രാജ്യദ്രോഹക്കുറ്റം: 69 പേരുടെ ബഹ്‌റൈൻ പൗരത്വം റദ്ദാക്കി; നടപടി ഇറാൻ അനുകൂല നിലപാട് സ്വീകരിച്ചവർക്കെതിരെ, പട്ടികയിൽ വിദേശ വംശജർ
മനാമ∙ രാജ്യസുരക്ഷയ്ക്കും താൽപര്യങ്ങൾക്കും വിരുദ്ധമായി പ്രവർത്തിച്ചുവെന്ന കുറ്റത്തിന് 69 പേരുടെ ബഹ്‌റൈൻ പൗരത്വം റദ്ദാക്കി. വിദേശ വംശജരായ വ്യക്തികൾക്കും അവരുടെ ആശ്രിതർക്കുമാണ് പൗരത്വം നഷ്ടമായത്. പൗരത്വം ലഭിക്കാൻ അർഹതയുള്ളവർ ആരെല്ലാമെന്ന് പുനഃപരിശോധിക്കണമെന്ന രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നിർദ്ദേശത്തെത്തുടർന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ഈ നടപടി.
രാജ്യത്തോടുള്ള കൂറ് ലംഘിക്കുകയോ രാജ്യതാൽപര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുകയോ ചെയ്യുന്നവരുടെ പൗരത്വം റദ്ദാക്കാൻ വ്യവസ്ഥ ചെയ്യുന്ന ബഹ്‌റൈൻ പൗരത്വ നിയമത്തിലെ ആർട്ടിക്കിൾ 10/3 പ്രകാരമാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഇറാൻ നടത്തുന്ന ശത്രുതാപരമായ നീക്കങ്ങളെ മഹത്വവൽക്കരിക്കുകയും അനുഭാവം പ്രകടിപ്പിക്കുകയും ചെയ്തതിനൊപ്പം വിദേശ ശക്തികളുമായി ബന്ധം പുലർത്തിയതായും ഇവർക്കെതിരെ കണ്ടെത്തിയിട്ടുണ്ട്. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരന്റെ നിർദേശപ്രകാരം രാജ്യത്തിന്റെ സുസ്ഥിരതയും സുരക്ഷയും ഉറപ്പാക്കാനുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം.