'ഇന്ത്യ-യുഎസ് ബന്ധം ഇൻഡോ–പസഫിക് സമീപനത്തിന്റെ അടിസ്ഥാനം'; മാർക്കോ റൂബിയോ
ന്യൂഡൽഹി: അമേരിക്കയുടെ ഇന്തോ-പസഫിക് നയത്തിന്റെ അടിസ്ഥാന ശിലയാണ് ഇന്ത്യയെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ന്യൂഡൽഹിയിലെ യുഎസ് എംബസിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ദൃഢമാണെന്നും ഡൊണാൾഡ് ട്രംപും നരേന്ദ്ര മോദിയും തമ്മിലുള്ള വ്യക്തിപരമായ സൗഹൃദം തന്ത്രപ്രധാന സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. താൻ യുഎസ് വിദേശകാര്യ സെക്രട്ടറിയായി ചുമതലയേറ്റ ശേഷമുള്ള ആദ്യ ഔദ്യോഗിക യോഗം ക്വാഡ് കൂട്ടായ്മയുടേതായിരുന്നുവെന്നും അത് ഇന്ത്യയിൽ വെച്ച് തന്നെ നടത്താൻ തീരുമാനിച്ചത് ഇന്തോ-പസഫിക് മേഖലയിൽ ഇന്ത്യയ്ക്കുള്ള പ്രാധാന്യം വ്യക്തമാക്കാനാണെന്നും റൂബിയോ കൂട്ടിച്ചേർത്തു. ഭാവി ലക്ഷ്യങ്ങൾ മുൻനിർത്തി പ്രവർത്തിക്കുന്ന രണ്ട് ഗൗരവക്കാരായ നേതാക്കളാണ് ട്രംപും മോദിയുമെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മാർക്കോ റൂബിയോയും തമ്മിൽ നടത്തിയ ഉഭയകക്ഷി ചർച്ചയിൽ നിലവിലെ പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾ പ്രധാന വിഷയമായി. തർക്കങ്ങൾ പരിഹരിക്കാൻ ചർച്ചകളുടെയും നയതന്ത്രത്തിന്റെയും പാതയാണ് സ്വീകരിക്കേണ്ടതെന്നും സമാധാന ശ്രമങ്ങൾക്ക് ഇന്ത്യയുടെ പിന്തുണയുണ്ടാകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.
ഫെബ്രുവരി അവസാനം മുതൽ അമേരിക്കയും ഇസ്രായേലും ഇറാനിൽ നടത്തിയ വ്യോമാക്രമണങ്ങളെ തുടർന്ന് പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായി തുടരുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ ആഗോള ഊർജ്ജ വിപണിയെ തടസ്സപ്പെടുത്താൻ ഇറാനെ അനുവദിക്കില്ലെന്ന് മാർക്കോ റൂബിയോ വ്യക്തമാക്കിയതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് ടോമി പിഗോട്ട് അറിയിച്ചു. ഹോർമുസ് കടലിടുക്കിലെ ഉപരോധം മൂലം ആഗോള ഇന്ധന വിപണിയിലുണ്ടായ തടസ്സങ്ങൾ കണക്കിലെടുത്ത്, ഇന്ത്യയുടെ ഇന്ധന ആവശ്യങ്ങൾ വൈവിധ്യവത്കരിക്കുന്നതിന് ആവശ്യമായ ഊർജ്ജ ഉൽപ്പന്നങ്ങൾ നൽകാൻ അമേരിക്ക തയ്യാറാണെന്ന് റൂബിയോ ഉറപ്പുനൽകി.