Select Location
All Locations
State
Region
City / District
Exclusive| ശബരിമല മേൽശാന്തി നിയമനത്തിന് വ്യാജരേഖ; മുൻ ദേവസ്വം ബോർഡ് അധ്യക്ഷന്റെ വാക്കുകൾ ശരിയോ?

Exclusive| ശബരിമല മേൽശാന്തി നിയമനത്തിന് വ്യാജരേഖ; മുൻ ദേവസ്വം ബോർഡ് അധ്യക്ഷന്റെ വാക്കുകൾ ശരിയോ?

ടോം കുര്യാക്കോസ്

ഇല്ലാത്ത യോഗ്യത അവകാശപ്പെട്ട് വ്യാജരേഖ ചമച്ച് ഐ എ എസ് ഉൾപ്പടെ സർക്കാർ ജോലിയിലും മറ്റും നിയമനം നേടിയെടുത്തത് നാം കേട്ടിട്ടുണ്ട്. എന്നാൽ ഇതാ വിശ്വാസികൾ പവിത്രമായി കരുതുന്ന ശബരിമല മേൽശാന്തി നിയമനത്തിനും വ്യാജരേഖ ചമച്ചതായി തെളിവുകൾ. നിലവിലെ ശബരിമല മേൽശാന്തി ഇ ഡി പ്രസാദ് ആ ചുമതലയിലെത്തിയത് വ്യാജരേഖ ചമച്ചെന്ന് വ്യക്തമാക്കുന്ന രേഖകൾ ന്യൂസ് 18 പുറത്തുവിട്ടു. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാർ നൽകിയ സൂചനകൾ സാധൂകരിക്കുന്ന തെളിവുകൾ ആണ് പുറത്തുവന്നത്.

സംസ്ഥാനത്തെ ഏറ്റവും പ്രമുഖ ക്ഷേത്രങ്ങളിൽ മുൻ നിരയിലുള്ള തിരുവിതാകൂർ ദേവസ്വം ബോർഡിനു കീഴിലെ ശബരിമല അയ്യപ്പ ക്ഷേത്രത്തിലെ മേൽശാന്തി നിയമനം ദൈവനിയോഗമെന്നാണ് വിശ്വാസം.മാനുഷികമായ ഇടപെടലുകൾക്ക് സ്ഥാനമില്ലെന്നും അയ്യപ്പസ്വാമിയുടെ ഇഷ്ടം പ്രതിഫലിക്കുന്നു എന്നുമാണ് വിശ്വസിക്കുന്നത്. അപേക്ഷകരിൽ നിന്നും അഭിമുഖം വഴി യോഗ്യത നേടുന്നവരിൽ നിന്ന് ചിങ്ങമാസത്തിൽ നടക്കുന്ന നറുക്കെടുപ്പിലൂടെയാണ് വൃശ്ചിക മാസത്തിൽ മേൽശാന്തിയെ നിയമിക്കുന്നത്. അടുത്ത തീർത്ഥാടന കാലം വരെ ഒരു വർഷത്തേക്ക് സന്നിധാനത്ത് താമസിച്ച് പൂജ ചെയ്യുന്ന പുറപ്പെടാശാന്തിയാണ്. അയ്യപ്പ ചൈതന്യമുള്ള ദൈവിക പരിവേഷത്തോടെയാണ് മലയിറങ്ങുന്നത്.

പൂജാദി കർമങ്ങളിലെ അവഗാഹവും അനുഭവപരിചയവും മാത്രമല്ല അയ്യപ്പനെ സേവിക്കാനെത്തുന്ന വ്യക്തി, യോഗി തുല്യനായിരിക്കണമെന്ന സങ്കൽപത്തിലാണ് തിരുവിതാകൂർ ദേവസ്വം ബോർഡ് ഈ ചട്ടങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. മലയാള ബ്രാഹ്മണർക്ക് മാത്രമാണ് അപേക്ഷിക്കാൻ യോഗ്യത ദിവസേന മൂന്ന് പൂജകൾ നടക്കുന്ന ക്ഷേത്രങ്ങളിൽ 10 വർഷം തുടർച്ചയായി മേൽശാന്തി ആകണമെന്നാണ് പ്രധാന മാനദണ്ഡങ്ങളിലൊന്ന്. വ്യക്തി സമർപ്പിക്കുന്ന വിവരങ്ങൾ അതേപടി അംഗീകരിക്കുകയല്ല, ഇഴകീറി പരിശോധിച്ച് പോലീസും വിജിലൻസും നൽകുന്ന ശുപാർശയിലാണ് നിയമനം. എന്നാൽ മൂന്ന് പൂജകൾ ഉള്ള ക്ഷേത്രങ്ങളിൽ 10 വർഷം തുടർച്ചയായി മേൽശാന്തി ആകണമെന്ന മാനദണ്ഡം കാറ്റിൽ പറത്തിയാണ് പ്രസാദ് മേൽശാന്തിയായത്. ഇ ഡി പ്രസാദ് വ്യാജരേഖ ചമച്ചതിൽ കൊച്ചിൻ ദേവസ്വം ബോർഡ്‌ അധികൃതരുടെ ഒത്താശ ഉണ്ടായെന്നും തെളിവുകൾ വ്യക്തമാക്കുന്നു.

മേൽശാന്തിയാകാനുള്ള അപേക്ഷയിൽ ഇ ഡി പ്രസാദ് എഴുതി നൽകിയിരിക്കുന്നത് ഇങ്ങനെ. വിവിധ ക്ഷേത്രങ്ങളിലെ 15 വർഷക്കാലത്തെ മേൽശാന്തി പരിചയമാണ് വിവരിക്കുന്നത്. ഇതിൽ രണ്ട് കാലഘട്ടങ്ങളിൽ കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലെ ചോറ്റാനിക്കര ക്ഷേത്രത്തിൽ മേൽശാന്തിയായിട്ടുണ്ടെന്നാണ് ഇ ഡി പ്രസാദ്, തിരുവിതാംകൂർ ദേവസ്വം ബോർഡിന് സമർപ്പിച്ച രേഖകളിലുള്ളത്. കൊച്ചി ദേവസ്വം അസി.കമ്മീഷണർ രണ്ട് തവണ നൽകിയ അനുഭവ പരിചയ റിപ്പോർട്ടിലും ഇത് ശരിവയ്ക്കുന്നു. ചോറ്റാനിക്കരയിൽ രണ്ട് ക്ഷേത്രങ്ങളാണ് ഉള്ളത്. നിത്യേന മൂന്ന് പൂജ നടക്കുന്ന മേൽക്കാവും രണ്ട് പൂജ നടക്കുന്ന കീഴ്ക്കാവും. ഇ ഡി പ്രസാദ് മേൽശാന്തിയായിരുന്നത് കീഴ്കാവിലാണ്. ചോറ്റാനിക്കര ദേവസ്വം അധികൃതർ നൽകിയ വിവരാവകാശ മറുപടിയിൽ ഇത് വ്യക്തം.

പ്രസാദ് അപേക്ഷയിൽ എഴുതി നല്കിയിരിക്കുന്നത് ചോറ്റാനിക്കര ക്ഷേത്രമെന്ന് മാത്രമാണ്. കീഴ്കാവെന്ന് സൂചിപ്പിച്ചിട്ടില്ല. എന്നാൽ കൊച്ചിൻ ദേവസ്വം ബോർഡ് നൽകിയ പരിചയ സർട്ടിഫിക്കറ്റിൽ ഇത് മേൽക്കാവായി മാറി. 2022 മുതൽ ശബരിമല മേൽശാന്തിയാകുന്നത് വരെ പ്രസാദ് സേവനം ചെയ്ത തൃശൂർ ആറേശ്വരം ക്ഷേത്രത്തിലും രണ്ട് പൂജകൾ മാത്രമാണ് ഉള്ളത്. ഇതും മാനദണ്ഡം പൂർണമായും ലംഘിക്കുന്നതാണ്. അതായത് മൂന്ന് പൂജകളുള്ള ക്ഷേത്രത്തിൽ തുടർച്ചയായി 10 വർഷം മേൽ ശാന്തിയായിരിക്കണമെന്ന, ശബരിമല മേൽശാന്തി നിയമനത്തിന് അപേക്ഷിക്കാനുളള പ്രാഥമിക യോഗ്യത അദ്ദേഹത്തിനില്ല.

എന്നാൽ ചോറ്റാനിക്കര പ്രധാന ക്ഷേത്രത്തിൽ പ്രസാദ് നമ്പൂതിരി മേൽശാന്ത്രിയായിരുന്നുവെന്ന് ദേവസ്വം ബോർഡ് അംഗീകരിച്ചു നൽകുന്നു. ഇത് ദേവസ്വം ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജരേഖ ഉണ്ടാക്കിയെന്ന് വ്യക്തമാണ്. ശബരിമല മേൽശാന്തി തിരഞ്ഞെടുപ്പിന് മുൻപ് പരിശോധന നടത്തിയവരും ഇന്റർവ്യൂ ബോർഡിൽ ഉണ്ടായിരുന്നവരും ഈ തിരിമറി തിരിച്ചറിയാതെ പോയതാണോ അതോ ഉന്നത ഇടപെടൽ കാരണം കണ്ണടച്ചതാണോയെന്നാണ് പരിശോധിക്കേണ്ട‌ത്.

നിയമനത്തിന്റെ മാനദണ്ഡങ്ങൾ പൂർണമായും അട്ടിമറിച്ച് മേൽശാന്തി ചുമതലയിൽ എത്താൻ ഇ ഡി പ്രസാദിന് ആരൊക്കെ കൂട്ടുനിന്നിട്ടുണ്ട്, ദേവസ്വം അധികൃതരുടെ ഒത്താശ ഉണ്ടായിട്ടുണ്ടോ എന്നതടക്കം പുറത്തുവരാനിരിക്കുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്.


News18Kerala 3 hours ago
Home Flash News