‘ആര് ഭരിക്കുന്നു എന്ന് നോക്കിയല്ല നിപയും കൊവിഡുമൊക്കെ വരുന്നത്’; കെ കെ ശൈലജ ടീച്ചർ
സംസ്ഥാനത്ത് വീണ്ടും നിപ കേസ് റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ വല്ലാതെ ഭയപ്പെടേണ്ടെന്നും വളരെ അധികം ശ്രദ്ധിക്കണം എന്നും കെ കെ ശൈലജ ടീച്ചർ പറഞ്ഞു. കൃത്യമായ പ്രോട്ടോകോൾ, എസ്.ഒ പി ഉണ്ട്. ഒരു കേസ് വരുമ്പോൾ തന്നെ പ്രതിരോധിക്കാൻ ആരോഗ്യ രംഗം സജ്ജമാണ്. മുൻ അനുഭവം വെച്ച് എല്ലാം റെഡി ആണ്. പകർച്ച ഒഴിവാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ കഴിയും. കൃത്യ വിലോപം കാണിക്കാതെ ജാഗ്രതയോടെ നേരിടണം.
നിപ വരുന്നത് ഭരിക്കുന്നവരെ നോക്കിയാണെന്ന് ആയിരുന്നു കെ മുരളീധരൻ പറഞ്ഞത്. എന്നാൽ ആര് ഭരിക്കുന്നു എന്ന് നോക്കിയല്ല നിപയും കൊവിഡുമൊക്കെ വരുന്നത് എന്ന് കെ കെ ശൈലജ ടീച്ചർ പറഞ്ഞു. കക്ഷി രാഷ്ട്രീയം നോക്കാതെ കൂട്ടായി പ്രതിരോധം തീർക്കണം. കൂടുതൽ ആളുകളിലേക്ക് പടരാതിരിക്കാൻ ശ്രദ്ധിക്കണം. പ്രതിരോധ മരുന്ന് ഇല്ലെങ്കിൽ സ്റ്റോക്ക് ചെയ്യണം. മുൻ കരുതൽ ഉണ്ടായാലേ കാര്യമുള്ളൂ. ഉദ്യോഗസ്ഥർ സജ്ജരാണ്. അവരെ കൃത്യമായി നയിച്ചാൽ പ്രതിരോധം സാധ്യമാണ്.
അന്നത്തെ കെ മുരളീധരൻ പ്രസ്താവന ഓർക്കാൻ ആഗ്രഹിക്കുന്നില്ല. കാര്യങ്ങൾ മനസ്സിലാക്കാതെ ആയിരുന്നു അന്നത്തെ പ്രതികരണങ്ങൾ. എന്തായാലും ഞങ്ങൾ അങ്ങനെ പറയില്ല. പൂനെയിലേക്ക് സാമ്പിൾ അയക്കുന്നത് കേന്ദ്ര പ്രോട്ടോകോൽ പ്രകാരം ആണ്. കടുത്ത സാഹചര്യം നേരിടുമ്പോൾ വീഴ്ച്ച ഉണ്ടെങ്കിൽ വിമർശിക്കണം. അല്ലാതെ നല്ലത് ചെയ്യുമ്പോൾ അങ്ങനെ കളിയാക്കരുത്.