കോംഗോ പരീക്ഷണവും വിജയിച്ച് കൊളംബിയ; നോക്കൗട്ടിൽ പ്രവേശിച്ചു
മെക്‌സിക്കോ സിറ്റി: ഫിഫ ലോകകപ്പ് ഗ്രൂപ്പ് കെയിലെ നിർണ്ണായകമായ മത്സരത്തിൽ കോംഗോയെ ഏകപക്ഷീയമായ ഒരു ഗോളിന് തകർത്ത് കൊളംബിയ നോക്കൗട്ടിൽ പ്രവേശിച്ചു. ആദ്യമത്സരത്തിൽ പോർച്ചുഗലിനെ സമനിലയിൽ തളച്ച കോംഗോ കൊളംബിയയോട് പൊരുതിന്നെങ്കിലും 76-ാംമിനിറ്റിൽ ഡാനിയൽ മുനോസ് നേടിയ ഗോളിൽ പരാജയം ഏറ്റുവാങ്ങി. ഗ്രൂപ്പ് കെയിൽ കൊളംബിയ ഒന്നാം സ്ഥാനത്തേക്ക് മുന്നേറുകയും ചെയ്തു.
അന്താരാഷ്ട്ര ഫുട്‌ബോളിൽ ഇരുരാജ്യങ്ങളും ആദ്യമായിട്ടാണ് നേർക്കുനേർ വന്നത്. ആദ്യ മത്സരത്തിൽ 3-1 ഉസ്ബകിസ്താനെ പരാജയപ്പെടുത്തിയ കൊളംബിയ ഇന്നത്തെ വിജയത്തോടെ അടുത്ത റൗണ്ടിലേക്ക് പ്രവേശനം നേടി.
കോംഗോ ഗോൾകീപ്പർ ലയണൽ എംപാസി മികച്ച സേവുകളിലൂടെ കൊളംബിയയെ ദീർഘനേരം തടഞ്ഞുനിർത്തിയെങ്കിലും ഒടുവിൽ മുനോസിലൂടെ കൊളംബിയ പൂട്ട് തകർക്കുകയായിരുന്നു. മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ കോംഗോ ഭാഗത്ത് കടുത്ത പരീക്ഷണങ്ങൾ നേരിട്ടെങ്കിലും കൊളംബിയൻ ഗോൾകീപ്പർ കമിലോ വർഗാസിന്റെ മികച്ച സേവുകൾ കൊളംബിയക്ക് ലീഡ് നിലനിർത്തിക്കൊടുത്തു.