2 കൗമാരക്കാരെ ഉൾപ്പെടെ ഏഴ് പേരെ ബലാത്സംഗം ചെയ്ത് HIV ബാധിതരാക്കിയ 43-കാരന് ജീവപര്യന്തം തടവുശിക്ഷ
ന്യൂഡൽഹി: യുകെയിൽ രണ്ട് കൗമാരക്കാരെ ഉൾപ്പെടെ ഏഴ് പേരെ ബോധപൂർവം എച്ച്ഐവി ബാധിതരാക്കിയ 43-കാരന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. 43 കാരനായ ആദം ഹാളിനെയാണ് ക്രൗൺ കോടതി ശിക്ഷിച്ചത്. കുറഞ്ഞത് 23 വർഷം വരെ തടവുശിക്ഷ അനുഭവിക്കണമെന്നാണ് കോടതി ഉത്തരവ്. ക്രൂരമായ പീഡനപരമ്പരയായി കേസിനെ പ്രോസിക്യൂഷൻ വിശേഷിപ്പിച്ചു. 2016 മുതൽ 2023 വരെയുള്ള കാലയളവിലാണ് കുറ്റകൃത്യം നടന്നത്. ഏഴ് പേരെ ബലാത്സംഗം ചെയ്യുകയും മറ്റുള്ളവരെ ബോധപൂർവം പല രീതിയിലൂടെ എച്ച്ഐവി ബാധിതരാക്കുകയും ചെയ്തതിനാണ് ഇയാളെ കുറ്റക്കാരനായി കണ്ടെത്തിയത്. തന്റെ ആരോഗ്യാവസ്ഥയെ കുറിച്ച് ഇയാൾ മറ്റുള്ളവരോട് നിരന്തരം കള്ളം പറഞ്ഞിരുന്നു. രോഗം പകരാതിരിക്കാനുള്ള മരുന്നുകൾ മനഃപൂർവ്വം ഒഴിവാക്കി. പാവപ്പെട്ട യുവാക്കളെയും കുട്ടികളെയും ഇയാൾ ലക്ഷ്യമിട്ടു. ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴിയാണ് ഇയാൾ പരാതിക്കാരുമായി സൗഹൃദത്തിലായത്. 15, 17 വയസുള്ള കൗമാരക്കാരും ഇതിൽ ഉൾപ്പെടുന്നു. ഇയാളുടെ പ്രവൃത്തി ഒരിക്കലും ക്ഷമിക്കാൻ കഴിയാത്തതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. പരാതിക്കാരോട് ഇയാൾ യാതൊരു സഹാനുഭൂതിയും കാണിച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.
2010-ലാണ് പ്രതിക്ക് എച്ച്ഐവി സ്ഥിരീകരിച്ചത്. ചികിത്സ ആവശ്യമാണെന്ന് ആരോഗ്യവിദഗ്ദർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടും ഇയാൾ അതെല്ലാം അവഗണിച്ചു. ബലാത്സംഗ കുറ്റങ്ങളോടൊപ്പം മയക്കുമരുന്ന് വിതരണം ചെയ്ത കേസിലും ഇയാൾ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഒരാളെ ആക്രമിക്കുന്നതിന് മുമ്പ് ഇയാൾ മയക്കുമരുന്ന് നൽകിയെന്നും വ്യക്തമായിട്ടുണ്ട്.