യാത്രകളിൽ ഇനി ആധാറും ചുമന്ന് നടക്കണ്ട; രേഖകൾ സൂക്ഷിക്കാൻ ഡിജിറ്റൽ പോക്കറ്റുമായി ഗൂഗിൾ
ഡിജിറ്റൽ ഐഡന്റിറ്റിയിലേക്ക് വലിയൊരു ചുവടുവയ്പ്പുമായി ഗൂഗിൾ. ആധാർ ഉൾപ്പെടെയുള്ള ഡിജിറ്റൽ രേഖകൾ ഇനി ഗൂഗിൾ വാലറ്റിൽ സൂക്ഷിക്കാം. സ്മാർട്ട്ഫോൺ ഡിജിറ്റൽ ഐഡി ഉപയോഗം സാധ്യമാക്കുന്നതിന്റെ ഭാഗമാണിത്. എന്നാൽ ഇത് ആധാർ പോലെ ലിങ്ക് ചെയ്യേണ്ട ആവശ്യകതയില്ല. ഈ സംവിധാനത്തിലൂടെ വ്യക്തികൾക്ക് ആധാർ വേരിഫബിൾ ക്രെഡൻഷ്യൽ വഴി ഡിജിറ്റൽ ഐഡി വാലറ്റിൽ ചേർക്കാൻ കഴിയും. ഇത് സാധാരണ സ്കാൻ ചെയ്ത പിഡിഎഫ് അല്ല. തിരിച്ചറിയൽ അതോറിറ്റി സവിശേഷമായി ഒപ്പു വച്ച ഡിജിറ്റൽ രേഖയാണ്. ഫോട്ടോ, ജനനത്തിയതി പോലുള്ള വിവരങ്ങൾ ഇതിൽ ഉൾപ്പെടും. ഈ ഐഡി ഫോണിൽ തന്നെ സൂക്ഷിക്കപ്പെടും. ക്ലൗഡിൽ ഒരു സാധാരണ ഫയലായിട്ട് ആയിരിക്കില്ല സൂക്ഷിക്കുന്നത്.
സുരക്ഷിതമായി ക്രിപ്റ്റോഗ്രഫി ഉപയോഗിച്ചാണ് സംരക്ഷണം നൽകുന്നത്. ആവശ്യത്തിന് മാത്രം വിവരങ്ങൾ പങ്കിടാം. ഇത് ഉപയോഗിച്ച് യാത്രയിൽ ചെക്ക് ഇന്നുകൾ, പ്രായം സ്ഥിരീകരിക്കൽ ചില കെവൈസി സേവനങ്ങൾ എന്നിവ വേഗത്തിൽ പൂർത്തിയാക്കാം. പെട്ടെന്നുള്ള യാത്രകളിൽ ഐഡി കാർഡുകളെല്ലാം കൊണ്ടു നടക്കുകയെന്നത് ഒരു ബുദ്ധിമുട്ട് പിടിച്ച പണിയാണെന്ന് എല്ലാവരും ഒരു പോലെ പരാതി പറയുന്ന കാര്യമാണ്. എന്നാൽ, ഡിജിറ്റൽ വാലറ്റ് വരുന്നതോടെ ആ സങ്കടത്തിനാണ് പരിഹാരമാവുന്നത്. ഇനി യാത്രകളിൽ ഐഡി കാർഡുകളെടുക്കാൻ മറന്നാലും വിഷമിക്കേണ്ട വേഗത്തിൽ ചെക്കിൻ പൂർത്തിയാക്കാൻ ഈ ഡിജിറ്റൽ രേഖകൾ മതിയാവും. എന്നാൽ, ഫോണിൽ രേഖകൾ സൂക്ഷിക്കുന്നതോടെയുള്ള സുരക്ഷയെക്കുറിച്ചും ആശങ്കയുണ്ട്. അതിനും കൃത്യമായ പരിഹാരമുണ്ട്. ഏപ്രിൽ 28 മുതൽ ഘട്ടമായാവും നിലവിൽ വരിക. എല്ലാ ഉപയോക്താക്കൾക്കും ആദ്യ ഘട്ടത്തിൽ ലഭ്യമാകില്ല. എന്നാൽ, അടുത്ത ആഴ്ചയോടെ എല്ലാ ഫോണുകളിലും ഗൂഗിൾ വാലറ്റ് സംവിധാനം ഉറപ്പാക്കും.