വെള്ളക്കടലാസ് നിറച്ച ചട്ടമ്പിസ്വാമികളുടെ ജീവചരിത്രം, തോറ്റ വിദ്യാർത്ഥിയെ ജയിപ്പിച്ചു; ഡോ. ലിസി മാത്യുവിന് സർവകലാശാലയുടെ കുറ്റപത്രം
തിരുവനന്തപുരം: ചട്ടമ്പിസ്വാമിയുടെ ജീവചരിത്ര ഗ്രന്ഥത്തിന്റെ പുറംചട്ട മാത്രം തയാറാക്കി വെള്ളക്കടലാസ് നിറച്ച് പ്രകാശനം നടത്താനുള്ള നീക്കത്തിലും തോറ്റ ബിഎഫ്എ വിദ്യാർത്ഥിയെ ജയിപ്പിച്ചതിലും പങ്കുണ്ടെന്ന് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്ന്, സംസ്കൃത സർവകലാശാലാ പരീക്ഷാ കൺട്രോളറുടെയും സീനിയർ പബ്ലിക്കേഷൻ ഓഫീസറുടെയും ചുമതല വഹിച്ചിരുന്ന ഡോ. ലിസി മാത്യുവിനെതിരെ കുറ്റപത്രം നൽകി. അച്ചടക്ക നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണിത്. ഡോ.ലിസി ഇന്ന് സർവീസിൽ നിന്നു വിരമിക്കാനിരിക്കെയാണ് നടപടി. സർവകലാശാലയുടെ അനുമതിയില്ലാതെ ജീവചരിത്ര ഗ്രന്ഥത്തിൻ്റെ അച്ചടി സ്വകാര്യ പ്രസിന് നൽകിയതും ഗവർണർ പങ്കെടുക്കുന്ന പ്രകാശനച്ചടങ്ങ് സർവകലാശാലയെ ഔദ്യോഗികമായി അറിയിക്കാതിരുന്നതും ഡോ. ലിസി മാത്യുവിന്റെ വീഴ്ചയാണെന്ന് വൈസ്‌ചാൻസലർ ഡോ. സിസാ തോമസിന്റെ നിർദേശ പ്രകാരം നൽകിയ കുറ്റപത്രത്തിൽ പറയുന്നു.
ബിഎഫ്എ തോറ്റ വിദ്യാർത്ഥിക്ക് എംഎഫ്എക്കു പ്രവേശനം നൽകിയ ശേഷം സർവകലാശാലാ ചട്ടങ്ങൾക്ക് വിരുദ്ധമായി വിദ്യാർത്ഥിയെ ബിഎഫ്എ പരീക്ഷ വിജയിപ്പിക്കുന്നതിൽ ലിസി കൃത്യവിലോപം കാട്ടിയതായും കണ്ടെത്തിയിട്ടുണ്ട്. ബിഎഫ്എ പരീക്ഷാ വിവാദത്തെ തുടർന്ന് ഏപ്രിൽ 1 മുതൽ ഡോ.ലിസി മാത്യുവിനെ പരീക്ഷാ കൺട്രോളറുടെ ചുമതലയിൽ നിന്ന് നീക്കിയെങ്കിലും അതിനുശേഷവും പരീക്ഷാ രേഖകളിലും മാർക്ക് ലിസ്‌റ്റുകളിലും അവർ ഒപ്പുവച്ചതായി കണ്ടെത്തി. പരീക്ഷാ വിഭാഗത്തിലെ ചില ഉദ്യോഗസ്‌ഥരുടെ അറിവോടെ ക്രമക്കേട് നടന്നതായാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. ഇതു സംബന്ധിച്ച് വിശദമായി അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ പരീക്ഷാ കൺട്രോളറുടെ ചുമതല വഹിക്കുന്ന ഡോ.ഭവാനിക്ക് വി സി നിർദേശം നൽകി.