‘ആണവായുധത്തേക്കാൾ ശക്തം’; US ഭയക്കുന്ന ശേഷി, ഹോർമൂസ് എപ്പോൾ വേണമെങ്കിലും ഇറാന് അടച്ചുപൂട്ടാം
വാഷിങ്ടൺ: ഹോർമുസ് കടലിടുക്ക് എപ്പോൾ വേണമെങ്കിലും അടച്ചുപൂട്ടാനുള്ള പ്രഹരശേഷി ഇറാൻ കൈവരിച്ചിരിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവിട്ട് യുഎസ് രഹസ്യാന്വേഷണ ഏജൻസികൾ. ആഗോള സമ്പദ്‌വ്യവസ്ഥയേയും എണ്ണ വ്യാപാരത്തെയും തകിടം മറിക്കാൻ ശേഷിയുള്ള ഈ നീക്കം ഏതൊരു ആണവായുധത്തേക്കാളും അപകടകരമാണെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകുന്നു. മേഖലയിലെ ചരക്കുനീക്കം തടസപ്പെടുന്നത് ലോകമെമ്പാടുമുള്ള ഊർജ്ജ വിപണിയെ ഗുരുതരമായി ബാധിക്കുമെന്ന് ഉറവിടങ്ങൾ വ്യക്തമാക്കുന്നു.
സമാധാന ചർച്ചകൾക്കിടയിലും ഇറാന്റെ ഈ കരുത്തുറ്റ സ്വാധീനം വൻശക്തികൾക്കിടയിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഇസ്രയേൽ-ലെബനൻ സംഘർഷങ്ങളും ഈ നയതന്ത്ര ചർച്ചകളിൽ വലിയ തടസമായി തുടരുകയാണ്. ആരംഭിച്ച് മൂന്ന് മാസത്തിലേറെയായ പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇരുരാജ്യങ്ങളും തമ്മിൽ സമാധാന കരാറുകൾ നിലവിലുണ്ടെങ്കിലും ഇറാന്റെ സൈനിക കരുത്തും ഡ്രോൺ സാങ്കേതികവിദ്യയും ആശങ്ക വർധിപ്പിക്കുന്നുണ്ട്.
തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് അവർക്ക് ഇഷ്ടമുള്ളപ്പോൾ അടച്ചുപൂട്ടാനുള്ള ശേഷി ഇറാനുണ്ട് എന്നാണ് യുഎസ് രഹസ്യാന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ. യുഎസുമായി സമാധാന ഉടമ്പടി പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കാനുള്ള ഇറാന്റെ ശേഷി വീണ്ടും വർധിച്ചേക്കാം എന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കാൻ ഒരു കരാറിൽ ഏർപ്പെടാൻ അമേരിക്കയും ഇറാനും ഞായറാഴ്ച സമ്മതിച്ചിരുന്നു. ഇതിന്റെ ഔദ്യോഗിക സമാധാന കരാർ ഈ വെള്ളിയാഴ്ച സ്വിറ്റ്സർലൻഡിലെ ജനീവയിൽ ഒപ്പിടും. ഗൾഫ് രാജ്യങ്ങളുടെ ഊർജ്ജ പശ്ചാത്തല സൗകര്യങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ എങ്ങനെ തങ്ങൾക്ക് അനുകൂലമായി ഉപയോഗിക്കാമെന്ന് ഇറാൻ പഠിച്ചു കഴിഞ്ഞു. ഇത് അമേരിക്കയുടെ ഏറ്റവും ദുർബലമായ കണ്ണി (Achilles heel) ആയി മാറിയിരിക്കുന്നുവെന്നും സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു.
'കടലിടുക്കിന്റെ യഥാർത്ഥ നിയന്ത്രണം ഇപ്പോൾ ഞങ്ങൾ ഇറാന് കൈമാറിയിരിക്കുകയാണ് - ഇത് ഏത് ആണവായുധത്തേക്കാളും ശക്തമായ ഒരായുധമാണ്.' ഈ കാര്യങ്ങൾ അറിയാവുന്ന ഒരു ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. അതേസമയം, സമാധാന ഉടമ്പടി പൂർത്തിയാകുന്നതോടെ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിന് വഴിയൊരുക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഞായറാഴ്ച ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. ഈ പ്രധാന ജലപാത 'യാതൊരു തടസ്സവുമില്ലാതെ (toll-free) തുറക്കുമെന്നും, 60 ദിവസത്തിന് ശേഷവും അത് തുടരുമെന്നും' അദ്ദേഹം പറഞ്ഞു. 'ഹോർമുസ് സ്ഥിരമായി തുറക്കുമ്പോൾ, അത് ടോൾ ഫ്രീ ആയിരിക്കും.' ട്രംപ് പറഞ്ഞു. വെടിനിർത്തൽ 60 ദിവസത്തേക്ക് കൂടി നീട്ടാനും കൂടുതൽ ചർച്ചകൾക്ക് വഴിതുറക്കാനും സഹായിക്കുന്ന കരാറിൽ അമേരിക്കയും ഇറാനും ഒപ്പിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.