Select Location
All Locations
State
Region
City / District
പ്രിയദർശിനി പദ്ധതി, എതിർപ്പുമായി മെൻസ് അസോസിയേഷൻ; ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്‌ത്‌ പ്രതിഷേധിക്കും!

പ്രിയദർശിനി പദ്ധതി, എതിർപ്പുമായി മെൻസ് അസോസിയേഷൻ; ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്‌ത്‌ പ്രതിഷേധിക്കും!

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ സൗജന്യ യാത്ര പദ്ധതിക്കെതിരെ പ്രതിഷേധവുമായി മെൻസ് അസോസിയേഷൻ രംഗത്ത്. ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് ജൂൺ 15 മുതൽ സൗജന്യ യാത്ര അനുവദിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് ഓൾ കേരള മെൻസ് അസോസിയേഷൻ പ്രതിഷേധം കടുപ്പിക്കുന്നത്. സൗജന്യ യാത്ര ആരംഭിക്കുന്ന ജൂൺ 15ന് സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധിക്കുമെന്നാണ് സംഘടന അറിയിച്ചിരിക്കുന്നത്.

ഫേസ്‌ബുക്കിൽ പങ്കുവച്ച വീഡിയോയിലാണ് ഓൾ കേരള മെൻസ് അസോസിയേഷന്റെ ആഹ്വാനം. കൂടാതെ കെഎസ്ആർടിസിയുടെ ഓർഡിനറി ബസുകൾ തടയുമെന്നും അവർ അറിയിച്ചിട്ടുണ്ട്. ഒപ്പം സമരത്തിന്റെ ഭാഗമായി കെഎസ്ആർടിസി ബസിൽ കയറി ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുമെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെ സംഘടന വ്യക്തമാക്കി.

പുരുഷനായി ജനിച്ചത് കൊണ്ട് ഒരിടത്തും നീതി കിട്ടുന്നില്ലെന്നും പുരുഷന്മാരും വോട്ട് ബാങ്ക് ആണെന്നും ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് പറയുന്നു. റേഷൻ കാര്‍ഡ് നോക്കി സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ളവർക്ക് സൗജന്യ യാത്ര കൊടുക്കുന്നത് കൊണ്ട് പ്രശ്‌നമില്ല. എന്നാൽ ലക്ഷങ്ങൾ ശമ്പളം വാങ്ങിക്കുന്നവർക്ക് പോലും എന്തിനാണ് സൗജന്യ യാത്രയെന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. അതേസമയം, കഴിഞ്ഞ ദിവസമാണ് യുഡിഎഫ് സർക്കാർ സ്ത്രീകൾക്ക് ഓർഡിനറി ബസുകളിൽ യാത്ര സൗജന്യമാക്കുന്ന പ്രിയദർശിനി പദ്ധതിയെ കുറിച്ച് വ്യക്തത വരുത്തിയത്. ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഉയർത്തിയ പ്രധാന വാഗ്‌ദാനം ആയിരുന്നു കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുമെന്നത്.

പ്രിയദർശിനി പദ്ധതി

സംസ്ഥാനത്തെ സ്ത്രീകളുടെ യാത്രാസൗകര്യം കൂടുതൽ എളുപ്പമാക്കുന്നതിനായി സർക്കാർ നടപ്പിലാക്കുന്ന 'പ്രിയദർശിനി' പദ്ധതി ഏറെ ചർച്ചകൾക്ക് വഴിയൊരുക്കിയ ഒന്നാണ്. പദ്ധതിയുടെ ഭാഗമായി കെഎസ്ആർടിസിയുടെ ഓർഡിനറി (സാധാരണ) സർവീസുകളിൽ സ്ത്രീകൾക്ക് സൗജന്യമായി യാത്ര ചെയ്യാനുള്ള സൗകര്യം ലഭ്യമാകും. എന്നാൽ ഇതിന്റെ സാമ്പത്തിക വശം ഉൾപ്പെടെ പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്.

സ്ത്രീകളുടെ തൊഴിൽ, വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹിക ആവശ്യങ്ങൾക്കായുള്ള യാത്രകൾക്ക് സാമ്പത്തിക ഭാരം കുറയ്ക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ദിവസേന ബസുകളെ ആശ്രയിച്ച് ജോലിസ്ഥലങ്ങളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും പോകുന്ന ആയിരക്കണക്കിന് സ്ത്രീകൾക്ക് ഇത് വലിയ ആശ്വാസമാകും. പദ്ധതിയുടെ ഭാഗമായി കെഎസ്ആർടിസിയുടെ സാധാരണ ഓർഡിനറി സർവീസുകളിലാണ് സൗജന്യ യാത്ര അനുവദിക്കുക. യാത്ര ചെയ്യുമ്പോൾ സർക്കാർ അംഗീകരിച്ച തിരിച്ചറിയൽ രേഖ ഹാജരാക്കേണ്ടതായി വരും. പദ്ധതിയുടെ നടപ്പാക്കലുമായി ബന്ധപ്പെട്ട വിശദമായ മാർഗനിർദേശങ്ങളും നടപടിക്രമങ്ങളും സർക്കാർ പിന്നീട് പുറത്തിറക്കും.

സ്ത്രീ ശാക്തീകരണത്തിനും പൊതുഗതാഗത ഉപയോഗം വർധിപ്പിക്കുന്നതിനും സഹായകമാകുന്ന ഈ പദ്ധതി കുടുംബങ്ങളുടെ യാത്രാചെലവിൽ ഗണ്യമായ കുറവ് വരുത്തുമെന്നാണ് വിലയിരുത്തൽ. കൂടാതെ സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നത് കുറയുന്നതിലൂടെ ഗതാഗതക്കുരുക്കും മലിനീകരണവും കുറയ്ക്കാനും പദ്ധതി സഹായകമാകും എന്നാണ് വിലയിരുത്തൽ.


One India Malayalam 1 hour ago
Home Flash News