Select Location
All Locations
State
Region
City / District
ടോൾ കൊടുക്കാതിരിക്കാൻ ബന്ധുക്കളുടെ വിലാസം; തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ചവർക്കെതിരെ അന്വേഷണം

ടോൾ കൊടുക്കാതിരിക്കാൻ ബന്ധുക്കളുടെ വിലാസം; തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ചവർക്കെതിരെ അന്വേഷണം

കാക്കനാട് ∙ പ്രദേശവാസികൾ ടോൾ നൽകേണ്ടതില്ലെന്ന ആനുകൂല്യം ലഭ്യമാക്കാൻ അവരുടെ ഡ്രൈവിങ് ലൈസൻസ് ഉൾപ്പെടെയുള്ള തിരിച്ചറിയൽ കാർഡുകൾ ഉപയോഗിക്കുന്ന പുറം നാട്ടുകാർക്കെതിരെ അന്വേഷണം. ഒരാൾക്കെതിരെ മോട്ടർ വാഹന വകുപ്പ് നടപടിയെടുത്തു. കുമ്പളം ടോൾ പ്ലാസയിൽ പ്രദേശവാസികളുടെ വിലാസമുള്ള തിരിച്ചറിയൽ കാർഡ് കാട്ടി ടോൾ കൊടുക്കാതെ സ്ഥിരമായി യാത്ര ചെയ്യുന്നവരിൽ ചിലരാണ് നിരീക്ഷണത്തിൽ. പ്രദേശത്ത് താമസിക്കുന്ന ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ലൈസൻസ് ഉൾപ്പെടെയുള്ള തിരിച്ചറിയൽ കാർഡുകളാണ് പുറം നാട്ടുകാരായ ഇവർ ഉപയോഗിക്കുന്നത്.

ടോൾ പ്ലാസയിലെ തിരക്കിൽ ജീവനക്കാർ ഫോട്ടോ ശ്രദ്ധിക്കാറില്ലത്രേ. വിലാസം മാത്രം നോക്കി ടോൾ വാങ്ങാതെ കടത്തി വിടുകയാണ് പതിവ്. ഏതാനും പേരുടെ കാര്യത്തിൽ സംശയം തോന്നിയതിനെ തുടർന്നാണ് ഇവർ കാട്ടിയ ഡ്രൈവിങ് ലൈസൻസ് വിശദമായി പരിശോധിച്ചത്. മറ്റൊരാളുടെ ലൈസൻസാണ് ദുരുപയോഗം ചെയ്തതെന്ന് കണ്ടെത്തിയതോടെ മോട്ടർ വാഹന വകുപ്പിനെ അറിയിക്കുകയായിരുന്നു. കുമ്പളം സ്വദേശിയുടെ ഡ്രൈവിങ് ലൈസൻസു കാട്ടി ടോൾ കൊടുക്കാതെ സ്ഥിരമായി യാത്ര ചെയ്തിരുന്ന ബന്ധുവായ അരൂക്കുറ്റി വടുതല സ്വദേശിക്കെതിരെയാണ് ആർടിഒ എൻഫോഴ്സ്മെന്റ് വിഭാഗം നടപടിയെടുത്തത്. ആദ്യ സംഭവമായതിനാൽ കേസെടുത്തില്ല. ഇവരോട് ഡ്രൈവിങ് ബോധവൽക്കരണ ക്ലാസിൽ പങ്കെടുക്കാൻ നിർദേശിച്ച് താക്കീതു ചെയ്തു വിട്ടയച്ചു. ടോൾ പ്ലാസയിൽ പ്രദേശവാസികൾക്കുള്ള ആനുകൂല്യം ദുരുപയോഗം ചെയ്യുന്നത് കണ്ടെത്താൻ പരിശോധന ശക്തമാക്കുമെന്ന് അധികൃതർ പറഞ്ഞു.


Manorama News 1 hour ago
Home Flash News