കൊല്ലത്തും ഷിഗെല്ല; ആറ് വയസുകാരന് രോഗം സ്ഥിരീകരിച്ചു
കൊല്ലം: കേരളത്തിൽ ആശങ്കയുണർത്തി കോഴിക്കോടിനും വയനാടിനും പിന്നാലെ കൊല്ലം ജില്ലയിലും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കടുത്ത വയറിളക്കത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ആറ് വയസുകാരനാണ് പരിശോധനയിൽ രോഗം സ്ഥിരീകരിച്ചത്. കുട്ടിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നാണ് വിവരം. എന്നാൽ കുട്ടിയുടെ രോഗത്തിന്റെ ഉറവിടം എവിടെ നിന്നാണെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഇതിനായുള്ള വിശദമായ പരിശോധനകൾ ആരംഭിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. കൊല്ലം ജില്ലയിൽ സമാനമായ രോഗലക്ഷണങ്ങളോടെ മറ്റ് ചിലരെക്കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചനകൾ.
ഇതിനിടെ, എട്ട് വിദ്യാർത്ഥികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ച വയനാട് ജില്ലയിൽ കനത്ത ജാഗ്രത തുടരുകയാണ്. മുൻകരുതലിന്റെ ഭാഗമായി ജില്ലയിലെ 13 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അധികൃതർ അവധി പ്രഖ്യാപിച്ചു. രോഗം ബാധിച്ച കുട്ടികളുമായി പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ള മറ്റ് കുട്ടികൾ പഠിക്കുന്ന സ്കൂളുകൾക്കാണ് അവധി നൽകിയിട്ടുള്ളത്. ഈ സാഹചര്യത്തിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് കർശന നിർദ്ദേശം നൽകി. ഷിഗെല്ല പടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ കർശനമായ മുൻകരുതലുകൾ പാലിക്കണമെന്ന് ആരോഗ്യവിഭാഗം മുന്നറിയിപ്പ് നൽകുന്നുണ്ട്. കുട്ടികളുമായുള്ള അനാവശ്യ യാത്രകൾ, പൊതുചടങ്ങുകളിലെ പങ്കാളിത്തം, ബന്ധുവീടുകളിലെ സന്ദർശനം എന്നിവ നിലവിൽ പൂർണ്ണമായും ഒഴിവാക്കേണ്ടതാണ്. കുടിക്കാൻ തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ ഉപയോഗിക്കാവൂ എന്നും അത് ക്ലോറിനേറ്റ് ചെയ്തതാണെന്ന് ഉറപ്പുവരുത്തണമെന്നും നിർദ്ദേശമുണ്ട്. പനി, വയറിളക്കം, കടുത്ത വയറുവേദന, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ യാതൊരു കാരണവശാലും സ്വയംചികിത്സയ്ക്ക് മുതിരാതെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തി വിദഗ്ദ്ധ ചികിത്സ തേടേണ്ടതാണെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു.