Select Location
All Locations
State
Region
City / District
'ബംഗാൾ തിരഞ്ഞെടുപ്പിൽ വിജയം നേടിയ ശേഷം ഡൽഹി പിടിച്ചെടുക്കും';ബിജെപിയെ വെല്ലുവിളിച്ച് മമത ബാനർജി

'ബംഗാൾ തിരഞ്ഞെടുപ്പിൽ വിജയം നേടിയ ശേഷം ഡൽഹി പിടിച്ചെടുക്കും';ബിജെപിയെ വെല്ലുവിളിച്ച് മമത ബാനർജി

തനിക്ക് അധികാരക്കസേരയോട് മോഹമില്ലെന്നും ഡൽഹിയിൽ ബിജെപി പൂർണ്ണമായും തകരാനാണ് ആഗ്രഹിക്കുന്നതെന്നും മമത ബാനർജി

പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം ഡൽഹി പിടിച്ചെടുക്കുമെന്ന് ബിജെപിയെ വെല്ലുവിളിച്ച് മുഖ്യമന്ത്രി മമത ബാനർജി. ബിജെപിയുടെ തകർച്ചയാണ് താൻ ആഗ്രഹിക്കുന്നതെന്നും ബംഗാളിൽ വിജയിച്ചതിന് ശേഷം കാവി പാർട്ടിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ഡൽഹി പിടിച്ചെടുക്കുമെന്നും വ്യാഴാഴ്ച ചൗരംഗിയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ മമത പറഞ്ഞു. "എ മുതൽ സെഡ് വരെ ബിജെപിയുടെ ദല്ലാളന്മാരായി പ്രവർത്തിക്കുന്ന എല്ലാവരുടെയും പേരുകളും അവരുടെ വീടുകളുടെ വിലാസവും ഞാൻ കുറിച്ചുവെച്ചിട്ടുണ്ട്.
ഞങ്ങളെ നിരീക്ഷിക്കാൻ കഴിയുമെന്നാണോ നിങ്ങൾ കരുതുന്നത്? നിങ്ങൾ പാർട്ടിയിലേക്ക് എടുത്ത ഓരോ വ്യക്തിയെയും അവരുടെ കുടുംബ പശ്ചാത്തലം പരിശോധിച്ചതിന് ശേഷമാണ് ബിജെപി പാളയത്തിൽ എത്തിച്ചത്; ഇതേ മാനദണ്ഡം ഉപയോഗിച്ചുതന്നെയാണ് നിങ്ങൾ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുള്ളതും," പശ്ചിമ ബംഗാൾ മുഖ്യമന്ത്രി പറഞ്ഞു. "ഞങ്ങളെ പരാജയപ്പെടുത്താൻ ബിജെപിക്ക് ശേഷിയില്ല. ഞങ്ങൾ അനീതിക്കെതിരെ പോരാടുന്നു; ഞങ്ങളുടെ അവകാശങ്ങൾക്കായി പോരാടുന്നു. ഞാൻ ബംഗാളിലാണ് ജനിച്ചത്, ഈ ബംഗാളിൽ തന്നെയായിരിക്കും എന്റെ അന്ത്യവും.ബംഗാളിൽ വിജയം ഉറപ്പാക്കിക്കഴിഞ്ഞാൽ എല്ലാ രാഷ്ട്രീയ പാർട്ടികളെയും ഒന്നിപ്പിച്ചു കൊണ്ട് ഞാൻ ഡൽഹി കീഴടക്കും, അത് ഉറപ്പാണ്," മമത കൂട്ടിച്ചേർത്തു.

തനിക്ക് അധികാരക്കസേരയോട് മോഹമില്ല. ഡൽഹിയിൽ ബിജെപി പൂർണ്ണമായും തകരാനാണ് ആഗ്രഹിക്കുന്നത്. ബംഗാളിൽ അവരുടെ തകർച്ച അനിവാര്യമാണെന്നിരിക്കെ, ഡൽഹിയിൽ നിന്നും ബിജെപിയെ പുറത്താക്കണമെന്നും മമത പറഞ്ഞു.

പശ്ചിമ ബംഗാൾ നിയമസഭയിലേക്കുള്ള ഒന്നാം ഘട്ട വോട്ടെടുപ്പ് വ്യാഴാഴ്ച നടന്നു, റെക്കോർഡ് പോളിംഗ് ആയ 91.83 ശതമാനം രേഖപ്പെടുത്തി. ഏപ്രിൽ 29-ന് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണൽ മെയ് 4-ന്.


News18Kerala 1 hour ago
Home Flash News