Select Location
All Locations
State
Region
City / District
കാഫിർ സ്ക്രീൻഷോട്ട്: കുറ്റം സമ്മതിക്കാൻ പോലീസ് ഭീഷണിപ്പെടുത്തുന്നുവെന്ന് ഡിവൈഎഫ്ഐ

കാഫിർ സ്ക്രീൻഷോട്ട്: കുറ്റം സമ്മതിക്കാൻ പോലീസ് ഭീഷണിപ്പെടുത്തുന്നുവെന്ന് ഡിവൈഎഫ്ഐ

കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് കേസിൽ അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നുവെന്നും കുറ്റംസമതിക്കാൻ ഭീഷണിപ്പെടുത്തുന്നുവെന്നും ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാകമ്മിറ്റി. യുഡിഎഫ് സർ‌ക്കാർ അധികാരത്തിലെത്തിയതിനു ശേഷം എസ്ഐടിയെ കേസ് ഏൽപ്പിച്ചു. ഇതോടെ കൃത്യമായ രാഷ്ട്രീയലക്ഷ്യം വെച്ച് എസ്ഐടി പ്രവർത്തിക്കുകയാണെന്നും ഡിവൈഎഫ്ഐ നേതൃത്വം വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

വടകരയിൽ തിരഞ്ഞെടുപ്പിന്റെ ഭാഗമായി രൂപീകരിച്ച ‘വടകര സ്ക്വാഡ്’ എന്ന ഗ്രൂപ്പിൽ ഉള്ള അംഗങ്ങളെ ഇപ്പോൾ എല്ലാ ദിവസവും വിളിപ്പിക്കുകയും അവരെ ഭീഷണിപ്പെടുത്തുകയും കുറ്റവാളികളാക്കി സമൂഹത്തിന് മുൻപിൽ ചിത്രീകരിക്കുകയുമാണ് ചെയ്യുന്നത്. കൂടാതെ കുറ്റം സമ്മതിച്ചാൽ നിങ്ങളെ വിടാമെന്നും പറഞ്ഞ് സമ്മർദം ചെലുത്തുകയാണെന്നും നേതാക്കൾ ആരോപിച്ചു. അന്വേഷണത്തിന്റെ ഭാഗമായി വിളിപ്പിക്കുന്നവരുടെ വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകുകയും പറയാത്ത കാര്യങ്ങൾ പറഞ്ഞു എന്ന നിലയിൽ മാധ്യമങ്ങൾ വാർത്ത കൊടുക്കുകയും ചെയ്യുകയാണ്. പോലീസ് ഇത് നിഷേധിക്കുന്നില്ലെന്നും നേതാക്കൾ ആരോപിച്ചു. ഫോണുകൾ പിടിച്ചുവെക്കുകയും, ദീർഘനേരം അവരെ മാധ്യമ ശ്രദ്ധ കിട്ടാൻ അവിടെ ഇരുത്തിക്കുകയും ചെയ്യുകയാണെന്നും നേതാക്കൾ പറഞ്ഞു.

കാഫിർ സ്ക്രീൻഷോട്ട് വിഷയത്തിൽ ഏത് അന്വേഷണത്തോടും ഡിവൈഎഫ്ഐ സഹകരിക്കും. ഡിവൈഎഫ്ഐയെ പ്രതിക്കൂട്ടിൽ നിർത്താനുള്ള ശ്രമമാണ് നടത്തുന്നത്. അന്വേഷണം തെറ്റായദിശയിലാണെന്ന് സംശയമുണ്ട്. യുഡിഎഫും യൂത്ത് കോൺഗ്രസും രചിക്കുന്ന തിരക്കഥ അനുസരിച്ചാണ് എസ്ഐടി പ്രവർത്തിക്കുന്നതെങ്കിൽ ശക്തമായ സമര പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും നേതാക്കൾ പറഞ്ഞു.


News18Kerala 1 hour ago
Home Flash News