Select Location
All Locations
State
Region
City / District
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ വൻ സുരക്ഷാവീഴ്ച: ശ്രീകോവിലിനുള്ളിൽ നിന്ന് അമൂല്യമായ ‘വൈരനാമ’വും 78 ഗ്രാം സ്വർണവും കാണാനില്ലെന്ന് റിപ്പോർട്ട്

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ വൻ സുരക്ഷാവീഴ്ച: ശ്രീകോവിലിനുള്ളിൽ നിന്ന് അമൂല്യമായ ‘വൈരനാമ’വും 78 ഗ്രാം സ്വർണവും കാണാനില്ലെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് സ്വർണവും വജ്രവുമടക്കമുള്ള അമൂല്യവസ്തുക്കൾ കാണാതായതായി പോലീസ് കണ്ടെത്തൽ. ക്ഷേത്രത്തിലെ സുരക്ഷാസംവിധാനങ്ങളിൽ ഗുരുതര വീഴ്ചയുണ്ടെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന പോലീസ് മേധാവി ആഭ്യന്തര സെക്രട്ടറിക്ക് റിപ്പോർട്ട് നൽകി. ഇന്റലിജൻസ് മേധാവി നൽകിയ രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഡിജിപി സർക്കാരിന് ഈ റിപ്പോർട്ട് കൈമാറിയത്. ശ്രീകോവിലിനുള്ളിൽ അതീവ സുരക്ഷിതമായി സൂക്ഷിക്കേണ്ട വജ്രം പതിച്ച ‘വൈര നാമം’ ഉൾപ്പെടെയുള്ളവയാണ് ദുരൂഹ സാഹചര്യത്തിൽ അപ്രത്യക്ഷമായിരിക്കുന്നത്. ആറുമാസം മുൻപ് അറ്റകുറ്റപ്പണികൾക്കായി ഇത് കൊണ്ടുപോയെന്നാണ് രേഖകളിലുള്ളതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഭക്തർ വഴിപാടായി സമർപ്പിച്ച സ്വർണശേഖരത്തിൽ വലിയ അളവിൽ (ഏകദേശം 78 ഗ്രാം) കുറവുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. അറ്റകുറ്റപ്പണിക്കെന്ന പേരിൽ കൊണ്ടുപോയ സ്വർണവിളക്ക് ആറുമാസം കഴിഞ്ഞിട്ടും തിരികെ എത്തിച്ചിട്ടില്ലെന്നും പോലീസ് റിപ്പോർട്ടിലുണ്ട്.

ക്ഷേത്രത്തിലെ അമൂല്യവസ്തുക്കളുടെ സംരക്ഷണത്തിനായി അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ഡിജിപി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവറയ്‌ക്ക് പുറത്തുള്ള മുഴുവൻ സ്വർണവും വെള്ളിയും എത്രയും വേഗം അതീവ സുരക്ഷിതമായ സ്ട്രോങ് റൂമിലേക്ക് മാറ്റണമെന്നും ഭക്തർ സംഭാവനയായി നൽകുന്ന മുഴുവൻ വിലപിടിപ്പുള്ള വസ്തുക്കളും ലോക്കറുകളിലേക്ക് മാറ്റി, അവിടെ കൃത്യമായ പോലീസ് കാവൽ ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വിഐപികൾ ഉൾപ്പെടെ ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിക്കുന്ന ആരെയും കൃത്യമായ സുരക്ഷാപരിശോധന കൂടാതെ കടത്തിവിടരുതെന്നും സുരക്ഷാ ഓഡിറ്റിങ് ശക്തമാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും പറഞ്ഞിട്ടുണ്ട്. ഈ നിർദേശങ്ങളിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് പോലീസ് റിപ്പോർട്ടിൽ ആവശ്യപ്പെടുന്നത്.


Janmabhumi 59 minutes ago
Home Flash News