മസ്കും സാം ആൾട്ട്മാനും നേർക്കുനേർ!ശതകോടീശ്വരന്മാരുടെ പോര് കോടതിയിലേക്ക്; ആ'രഹസ്യങ്ങൾ' ഇനി പരസ്യമാകും
ടെക് ലോകം ഉറ്റുനോക്കുന്ന ഏറ്റവും വലിയ നിയമപോരാട്ടത്തിന് കലിഫോർണിയയിൽ തുടക്കമായി. ശതകോടീശ്വരനായ ഇലോൺ മസ്കും ഓപ്പൺ എഐ (OpenAI) മേധാവി സാം ആൾട്ട്മാനും തമ്മിലുള്ള തർക്കമാണ് കോടതിയിലെത്തിയത്. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുമെന്ന വാഗ്ദാനം ലംഘിച്ച് ഓപ്പൺ എഐ ഒരു കോർപ്പറേറ്റ് കമ്പനിയായി മാറിയെന്നാണ് മസ്കിന്റെ പ്രധാന ആരോപണം.
കേവലം സാങ്കേതിക തർക്കങ്ങൾക്കപ്പുറം സിലിക്കൺ വാലിയിലെ അണിയറ രഹസ്യങ്ങളും വ്യക്തിബന്ധങ്ങളും ഈ കേസിൽ വിചാരണയ്ക്കിടെ പുറത്തുവരുമെന്നാണ് സൂചന. മസ്കിന്റെ കുട്ടികളുടെ അമ്മയും മുൻ ഓപ്പൺ എഐ ബോർഡ് അംഗവുമായ ഷിവോൺ സിലിസ് നൽകുന്ന സാക്ഷിമൊഴി ഇതിൽ നിർണ്ണായകമാകും. ഓപ്പൺ എഐയിലെ വിവരങ്ങൾ ചോർത്താൻ മസ്ക് സിലിസിനെ ഉപയോഗിച്ചിരുന്നോ എന്ന കാര്യത്തിൽ ജഡ്ജി വിശദമായ അന്വേഷണം നടത്തുന്നുണ്ട്. 'നമ്മൾ ഓപ്പൺ എഐയിൽ നിന്ന് കുറച്ചുപേരെ ടെസ്‌ലയിലേക്ക് മാറ്റാൻ പോകുന്നു' എന്ന് മസ്ക് സിലിസിന് അയച്ച മെസ്സേജുകൾ ഇതിനോടകം കോടതിയിൽ എത്തിക്കഴിഞ്ഞു. A
'റൈനോ കെറ്റമിൻ' മുതൽ ബേസോസ് വരെയുള്ള തർക്കങ്ങൾ വിചാരണയ്ക്കിടെ പല രസകരമായ കാര്യങ്ങളും കോടതിക്ക് മുൻപിലെത്തി: ലഹരി ഉപയോഗം: മസ്ക് മുൻപ് ഉപയോഗിച്ചിരുന്നതായി ആരോപിക്കപ്പെടുന്ന 'റൈനോ കെറ്റമിൻ' എന്ന മരുന്നിനെക്കുറിച്ചുള്ള ചർച്ചകൾ കോടതിയിൽ ഉയന്നെങ്കിലും അത് ഒഴിവാക്കാൻ ജഡ്ജി നിർദ്ദേശിച്ചു. ബെസോസിനെതിരെയുള്ള പരാമർശം: ആമസോൺ മേധാവി ജെഫ് ബെസോസിനെ മസ്ക് മുൻപ് പരിഹസിച്ചിരുന്നതും, മൈക്രോസോഫ്റ്റുമായി സഹകരിക്കാനാണ് തനിക്ക് താൽപ്പര്യമെന്ന് പറഞ്ഞതുമായ ഇമെയിൽ സന്ദേശങ്ങൾ പുറത്തുവന്നു.
സക്കർബർഗും മസ്കും: ഓപ്പൺ എഐയുടെ ഐപി (IP) സ്വന്തമാക്കുന്നതിനെക്കുറിച്ച് മെറ്റാ സിഇഒ മാർക്ക് സക്കർബർഗുമായി മസ്ക് സംസാരിച്ചതിന്റെ രേഖകളും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. മസ്ക് പറയുന്നത് എന്ത്? 2015ൽ ഓപ്പൺ എഐ തുടങ്ങിയപ്പോൾ മനുഷ്യരാശിക്ക് ഉപകാരപ്പെടുന്ന രീതിയിൽ സാങ്കേതികവിദ്യ സൗജന്യമായി നൽകുമെന്നായിരുന്നു കരാർ. എന്നാൽ ഇന്ന് കമ്പനി 852 ബില്യൺ ഡോളർ മൂല്യമുള്ള വമ്പൻ ലാഭക്കമ്പനിയായി മാറിയെന്ന് മസ്ക് ആരോപിക്കുന്നു. ആൾട്ട്മാനും ഗ്രെഗ് ബ്രോക്ക്മാനും ചേർന്ന് തന്നെ ചതിച്ചെന്നാണ് മസ്കിന്റെ വാദം. ഈ കേസിൽ ജയിച്ചാൽ ലഭിക്കുന്ന തുക ചാരിറ്റിക്ക് നൽകുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
ഒരുകാലത്ത് മസ്കിനെ തന്റെ 'ഹീറോ' എന്ന് വിശേഷിപ്പിച്ചിരുന്ന ആൾട്ട്മാൻ, മസ്ക് കമ്പനിയെ പരസ്യമായി ആക്രമിക്കുന്നത് തന്നെ വേദനിപ്പിക്കുന്നു എന്ന് കോടതിയിൽ പറഞ്ഞു. എങ്കിലും ലോകത്തിന്റെ വിധി നിശ്ചയിക്കുന്ന സാങ്കേതിക വിദ്യയാണിതെന്ന വാദത്തിൽ മസ്ക് ഉറച്ചുനിൽക്കുകയാണ്. വരും ആഴ്ചകളിൽ മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല ഉൾപ്പെടെയുള്ള പ്രമുഖർ കോടതിയിൽ സാക്ഷികളായി എത്തും. എഐ ലോകത്തെ കരുത്തുറ്റ കമ്പനികളുടെ ഭാവി നിശ്ചയിക്കുന്ന ഒന്നായിരിക്കും ഈ വിധി.