Select Location
All Locations
State
Region
City / District
ചെല്ലാനത്തെ രണ്ടാംഘട്ട ടെട്രാപോഡ് കടൽഭിത്തി നിർമാണം അട്ടിമറിക്കാൻ യുഡിഎഫ് സർക്കാർ നീക്കം

ചെല്ലാനത്തെ രണ്ടാംഘട്ട ടെട്രാപോഡ് കടൽഭിത്തി നിർമാണം അട്ടിമറിക്കാൻ യുഡിഎഫ് സർക്കാർ നീക്കം

ചെല്ലാനത്തെ രണ്ടാംഘട്ട ടെട്രാപോഡ് കടൽഭിത്തി നിർമാണം അട്ടിമറിക്കാൻ ശ്രമിച്ച് യുഡിഎഫ് സർക്കാർ. പുത്തൻതോട് മുതൽ മാനാശേരി വരെ നൂറുകണക്കിന് കുടുംബങ്ങളുടെ ദുരിതത്തിന് ആശ്വാസമാകേണ്ട പദ്ധതിയാണ് ഇല്ലാതാക്കാൻ ശ്രമിക്കുന്നത്. കിഫ്‌ബി പ്രവർത്തനം അവസാനിപ്പിക്കുന്ന സാഹചര്യത്തിൽ രണ്ടാംഘട്ട നിർമാണം പ്രതിസന്ധിയിലാകും.

ചെല്ലാനം നിവാസികളുടെ പതിറ്റാണ്ടുകൾ നീണ്ട ദുരിതത്തിന് പരിഹാരമായാണ് എൽഡിഎഫ് സർക്കാർ ടെട്രാപോഡ് കടൽത്തി നിർമ്മാണം തുടങ്ങിയത്. ചെല്ലാനം ഹാർബർ മുതൽ പുത്തൻതോട് വരെ 7.32 കിലോമീറ്ററിൽ ആദ്യ ഘട്ട ടെട്രാപോഡ് കടൽഭിത്തി നിർമ്മിച്ചിരുന്നു. കിഫ്ബി മുഖേന 340 കോടി രൂപ ചെലവിട്ടാണ് നിർമാണം പൂർത്തിയാക്കിയത്. പുത്തൻതോട് മുതൽ മാനാശേരി ഫിഷിങ് ഗ്യാപ്പുവരെ 6.1 കിലോമീറ്ററിൽ രണ്ടാം ഘട്ട ടെട്രാപോഡ് കടൽഭിത്തി നിർമിച്ചാൽ മാത്രമേ ഈ പ്രദേശത്തെ ജനങ്ങളുടെ ദുരിതത്തിന് പരിഹാരമാകൂ. ടെട്രാപോഡ് നിർമ്മാണം പൂർത്തിയായ സ്ഥലങ്ങളിൽ ദുരിത്തിന് പരിഹാരമായി എന്നും കടൽക്ഷോഭത്തിൽ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത് തങ്ങളാണെന്നും പുത്തൻതോട് നിവാസികൾ പറയുന്നു.

പുത്തൻ തോട് ബീച്ചിനു സമീപം പുലിമുട്ട് ഉൾപ്പെടെ രണ്ടാം ഘട്ടത്തിൽ നിർമ്മിക്കണം. ഇതിനായി 404 കോടി രൂപ എൽഡിഎഫ് സർക്കാർ കിഫ്ബിയിൽ നിന്നും വകയിരുത്തി. സാങ്കേതിക അനുമതി മാത്രമായിരുന്നു ബാക്കി. പുത്തൻതോട് മുതൽ വടക്കോട്ടുള്ള ഭാഗത്ത് ജിയോ ബാഗ് ഉപയോഗിച്ചാണ് കടൽ വെള്ളത്തെ താൽക്കാലികമായി തടഞ്ഞുനിർത്തുന്നത്. എന്നാൽ ഇതുകൊണ്ടൊന്നും ശാശ്വത പരിഹാരം ആകില്ലെന്നും നാട്ടുകാർ പറയുന്നു. രണ്ടാംഘട്ടത്തിൻ്റെ സാങ്കേതിക അനുമതിക്കായി യുഡിഎഫ് സർക്കാർ ശ്രമിക്കുന്നില്ലെന്നു മാത്രമല്ല കിഫ്‌ബിയുടെ പ്രവർത്തനം തന്നെ അവസാനിപ്പിക്കാനാണ് നീക്കം. കേരളത്തിലും കേന്ദ്രത്തിലും ഒരേ സമയം അധികാരത്തിൽ ഉണ്ടായിരുന്ന കാലത്തു പോലും ചെല്ലാനം നിവാസികളെ അവഗണിച്ചതാണ് കോൺഗ്രസ് ചരിത്രം.


Kairali News 3 hours ago
Home Flash News