Select Location
All Locations
State
Region
City / District
4 ദിവസം 3 രാജി; ഇനിയും 3 പേര്‍ ഉടന്‍ ഒഴിയും, രാജ്യസഭയില്‍ തൃണമൂല്‍ സീറ്റുകള്‍ കാലിയാകുന്നു

4 ദിവസം 3 രാജി; ഇനിയും 3 പേര്‍ ഉടന്‍ ഒഴിയും, രാജ്യസഭയില്‍ തൃണമൂല്‍ സീറ്റുകള്‍ കാലിയാകുന്നു

ന്യൂഡല്‍ഹി: രാജ്യസഭയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ എണ്ണം കുറഞ്ഞു വരുന്നു. ഓരോ ദിവസവും ഓരോ അംഗങ്ങള്‍ രാജി പ്രഖ്യാപിക്കുകയാണ്. പ്രകാശ് ചിക് ബരയ്ക് ആണ് ഇന്ന് രാജിവച്ചത്. നാല് ദിവസത്തിനിടെ രാജിവെക്കുന്ന മൂന്നാമത്തെ തൃണമൂല്‍ കോണ്‍ഗ്രസ് എംപിയാണ് ഇദ്ദേഹം. സുഖേന്ദു ശേഖര്‍ റോയ്, സുഷ്മിത ദേവ് എന്നിവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ രാജിവച്ചിരുന്നു.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുഖങ്ങളായി ദേശീയ തലത്തില്‍ തിളങ്ങി നിന്നവരാണ് രാജിവെക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും കടുത്ത വിമര്‍ശകരായിരുന്നു എല്ലാവരും. പൊടുന്നനെ രാജിവച്ച ശേഷം ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തുകയാണ് ഇവര്‍. ഇനിയും മൂന്ന് രാജ്യസഭാ അംഗങ്ങള്‍ കൂടി തൃണമൂലില്‍ നിന്ന് രാജിവെക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ദയനീയ പരാജം ഏറ്റുവാങ്ങിയ പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് വലിയ തിരിച്ചടിയാണ് നേരിടുന്നത്. പാര്‍ട്ടിയില്‍ വിമത നീക്കം ശക്തമായി. പാര്‍ട്ടി നേതാക്കള്‍ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയാകുകയാണ്. നിരവധി നേതാക്കള്‍ അറസ്റ്റിലായി. അതിനിടെയാണ് ഒരു വിഭാഗം എംഎല്‍എമാരും എംപിമാരും വിമത ശബ്ദം ഉയര്‍ത്തിയതും ചിലര്‍ ബിജെപിക്ക് കൈകൊടുക്കുന്നതും.

പ്രകാശ് ബരയ്കിന്റെ രാജിയോടെ രാജ്യസഭയില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ അംഗബലം 10 ആയി കുറഞ്ഞു. മൂന്ന് പേര്‍ കൂടി വൈകാതെ രാജിവെക്കുമെന്നാണ് പറയപ്പെടുന്നത്. ഈ സീറ്റുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടന്നാല്‍ പശ്ചിമ ബംഗാള്‍ നിയമസഭയിലെ അംഗബലം അനുസരിച്ച് ബിജെപി സ്ഥാനാര്‍ഥികള്‍ ജയിക്കും. ഇത് രാജ്യസഭയില്‍ ബിജെപിക്ക് അംഗബലം വര്‍ധിക്കാന്‍ ഇടയാക്കും.

തൃണമൂലിന്റെ ചീഫ് വിപ്പായി കഴിഞ്ഞ 13 വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന റോയ് രാജിവെക്കുമെന്ന് മമത പ്രതീക്ഷിച്ചിരിക്കില്ല. തൊട്ടടുത്ത ദിവസങ്ങളായി രണ്ടുപേര്‍ കൂടി രാജിവച്ചു. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ എത്തിയ മമത ബാനര്‍ജി കോണ്‍ഗ്രസ് നേതാക്കളുമായി പ്രത്യേകം ചര്‍ച്ച നടത്തിയ ശേഷമാണ് കൊല്‍ക്കത്തയിലേക്ക് മടങ്ങിയത്. തൃണമൂലിനെ കോണ്‍ഗ്രസില്‍ ലയിപ്പിക്കുമെന്ന അഭ്യൂഹം നേതാക്കള്‍ തള്ളിയിട്ടുണ്ട്. ലോകസ്ഭയില്‍ തൃണമൂലിന് 28 എംപിമാരാണുള്ളത്. ഇതില്‍ 19 പേര്‍ തൃണമൂല്‍ ബന്ധം ഉപേക്ഷിച്ച് പ്രത്യേക ബ്ലോക്ക് ആയി ഇരിക്കാന്‍ സ്പീക്കറുടെ അനുമതി തേടി. യൂസഫ് പത്താന്‍, സായോണി ഘോഷ് ഉള്‍പ്പെടെ തൃണമൂലിന്റെ മുഖമായി കാണുന്നവരൊക്കെ ഈ വിമതരുടെ പട്ടികയിലുണ്ട്. ഇതിനിടെ മമതയുമായി ബന്ധമുള്ളവരുടെ വീടുകളിലും ഓഫീസുകളിലും മറ്റും അന്വേഷണ ഏജന്‍സികളുടെ പരിശോധനയും നടക്കുന്നുണ്ട്. ഈ സാഹചര്യം അവര്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്നാണ് ഇനി അറിയേണ്ടത്.


One India Malayalam 1 hour ago
Home Flash News