ഇടതിനൊപ്പം! ബേപ്പൂരിൽ മുഹമ്മദ് റിയാസിനൊപ്പം പ്രചാരണത്തിന് താനുമുണ്ടാകുമെന്ന് എഴുത്തുകാരൻ പാറക്കടവ്
ബേപ്പൂരിൽ ഇത്തവണ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് താനും ഉണ്ടാകുമെന്ന് എൽഡിഎഫ് സ്ഥാനാർഥി പിഎ മുഹമ്മദ് റിയാസിന് ഉറപ്പു നൽകി എഴുത്തുകാരൻ പി കെ പാറക്കടവ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി രാവിലെ എഴുത്തുകാരനും മാധ്യമം മുൻ പീരിയോഡിക്കൽസ് എഡിറ്ററുമായ പാറക്കടവിന്റെ വീട്ടിൽ എത്തിയതായിരുന്നു മുഹമ്മദ് റിയാസ്. 2021 മുതൽ ബേപ്പൂർ മണ്ഡലത്തെ കേരള നിയമസഭയിൽ പ്രതിനിധീകരിക്കുന്ന പൊതുമരാമത്ത് , വിനോദസഞ്ചാര വകുപ്പ് മന്ത്രിയായ റിയാസ് ഇത് തുടർച്ചയായ രണ്ടാം തവണയാണ് ബേപ്പൂരിൽ നിന്നും ജനവിധി തേടുന്നത്.
സാംസ്കാരിക പരിപാടികൾക്കല്ലാതെ സാധാരണ താൻ പ്രചാരണത്തിന് ഇറങ്ങാറില്ല. പക്ഷേ ഇത്തവണ ഇറങ്ങും. കാരണം അത്രമാത്രം മാറ്റങ്ങളാണ് ബേപ്പൂരിൽ റിയാസ് കൊണ്ടുവന്നത്. മാത്രമല്ല ആദ്യകാലം മുതൽ തന്നെ ഫാസിസ്റ്റ് വിരുദ്ധ നിലപാടുള്ള വ്യക്തിയെന്ന നിലയിൽ വളരെ കാലം മുമ്പേ റിയാസിനെ മനസ്സിലാക്കിയിട്ടുണ്ട്. ഡിവൈഎഫ്ഐയുടെ അഖിലേന്ത്യാ പ്രസിഡൻ്റായിരിക്കുന്ന കാലത്തേ റിയാസുമായി നേരിട്ട് ബന്ധമുണ്ട് . ഇത്തവണയും ബേപ്പൂരിൽ മുഹമ്മദ് റിയാസ് വലിയ ഭൂരിപക്ഷത്തോടെ ജയിക്കുമെന്നും പികെ പാറക്കടവ് പറഞ്ഞു.