ജയിക്കാന്‍ 18 അടവും; കൺകഷൻ സബ്സ്റ്റിറ്റ്യൂട്ട് ദുരുപയോഗം ചെയ്തു; മുംബൈയ്ക്ക് എതിരെ ഗുരുതര ആരോപണം
ഐപിഎല്‍ നിയമങ്ങള്‍ പലപ്പോഴും മുംബൈ ഇന്ത്യന്‍സിന് അനുകൂലമാകാറുണ്ടെന്നത് ആരാധകര്‍ക്കിടയിലെ ആക്ഷേപമാണ്. ചെന്നൈ സൂപ്പര്‍ കിങ്സിനെതിരായ മത്സരത്തിനിടെ മുംബൈ കൺകഷൻ സബ്സ്റ്റിറ്റ്യൂട്ട് നിയമത്തെ ദുരുപയോഗം ചെയ്തു എന്നതാണ് പുതിയ ആരോപണം. പരുക്കേറ്റ ഓള്‍റൗണ്ടര്‍ മിച്ചല്‍ സാന്‍റ്നര്‍ക്ക് പകരമായാണ് മുംബൈ ശ്രദ്ധുല്‍ ഠാക്കൂറിനെ കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടായി കൊണ്ടുവന്നത്. ജസ്പ്രിത് ബുമ്രയുടെ പന്തില്‍ കാര്‍ത്തിക് ശര്‍മയുടെ ക്യാച്ചെടുക്കുന്നതിനിടെയാണ് സാന്റ്നർക്ക് പരുക്കേറ്റത്. ഉടനെ മൈതാനം വിട്ട സാന്‍റനര്‍ക്ക് പകരമായി കൺകഷൻ സബ്സ്റ്റിറ്റ്യൂഷന്‍ മുംബൈ ആവശ്യപ്പെടുകയും അനുവദിക്കുകയും ചെയ്തു. സാധാരണ സബ്സ്റ്റിറ്റ്യൂഷനുകളില്‍ നിന്ന് വ്യത്യസ്തമായി, കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂഷനിലൂടെ എത്തുന്ന കളിക്കാരന് മത്സരത്തില്‍ ബൗള്‍ ചെയ്യാനും ബാറ്റ് ചെയ്യാനും സാധിക്കും.
ഒരു കളിക്കാരന് തലയ്ക്കോ കഴുത്തിനോ പരുക്കേല്‍ക്കുകയും തുടര്‍ന്ന് കളിക്കാന്‍ സാധിക്കില്ലെന്ന് മെഡിക്കല്‍ ടീം വിധിക്കുകയും ചെയ്താലാണ് കൺകഷൻ സബ്സ്റ്റിറ്റ്യൂഷന്‍ അനുവദിക്കുക. സാന്‍റ്നര്‍ക്ക് പരുക്കേറ്റത് തോളിനാണ്. മത്സരത്തിനിടെ മുംബൈ ഇന്ത്യൻസ് ഡ്രസ്സിംഗ് റൂമിൽ സാന്‍റനര്‍ തോളിൽ ഐസ് ചെയ്ത് ഇരിക്കുന്നുണ്ടായിരുന്നു. എന്നാല്‍ നാഡിസംബന്ധമായ ലക്ഷണം ചൂണ്ടിക്കാട്ടിയാണ് കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂഷന് അപേക്ഷ നല്‍കിയത്. ഇതാണ് വിവാദത്തിന് തിരികൊളുത്തിയത്. കൺകഷൻ സബ്സ്റ്റിറ്റ്യൂട്ട് സംബന്ധിച്ച ചോദ്യങ്ങള്‍ കോച്ച് മഹേല ജയവര്‍ധനെയും നേരിട്ടു. ക്യാച്ചെടുക്കുന്നതിനിടെ സാന്‍റനറുടെ കഴുത്തിനും തോളിനും പരുക്കേറ്റിരുന്നു എന്നാണ് ജയവര്‍ധനെ പറഞ്ഞത്. ''തലയും കഴുത്തും തോളും ഇടിച്ചാണ് സാന്‍റനര്‍ക്ക് പരിക്കേറ്റത്. സ്കാനിങിന് പോയി തിരിച്ചു വരുമ്പോള്‍ തലകറക്കം അനുഭവപ്പെട്ടു. തോളെല്ലിന് ഐസ് വച്ചിരുന്നെങ്കിലും അദ്ദേഹം സ്ഥിരതയില്ലാത്ത പോലെയായിരുന്നു'' എന്നായിരുന്നു ജയവര്‍ധനെയുടെ മറുപടി.
മത്സരത്തില്‍ ചെന്നൈയോട് മുംബൈ 103 റണ്‍സിനാണ് തോറ്റത്. ചെന്നൈയുടെ 207 റണ്‍സ് പിന്തുടര്‍ന്ന മുംബൈ 104 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു.