Select Location
All Locations
State
Region
City / District
രാജ്യസഭയിൽ എഎപിയെ ബിജെപിയിൽ ലയിപ്പിച്ച് ഛദ്ദ; പഞ്ചാബ് കൂടി കവർന്നെടുക്കുമോ

രാജ്യസഭയിൽ എഎപിയെ ബിജെപിയിൽ ലയിപ്പിച്ച് ഛദ്ദ; പഞ്ചാബ് കൂടി കവർന്നെടുക്കുമോ

രാജ്യത്ത് ഒരുപാട് രാഷ്ട്രീയ പാർട്ടികൾ രൂപീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും അതിൽനിന്നെല്ലാം വ്യത്യസ്തമായിരുന്നു ആം ആദ്മി പാർട്ടിയുടെ പിറവിയും അതിന്റെ തുടക്കകാലവും. അഴിമതി വിരുദ്ധ പ്രവർത്തനങ്ങളിലൂടെ സജീവമായതിന് ശേഷം 2012-ലാണ് അരവിന്ദ് കെജരിവാളും ഒരു സംഘം ആളുകളും ആം ആദ്മി പാർട്ടി രൂപീകരിച്ചത്. ഏത് സാധാരണക്കാരനും രാഷ്ട്രീയത്തിൽ പ്രവേശിച്ച് നിലവിലെ വ്യവസ്ഥിതി മാറ്റാൻ കഴിയുമെന്നതിന്റെ അത്ഭുതകരമായ ഉദാഹരണമായി ആം ആദ്മി പാർട്ടിയുടെ പിറവി ചൂണ്ടിക്കാട്ടപ്പെട്ടു. തുടക്കം സുവർണകാലമായിരുന്നെങ്കിലും കാലം അതിനെ ദയനീമായ ഒരു ശോച്യാവസ്ഥയിലേക്കാണ് എത്തിച്ചിരിക്കുന്നത്.

ഒരുകാലത്ത് പാർട്ടിയുടെ മുഖമായ രാജ്യസഭാ എം.പി. രാഘവ് ഛദ്ദയും മറ്റ് ആറ് എം.പി.മാരും ബി.ജെ.പി.യിൽ ലയിക്കുമെന്ന് നടത്തിയ പ്രഖ്യാപനം കെജരിവാളിന്റെ പാർട്ടിക്കുണ്ടായ ഏറ്റവും ഒടുവിലത്തെ തിരിച്ചടിയാണ്. വ്യക്തിപരമായ ഒരു വിടവാങ്ങലിനപ്പുറം കൃത്യമായ പാർലമെന്ററി നീക്കംകൂടിയാണ് രാഘവ് ഛദ്ദയുടെ രാജി. എഎപിയിലെ പത്ത് രാജ്യസഭാ അംഗങ്ങളിൽ ഏഴ് പേരും ബിജെപിയി ചേരുമെന്നാണ് അറിയിച്ചിരിക്കുന്നത്. അയോഗ്യത ഒഴിവാക്കാൻ കൂറുമാറ്റ നിരോധന നിയമത്തിലെ 'മൂന്നിൽ രണ്ട്' ലയന വ്യവസ്ഥയെ ഫലപ്രദമായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

രാജ്യസഭയിലെ തിരിച്ചടിക്കൊപ്പം പഞ്ചാബിൽ അധികാരത്തിൽ വന്നതിനുശേഷം ആം ആദ്മി പാർട്ടി നേരിട്ട ഏറ്റവും ഗുരുതരമായ ആഭ്യന്തര പ്രതിസന്ധിക്കും രാഘവ് ഛദ്ദയും അദ്ദേഹത്തിന്റെ കൂടിയുള്ള എംപിമാരും ചേർന്ന് തുടക്കമിട്ടിട്ടുണ്ട്. പാർലമെന്ററി തലത്തിലുള്ള ഈ വിള്ളൽ പഞ്ചാബ് നിയമസഭയിലെ പാർട്ടിയുടെ 92 എംഎൽഎമാർക്കിടയിൽ ഒരു കലാപമായി മാറുമോ എന്നതാണ് ഇപ്പോൾ ഉയരുന്ന ഏറ്റവും വലിയ രാഷ്ട്രീയ ചോദ്യം. പഞ്ചാബിൽ ഓപ്പറേഷൻ ലോട്ടസ് ആരംഭിച്ചെന്നും രാഘവ് ഛദ്ദയെ ഒരു 'ഉപകരണമായി' ഉപയോഗിച്ച് ബിജെപി പിളർപ്പ് സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും എഎപി നേതാക്കൾ ആരോപിക്കുന്നു. നിലവിൽ ഭഗവന്ത് മൻ സർക്കാരിന് ഭീഷണിയില്ലെങ്കിലും ഛദ്ദയിലൂടെ ബിജെപി നടത്താനിടയുള്ള നീക്കങ്ങൾ എഎപി നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നുണ്ട്.

രാഘവ് ഛദ്ദയ്ക്ക് പകരക്കാനായി എഎപിയുടെ രാജ്യസഭാ ഡെപ്യൂട്ടി ലീഡറായി നിയോഗിച്ച അശോക് കുമാർ മിത്തലും ഇന്ന് ബിജെപിയിൽ ചേർന്നവരിൽ ഉൾപ്പെടുന്നുവെന്നതാണ് ശ്രദ്ധേയം. അദ്ദേഹത്തിനെതിരെ 10 ദിവസം മുമ്പ് ഇഡി റെയ്ഡ് നടന്നിരുന്നുവെന്നതാണ് മറ്റൊരു കൗതുകം. പഞ്ചാബിലെ നിരവധി എംഎൽഎമാർ ഇതിനോടകം ഇഡി അന്വേഷണം നേരിടുന്നവരുമാണ്. ഏപ്രിൽ രണ്ടിന് എഎപി നേതൃത്വം രാജ്യസഭയിലെ പാർട്ടിയുടെ ഡെപ്യൂട്ടി നേതാവായിരുന്ന ഛദ്ദയെ പെട്ടെന്ന് പുറത്താത്തിയതോടെയാണ് ആഭ്യന്തര ഭിന്നത പരസ്യമായത്. പിന്നാലെ ഛദ്ദയ്‌ക്കെതിരെ എഎപി നേതാക്കൾ സംഘടിതമായി ആക്രമണം നടത്തുമ്പോൾ മറുഭാഗത്ത് വിമത പക്ഷം രഹസ്യമായി അംഗബലം ഉറപ്പിക്കുകയായിരുന്നു. മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉറപ്പാക്കാനാണ് നീക്കം ഇത്രയും ദിവസം വൈകിപ്പിച്ചതെന്നാണ് സൂചന. നേരത്തെ രാജിവെച്ചിരുന്നെങ്കിൽ, അവർ അയോഗ്യരാവുകയും പിന്നീട് ഉപതിരഞ്ഞെടുപ്പ് നേരിടേണ്ടിയും വരുമായിരുന്നു.

ലയനം ബിജെപിക്ക് വലിയ മുന്നേറ്റം നൽകുമ്പോൾ എഎപിക്ക് അവരുടെ നിലനിൽപ്പ് തന്നെ ഭീഷണിയിലാക്കിയിട്ടുണ്ട്. പാർട്ടിയുടെ പത്ത് രാജ്യസഭാഅംഗങ്ങളിൽ മൂന്നുപേർ മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്: സഞ്ജയ് സിംഗ്, ബൽബീർ സിംഗ് സിചെവാൾ, എൻഡി ഗുപ്ത. പുറത്തുപോയ ഏഴുപേരിൽ ആറുപേരും പഞ്ചാബിൽ നിന്നുള്ള എംപിമാരായിരുന്നു. ഭരണം നടത്തുന്ന സംസ്ഥാനത്ത് പാർട്ടിക്ക് ഇനി ഒരു രാജ്യസഭാ പ്രതിനിധി മാത്രമേയുള്ളൂ, പഞ്ചാബിൽ തിരഞ്ഞെടുപ്പിന് വെറും 10 മാസങ്ങൾ മാത്രം അകലെയാണ്. പഞ്ചാബിൽ ഇതിന്റെ പ്രതിഫലനം എങ്ങനെയായിരിക്കുമെന്നും വരുംനാളുകളിൽ കണ്ടറിയാം. ഡൽഹിയിൽ തകർന്നടിഞ്ഞ ശേഷം പഞ്ചാബിൽ മാത്രമാണ് ആംആദ്മി പാർട്ടിക്ക് നിലവിൽ വേരോട്ടമുള്ളത്.


Mathrubhumi News 1 hour ago
Home Flash News