'ദീർഘകാലത്തേക്ക് ബാധിക്കും' പശ്ചിമേഷ്യൻ യുദ്ധം ഏൽപ്പിക്കുന്ന ആഘാതങ്ങളെക്കുറിച്ച് പ്രധാനമന്ത്രി മോദി ജി7 ഉച്ചകോടിയിൽ
പശ്ചിമേഷ്യയിൽ നാല് മാസമായി തുടരുന്ന യുദ്ധം ഇന്ധനം, വളം, ഭക്ഷ്യസാധനങ്ങൾ എന്നിവയുടെ വിതരണത്തെ തടസ്സപ്പെടുത്തിയതായും ഈ സംഘർഷത്തിന്റെ ആഘാതം തുടർന്നും പ്രകടമാകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച പറഞ്ഞു. "പശ്ചിമേഷ്യയിലെ പ്രതിസന്ധി മൂലം ഇന്ധനം, വളം, ഭക്ഷ്യ വിതരണ ശൃംഖലകളിൽ ഉണ്ടായ തടസ്സങ്ങൾ ഗ്ലോബൽ സൗത്തിലെ (വികസ്വര-പിന്നാക്ക രാജ്യങ്ങൾ) രാജ്യങ്ങളെ ദീർഘകാലത്തേക്ക് ബാധിക്കുന്നത് തുടരും."- എവിയാനിൽ നടന്ന ജി7 ഔട്ട്റീച്ച് ഉച്ചകോടിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു,
പ്രതിസന്ധികളുടെ ഭാരം ഒറ്റയ്ക്ക് ചുമക്കാൻ വിട്ടുകൊടുക്കരുതാത്തതിനാൽ, "ഏറ്റവും ദുർബലമായ രാജ്യങ്ങളെ" സഹായിക്കാൻ അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളോട് അദ്ദേഹം അഭ്യർത്ഥിച്ചു. "എല്ലാവർക്കും സന്തുലിതവും പങ്കിട്ടതുമായ സുസ്ഥിര സാമ്പത്തിക വളർച്ച പുനരുജ്ജീവിപ്പിക്കുക" എന്ന വിഷയത്തിൽ നടന്ന സെഷനിൽ സംസാരിക്കവെ, "വികസ്വര രാജ്യങ്ങൾക്ക് ഇത്തരം ആഘാതങ്ങളെ പ്രതിരോധിക്കാനും അവരുടെ സാമ്പത്തിക ശേഷി നിലനിർത്താനും സഹായിക്കുന്ന പിന്തുണാ സംവിധാനങ്ങൾ അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങൾ വികസിപ്പിച്ചെടുക്കണം," എന്ന് പ്രധാനമന്ത്രി പറഞ്ഞു.
ജി7 ഉച്ചകോടിയുടെ വേദിയിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി പ്രധാനമന്ത്രി മോദി നടത്തുന്ന നിർണായക കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പാണ് ഈ പ്രതികരണങ്ങൾ വന്നിട്ടുള്ളത്. വ്യാപാര ചർച്ചകളിലും പശ്ചിമേഷ്യയിലെ സമീപകാല സംഘർഷങ്ങളിലും കേന്ദ്രീകരിച്ചായിരിക്കും ഇരു നേതാക്കളും തമ്മിലുള്ള ചർച്ചകൾ.
ഒമാന് സമീപം വാണിജ്യ കപ്പലുകൾക്ക് നേരെ യുഎസ് നടത്തിയ സൈനികാക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെടുകയും ഇതിനെതിരെ ന്യൂഡൽഹി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഈ കൂടിക്കാഴ്ച നടക്കുന്നത്. യുഎസ്-ഇറാൻ നിർദ്ദിഷ്ട കരാർ, ഹോർമുസ് കടലിടുക്കിന്റെ ഭാവി എന്നിവയ്ക്കൊപ്പം ഈ വിഷയവും ചർച്ചയിൽ പ്രധാനമായി ഉയർന്നുവരാൻ സാധ്യതയുണ്ട്. ചൊവ്വാഴ്ച ജി7 നേതാക്കളുടെ ഒത്തുചേരലിനിടെ ഇരു നേതാക്കളും ഹ്രസ്വമായി സംസാരിച്ചിരുന്നു. 16 മാസങ്ങൾക്ക് ശേഷമുള്ള ഇവരുടെ ആദ്യത്തെ നേരിട്ടുള്ള കൂടിക്കാഴ്ചയായിരുന്നു അത്.
ആഗോള ഊർജ്ജ വിതരണത്തിനും അന്താരാഷ്ട്ര ഷിപ്പിംഗിനും ഏറെ പ്രാധാന്യമുള്ള ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നത് ഈ ചട്ടക്കൂടിന്റെ പ്രധാന ഭാഗമായാണ് കാണുന്നത്. അമേരിക്കയും ഇറാനും ഞായറാഴ്ച കരട് കരാറിൽ ഒപ്പുവെച്ചിരുന്നു. ഇത് വിപുലമായ സമാധാന കരാർ ഉറപ്പാക്കുന്ന ലക്ഷ്യത്തോടെയുള്ള തുടർച്ചയായ ചർച്ചകൾക്ക് വഴിയൊരുക്കും.
സ്വിറ്റ്സർലൻഡിലെ ലൂസേണിനടുത്തുള്ള ബർഗൻസ്റ്റോക്ക് റിസോർട്ടിൽ വെച്ച് വെള്ളിയാഴ്ച സമാധാന കരാറിൽ ഇരു രാജ്യങ്ങളും നേരിട്ട് ഒപ്പുവെക്കും. സ്ലൊവാക്യയിലെ ദ്വിദിന സന്ദർശനത്തിന് ശേഷമാണ് ഫ്രാൻസിൽ നടക്കുന്ന ജി7 ഔട്ട്റീച്ച് സെഷനിൽ പ്രധാനമന്ത്രി മോദി പങ്കെടുക്കുന്നത്.