ഒരു മണിക്കൂറിനു 149 രൂപയാണു ചാർജ്. രണ്ടു മണിക്കൂർ – 219 രൂപ, മൂന്നു മണിക്കൂർ – 319 രൂപ, നാലു മണിക്കൂർ – 399 രൂപ എന്നിങ്ങനെയാണ് അധിക സമയത്തേക്കുള്ള നിരക്ക്...
ഷോപ്പിങ്ങിനു കൂട്ടു വന്നവർ ഒപ്പം നടന്നു തളർന്നെന്നു പരാതി പറയുമ്പോൾ ഇനി മനസ്സ് മടുത്തു മടങ്ങേണ്ട. ഒറ്റയ്ക്കു ഷോപ്പിങ്ങിനു പോയി സഞ്ചിയും സാധനങ്ങളും തൂക്കി നടന്നു വലഞ്ഞു വന്നു വീട്ടിൽ കയറേണ്ട അവസ്ഥയും ഇനിയുണ്ടാകില്ല, പരിഹാരമുണ്ട്. ‘യു ഷോപ്പ്, വി ക്യാരി’ എന്ന ഉറപ്പുമായി ഡൽഹിയിലെ തിരക്കേറിയ മാർക്കറ്റുകളിൽ താങ്ങും തണലുമായി ഇനി ‘ക്യാരിമെൻ’ എത്തും. ലജ്പത് നഗർ മാർക്കറ്റിലെ പുതിയ സ്റ്റാർട്ടപ് ആണിത്. ഷോപ്പിങ്ങിനിടെ ബാഗും മറ്റും പിടിച്ചു കൂടെ നടക്കാനും വഴി കാണിക്കാനും ഫുഡ് സ്പോട്ടുകളിൽ ക്യൂ നിൽക്കാനും പാർക്കിങ് ഏരിയയിലുള്ള കാറിലേക്കു സാധനങ്ങൾ എടുത്തു വയ്ക്കാനും മെട്രോ സ്റ്റേഷന്റെ ഗേറ്റ് വരെയും ക്യാരിമാൻ കൂട്ടു വരും. ഒരു മണിക്കൂറിനു 149 രൂപയാണു ചാർജ്. രണ്ടു മണിക്കൂർ – 219 രൂപ, മൂന്നു മണിക്കൂർ – 319 രൂപ, നാലു മണിക്കൂർ – 399 രൂപ എന്നിങ്ങനെയാണ് അധിക സമയത്തേക്കുള്ള നിരക്ക്.
വെറുതേ ബാഗുമെടുത്തു കൂടെ നടക്കുക മാത്രമല്ല ഇവരുടെ ഡ്യൂട്ടി. കുട്ടികളുമായി ഷോപ്പിങ്ങിനു വരുന്ന അമ്മമാർക്കും സഹായികളാകും. ക്യാരിമെൻ സർവീസ് ബുക്ക് ചെയ്യുമ്പോൾ ‘ബേബി പ്രാം അസിസ്റ്റൻസ്’ കൂടി ആഡ് ചെയ്താൽ ബേബി കാരിയർ സുരക്ഷിതമായി കൈകാര്യം ചെയ്യുന്ന ഉത്തരവാദിത്തം ഇവർ ഏറ്റെടുക്കും. ബേബി കാരിയർ കരുതാതെ വരുന്നവർക്കു ബുക്ക് ചെയ്താൽ അതും കിട്ടും. ഇനി ഷോപ്പിങ്ങിനിടെ മൊബൈൽ ഫോണിന്റെ ചാർജ് തീർന്നാലും ആശങ്ക വേണ്ട, ക്യാരിമാന്റെ പോക്കറ്റിൽ പവർബാങ്ക് ഉണ്ട്.
ഒരു ക്യാരിമെൻ 12 കിലോ വരെ ഭാരമുള്ള ബാഗുകൾ പിടിക്കും. ഷോപ്പിങ് അതിലും കനത്തിലായാൽ ഒരാളെക്കൂടി ബുക്ക് ചെയ്യണം. തിരക്കേറിയ മാർക്കറ്റിലൂടെ നടന്നു തളരുമ്പോൾ ഇത്തിരിനേരം തണലിൽ ഇരുന്നു വിശ്രമിക്കണം എന്നുള്ളവർക്കായി ക്യാംപിങ് കസേരകളും ഇവർ കരുതും. വെയിലേറ്റു വാടാതിരിക്കാൻ കുടയും ദാഹമകറ്റാൻ ശുദ്ധജലവും കരുതിയാണ് ഇവർ കൂട്ടിനെത്തുന്നത്.
വസ്ത്രങ്ങൾ, ആഭരണങ്ങൾ, കൗതുക വസ്തുക്കൾ, വീട്ടുപയോഗത്തിനുള്ള സാധനങ്ങൾ തുടങ്ങി മികച്ച വിലയും ഗുണമേന്മയും ഉറപ്പുനൽകുന്ന സ്ഥാപനങ്ങളിലേക്ക് ഇവർ വഴികാട്ടികളുമാകും. ഡൽഹിയിൽ ജനിച്ചു വളർന്ന സംരംഭകർ കഴിഞ്ഞ ഏപ്രിലിലാണ് സ്റ്റാർട്ടപ് തുടങ്ങിയത്. ഒരുമാസത്തിനുള്ളിൽ തന്നെ 50ലേറെ ബുക്കിങ് കിട്ടിയെന്ന് ക്യാരിമെൻ വക്താവ് പറഞ്ഞു. മാർക്കറ്റിൽ ക്യാരിമെൻ ബൂത്തുകളുണ്ട്. ഇവിടെയെത്തി നേരിട്ടും വാട്സാപ്പിലൂടെയും സേവനങ്ങൾ ബുക്ക് ചെയ്യാം. ഓരോ ബൂത്തിലും പ്രത്യേകം പരിശീലനം നേടിയ ക്യാരിമെൻ അസിസ്റ്റന്റ്സ് ഉണ്ടാകും. നിലവിൽ ലജ്പത് നഗർ മാർക്കറ്റിൽ മാത്രമാണു സർവീസുള്ളത്. അടുത്തുതന്നെ ചാന്ദ്നി ചൗക്ക്, സരോജിനി മാർക്കറ്റ്, കൊണാട്ട്പ്ലേസ് തുടങ്ങിയ സ്ഥലങ്ങളിലേക്കും ചെന്നൈ, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിലേക്കും സർവീസ് വ്യാപിപ്പിക്കും.