‘കേരളത്തിലെ പൊലീസിനെ ഭരിക്കാമെന്നുള്ള ചിന്ത ബിജെപിക്ക് ഉണ്ടെങ്കിൽ അത് വേണ്ട’; ടി പി സെൻകുമാറിനും ശ്രീലേഖക്കുമെതിരെ ടി എം തോമസ് ഐസക്
കേരളത്തിലെ മുൻ പൊലീസ് മേധാവികളായ ടി.പി. സെൻകുമാറിൻ്റെയും ആർ. ശ്രീലേഖയ്ക്കുടെയും അധഃപതനം സമാനതകളില്ലാത്തതെന്ന് ഡോ. ടി എം തോമസ് ഐസക്. ബിജെപിയിലെത്തിയ ശേഷം ഇരുവരുടെയും അവസ്ഥ ദയനീയമാണെന്ന് അദ്ദേഹം തൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. രണ്ട് പേരുടെയും ഇപ്പോഴത്തെ ഹോബി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തലാണ്. ‘തൂക്കുമന്ത്രിസഭ ഉണ്ടായാൽ കേരളത്തിൽ പ്രസിഡൻഷ്യൽ ഭരണമുണ്ടാകുമെന്ന് ഉദ്യോഗസ്ഥർ ഓർത്തോ’യെന്നുള്ള സെൻകുമാറിന്റെ ഭീഷണിയും ‘പോടാ പുല്ലേ പൊലീസേ’ എന്നു വെല്ലുവിളിക്കുന്ന ശ്രീലേഖയുടെ കാഴ്ച അതീവദയനീയമാണെന്ന് അദ്ദേഹം പറഞ്ഞു. ഇവർ രണ്ടു പേരും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പൊലീസിനെ കേരളത്തിലെ പൊലീസുമായി ഒരുനിമിഷം താരതമ്യപ്പെടുത്തിയിരുന്നെങ്കിൽ ഈ കോമാളി വേഷം കെട്ടില്ലായിരുന്നുവെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
കേരളത്തിലെ പൊലീസ് സേനയെ കൂടുതൽ ജനകീയവും കാര്യക്ഷമവുമാക്കുന്നതിനുള്ള പരിഷ്കാരങ്ങൾ കൊണ്ടുവന്നത് ഇടതുപക്ഷമാണ്. ഡൽഹിയിൽ ഭരിക്കുന്നത് ബിജെപി ആണെന്നതുകൊണ്ട് ആജ്ഞാനുവർത്തികളായ ചില പൊലീസ് ഉദ്യോഗസ്ഥരെ ഉപയോഗപ്പെടുത്തി കേരളത്തിലെ പൊലീസിനെ ഭരിക്കാമെന്നുള്ള ചിന്ത ബിജെപിക്ക് ഉണ്ടെങ്കിൽ അത് നടക്കില്ല. അതുകൊണ്ട് മുൻ ഡിജിപിമാർ വാട്സാപ്പ് വഴിയൊന്നും ഉത്തരവ് ഇറക്കിയിട്ടൊന്നും ഒരു കാര്യവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. നെട്ടയത്ത് അതിക്രമം കാണിച്ച ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്യുമെന്നും സമരം ചെയ്ത് പൊലീസിനെ ഭയപ്പെടുത്താൻ നോക്കുകയും വേണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.