Select Location
All Locations
State
Region
City / District
കൊല്ലം-തേനി ദേശീയപാത വികസനം; 1663 കോടി രൂപയുടെ ഭരണാനുമതി, 20 മീറ്റര്‍ വീതിയില്‍ നാലുവരി പാത

കൊല്ലം-തേനി ദേശീയപാത വികസനം; 1663 കോടി രൂപയുടെ ഭരണാനുമതി, 20 മീറ്റര്‍ വീതിയില്‍ നാലുവരി പാത

കൊല്ലം-തേനി ദേശീയപാതയില്‍ കടവൂര്‍ ബൈപ്പാസ് മുതല്‍ അഞ്ഞിലിമൂട് വരെയുള്ള 55 കിലോമീറ്റര്‍ ദേശീയ പാത വികസനത്തിന് കേന്ദ്ര റോഡ് മന്ത്രാലയത്തിന്റെ ഭരണ അനുമതി. 1663 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഭൂമി ഏറ്റെടുക്കല്‍, കെട്ടിടങ്ങള്‍ പൊളിക്കല്‍ തുടങ്ങി വിവിധ പ്രവൃത്തികള്‍ക്കാണ് ഈ തുക. 24 മാസത്തിനകം പദ്ധതി പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം എന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു.

20 മീറ്റര്‍ വീതിയില്‍ നാലുവരി പാതയ്ക്കാണ് ഇപ്പോള്‍ അനുമതി ലഭിച്ചിരിക്കുന്നത്. എന്നാല്‍ 24 മീറ്റര്‍ വീതിയില്‍ റോഡ് വേണം എന്നാണ് എംപിയുടെ അഭിപ്രായം. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമായി വീണ്ടും ചര്‍ച്ച നടത്തുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു. പാലങ്ങള്‍, കലുങ്കുകള്‍, റെയില്‍വേ ഓവര്‍ ബ്രിഡ്ജ്, അണ്ടര്‍ പാസുകള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്നതാണ് വികസനം.

കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: ''കുന്നത്തൂർ, ചാരുംമൂട്, ചെങ്ങന്നൂർ ഉൾപ്പെടെയുള്ള മധ്യതിരുവിതാംകൂർ മേഖലയിലെ ജനങ്ങൾ ദീർഘകാലമായി ആവശ്യപ്പെട്ടിരുന്ന കൊല്ലം - തേനി ദേശീയപാത (NH-183) വികസന പദ്ധതിക്ക് അന്തിമ അംഗീകാരം. കൊല്ലം കടവൂർ ബൈപ്പാസ് ജംഗ്ഷൻ മുതൽ ചെങ്ങന്നൂരിന് സമീപമുള്ള അഞ്ഞിലിമൂട് വരെയുള്ള 54.37 കിലോമീറ്റർ ദൈർഘ്യമുള്ള ആദ്യ റീച്ചിന്റെ വികസനത്തിനായി കേന്ദ്ര റോഡ് ഗതാഗത-ദേശീയപാത മന്ത്രാലയം ₹1,663.15 കോടി രൂപയുടെ ഭരണ-സാങ്കേതിക അനുമതിയാണ് നൽകിയിരിക്കുന്നത്.

പദ്ധതിയുടെ ഭാഗമായി ₹689.20 കോടി രൂപ സിവിൽ പ്രവൃത്തികൾക്കായും, ഭൂമി ഏറ്റെടുക്കലിനും അനുബന്ധ നടപടികൾക്കുമായി ₹331.64 കോടി രൂപയും, കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നതിനും നഷ്ടപരിഹാരത്തിനുമായി ₹394.19 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. എൻജിനീയറിംഗ്, പ്രൊക്യുർമെന്റ് ആൻഡ് കൺസ്ട്രക്ഷൻ (EPC) മാതൃകയിൽ 24 മാസത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

നിലവിൽ 20 മീറ്റർ വീതിയുള്ള നാലുവരി ദേശീയപാതയായാണ് ഈ ഭാഗം വികസിപ്പിക്കുന്നത്. മൂന്ന് വലിയ പാലങ്ങൾ, ആറ് ചെറിയ പാലങ്ങൾ, 103 കലുങ്കുകൾ, ഒരു റെയിൽവേ ഓവർബ്രിഡ്ജ്, രണ്ട് വാഹന അണ്ടർപാസുകൾ എന്നിവ പദ്ധതിയുടെ ഭാഗമാകും. യാത്രക്കാരുടെ സൗകര്യത്തിനായി 48 ബസ് ബേകളും 88.81 കിലോമീറ്റർ നീളത്തിൽ ആധുനിക ഡ്രെയിനേജ് സംവിധാനവും ഒരുക്കും. സുരക്ഷ ഉറപ്പാക്കുന്നതിനായി ക്രാഷ് ബാരിയറുകൾ, ആധുനിക സൈൻബോർഡുകൾ, സോളാർ എൽ.ഇ.ഡി. ബ്ലിങ്കറുകൾ, മീഡിയം മാസ്റ്റ് ലൈറ്റുകൾ, ഹൈമാസ്റ്റ് ലൈറ്റുകൾ എന്നിവയും സ്ഥാപിക്കും. കൊല്ലം ബൈപ്പാസ്, മുക്കട, പേരയം, കുണ്ടറ-ചിറ്റുമല, ഭരണിക്കാവ്, ചക്കുവള്ളി, ചാരുംമൂട്, കോട്ടമുക്ക്, നാലുമുക്ക്, മാങ്കാങ്കുഴി, കൊല്ലകടവ്, പെണ്ണുക്കര, അഞ്ഞിലിമൂട് തുടങ്ങി 16 പ്രധാന ജംഗ്ഷനുകൾ ആധുനിക നിലവാരത്തിലേക്ക് ഉയർത്തും. 

കൂടാതെ ചിറ്റുമല, മൂന്നു മുക്ക്, കടപ്പുഴ, പുന്നമൂട്, ഊക്കൻമുക്ക്, ശൂരനാട് തെക്കേമുറി, കണ്ണമം, ആനയടി, വയ്യങ്കര, ചാവടി, ഗുരുനാഥൻകുളങ്ങര, ചുനക്കര, കൊടുകുളഞ്ഞി, പണിപ്പുരപ്പടി എന്നിവയുൾപ്പെടെ 18 ചെറു ജംഗ്ഷനുകളും നവീകരിക്കും. ഈ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ കൊല്ലം, കുണ്ടറ, കുന്നത്തൂർ, ഭരണിക്കാവ്, ചാരുംമൂട്, ചെങ്ങന്നൂർ മേഖലകളിലെ യാത്രാസമയം ഗണ്യമായി കുറയുകയും ചരക്ക് ഗതാഗതം കൂടുതൽ കാര്യക്ഷമമാകുകയും ചെയ്യും. വ്യാപാര, വ്യവസായ, കാർഷിക, വിനോദസഞ്ചാര മേഖലകൾക്ക് പുതിയ സാധ്യതകൾ തുറന്നുകിട്ടും. ദീർഘകാലമായി വികസനത്തിന്റെ കാത്തിരിപ്പിലായിരുന്ന മധ്യതിരുവിതാംകൂർ മേഖലയ്ക്ക് ഇത് വലിയ ഉത്തേജനമാകും. എന്നാൽ, ആദ്യഘട്ടത്തിൽ ദേശീയപാത അതോറിറ്റി അംഗീകരിച്ചിരുന്നതുപോലെ നിലവിലുള്ളതും ഭാവിയിൽ പ്രതീക്ഷിക്കപ്പെടുന്നതുമായ വാഹനപ്പെരുപ്പം കണക്കിലെടുത്ത് ഈ പാത 24 മീറ്റർ വീതിയിൽ വികസിപ്പിക്കണമെന്ന നിലപാടിൽ ഞാൻ ഉറച്ചുനിൽക്കുന്നു. ഈ ആവശ്യം വീണ്ടും കേന്ദ്ര റോഡ് ഗതാഗത-ദേശീയപാത മന്ത്രി ശ്രീ നിതിൻ ഗഡ്കരിയുടെ ശ്രദ്ധയിൽപ്പെടുത്തി ആവശ്യമായ ഇടപെടൽ നടത്തും.''


One India Malayalam 1 hour ago
Home Flash News