽ ഡി.എം.കെയുടെ ഉദയസൂര്യൻ ചിഹ്നത്തിലാണ് പാർട്ടിയുടെ അംഗങ്ങൾ മത്സരിച്ചതും രണ്ടുപേർ വിജയിച്ചതും.

സ്വന്തം ചിഹ്നത്തിലല്ലാതെ മത്സരിക്കേണ്ടി വന്ന സാഹചര്യമുള്ളതിനാൽ തിരഞ്ഞെടുപ്പ് ഫലം വന്നയുടൻ ടി.വി.കെക്ക് പിന്തുണ പ്രഖ്യാപിക്കുന്നതിൽ എം.ഡി.എം.കെയ്ക്ക് പരിമിതികളുണ്ടായിരുന്നു. എന്നാൽ വിജയ് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് ശേഷം വൈക്കോയും അദ്ദേഹത്തിന്റെ മകനും എം.പിയുമായ ദുരൈ വൈക്കോയും പുതിയ സർക്കാരിന്റെ ഭരണത്തെ പ്രശംസിച്ചു.

എം.ഡി.എം.കെ നേതാക്കൾ ടി.വി.കെ സർക്കാരിനോട് കാണിക്കുന്ന മൃദുസമീപനം ഡി.എം.കെ ക്യാമ്പിൽ അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്. സ്വന്തം സഖ്യത്തിലുള്ള പാർട്ടി ഭരണകക്ഷിയുമായി ഇത്രയധികം അടുക്കുന്നത് ഡി.എം.കെ ഗൗരവത്തോടെയാണ് കാണുന്നത്. തമിഴക വെട്രി കഴകത്തിന്റെ സഖ്യനിരയിലേക്ക് കൂടുതൽ കക്ഷികളെ അടുപ്പിക്കുന്നതിന് പിന്നിൽ മന്ത്രി ആദവ് അർജുനയുടെ സജീവമായ നീക്കങ്ങളുണ്ടെന്നാണ് സൂചന. ഈ മാസം അവസാനം ചേരുന്ന എം.ഡി.എം.കെ നേതൃയോഗത്തിൽ നിലവിലെ സഖ്യം തുടരണമോ അതോ ടി.വി.കെയുമായി സഖ്യത്തിലേക്ക് കടക്കണമോ എന്നതിൽ നിർണായക തീരുമാനം ഉണ്ടായേക്കാം.


One India Malayalam 1 hour ago
Home Flash News