പിഎം ശ്രീയിലൂടെ ബിജെപി നയം കോൺഗ്രസ് നടപ്പിലാക്കുന്നു, ഇതാണ് യഥാർത്ഥ ഡീൽ; പി രാജീവ്
പി എം ശ്രീ വിഷയത്തിൽ മലക്കം മറിഞ്ഞ യുഡിഎഫ് സർക്കാരിന്റെ നിലപാടിനെതിരെ കടുത്ത വിമർശനവുമായി പി രാജീവ്. മുൻ സർക്കാരിനെതിരെ അന്ന് പ്രതിഷേധിക്കുകയും എന്നാൽ ഇപ്പോൾ പിഎംശ്രീ തുടരുന്ന സമീപനവുമാണ് സർക്കാർ സ്വീകരിച്ചത്.
പദ്ധതിയുമായി മുന്നോട്ട് പോവുന്നതിനെക്കുറിച്ച് ആർഎസ്എസ് അജണ്ട നടപ്പിലാക്കുന്നുവെന്നാണ് പ്രതിപക്ഷ നേതാവായിരുന്നപ്പോൾ വി.ഡി.സതീശൻ പറഞ്ഞത്. ഇപ്പോൾ അതേ ബിജെപി നയം കോൺഗ്രസ് നടപ്പിലാക്കുകയാണെന്നും പി രാജീവ് വ്യക്തമാക്കി.
അതേസമയം, പിഎം ശ്രീയുമായി ബന്ധപ്പെട്ട് ഒരു നടപടിയും മുൻ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് യാതൊരു നടപടിക്രമങ്ങളും പൂർത്തിയാക്കിയിട്ടില്ലെന്നും വി ശിവൻകുട്ടി പറഞ്ഞു. പദ്ധതിയിൽ നിന്ന് എൽഡിഎഫ് സർക്കാർ ഫണ്ട് വാങ്ങിയിട്ടില്ല. മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിലെ ഫണ്ട് വാങ്ങിയെന്ന പ്രസ്താവന വസ്തുതാ വിരുദ്ധമാണെന്ന് ശിവൻകുട്ടി വ്യക്തമാക്കി. കത്ത് നൽകിയിട്ടില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞത് കള്ളമാണെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതിയുമായി മുന്നോട്ടു പോകുന്നില്ലെന്ന് അറിയിച്ചു കത്ത് നൽകിയിട്ടുണ്ടെന്ന് വി ശിവൻകുട്ടി വെളിപ്പെടുത്തി.