പൂണെ വിമാനത്താവളത്തിൽ സുഖോയ് വിമാനം ഇടിച്ചിറക്കി; പൈലറ്റുമാർ രക്ഷപ്പെട്ടു, വിമാന സർവീസുകൾ താറുമാറായി
മുംബൈ: മഹാരാഷ്ട്രയിലെ പൂണെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യൻ വ്യോമസേനയുടെ സുഖോയ് യുദ്ധവിമാനം അടിയന്തരമായി ഇടിച്ചിറക്കിയതിനെത്തുടർന്ന് വിമാനത്താവളത്തിന്റെ പ്രവർത്തനം താറുമാറായി. വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം നടന്നത്. സാങ്കേതിക തകരാറിനെത്തുടർന്നാണ് റഷ്യൻ നിർമ്മിത സുഖോയ് 30 MKI വിമാനം റൺവേയിൽ ഇടിച്ചിറക്കേണ്ടി വന്നതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പതിവായി നടക്കാറുള്ള രാത്രികാല പരിശീലന പറക്കലിനിടെയായിരുന്നു (Night Sortie) അപകടം. ആകാശത്തുവെച്ച് വിമാനത്തിന് പെട്ടെന്ന് സാങ്കേതിക തകരാർ അനുഭവപ്പെടുകയും തുടർന്ന് പൈലറ്റ് വിമാനം റൺവേയിൽ നിയന്ത്രിതമായി ഇടിച്ചിറക്കുകയുമായിരുന്നു. വിമാനത്തിലുണ്ടായിരുന്ന പൈലറ്റുമാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇവർ സുരക്ഷിതരാണെന്നും വിമാനത്തിന് വലിയ തോതിലുള്ള നാശനഷ്ടങ്ങൾ സംഭവിച്ചിട്ടില്ലെന്നും വ്യോമസേന ഔദ്യോഗികമായി അറിയിച്ചു.
യുദ്ധവിമാനം റൺവേയിൽ കുടുങ്ങിയതോടെ പൂണെ വിമാനത്താവളത്തിലെ ആഭ്യന്തര-രാജ്യാന്തര സർവീസുകൾ പൂർണ്ണമായും തടസ്സപ്പെട്ടു. റൺവേ താൽക്കാലികമായി അടച്ചതിനെത്തുടർന്ന് ആയിരക്കണക്കിന് യാത്രക്കാരാണ് ദുരിതത്തിലായത്.
രാത്രി പുറപ്പെടേണ്ടിയിരുന്നതും എത്തേണ്ടിയിരുന്നതുമായ നിരവധി വിമാനങ്ങൾ റദ്ദാക്കി. ഇൻഡിഗോ എയർലൈൻസാണ് ഏറ്റവും കൂടുതൽ സർവീസുകൾ റദ്ദാക്കിയത്.എയർ ഇന്ത്യ, സ്‌പൈസ് ജെറ്റ്, ആകാശ എയർ, എയർ ഇന്ത്യ എക്‌സ്പ്രസ് എന്നീ കമ്പനികളുടെ സർവീസുകളെയും അപകടം ബാധിച്ചു. ചില വിമാനങ്ങൾ അടുത്തുള്ള വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടു.മുൻകൂട്ടി വിവരം ലഭിക്കാത്തതിനെത്തുടർന്ന് വിമാനത്താവളത്തിലെത്തിയ യാത്രക്കാർ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കി.
റൺവേയിലെ തടസ്സം നീക്കി വിമാനത്താവളം സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ തുടരുകയാണ്. കേന്ദ്ര വ്യോമയാന സഹമന്ത്രി മുരളീധർ മോഹോൾ സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തി. വ്യോമസേനയുടെ സാങ്കേതിക വിദഗ്ധർ റൺവേയിൽ നിന്നും സുഖോയ് വിമാനം മാറ്റാനുള്ള നടപടികൾ പൂർത്തിയാക്കി വരികയാണ്. റൺവേയ്ക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ച ശേഷം മാത്രമേ വിമാനങ്ങൾ വീണ്ടും ലാൻഡ് ചെയ്യാൻ അനുവദിക്കൂ.
സുഖോയ് 30 MKI വിമാനങ്ങളുമായി ബന്ധപ്പെട്ട് ഈ വർഷം റിപ്പോർട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ പ്രധാന അപകടമാണിത്.ഇക്കഴിഞ്ഞ മാർച്ച് 5-ന് അസമിലെ കാർബി ആങ്ലോങ് ജില്ലയിൽ സുഖോയ് വിമാനം തകർന്നു വീണിരുന്നു. ആ അപകടത്തിൽ രണ്ട് പൈലറ്റുമാർക്ക് ജീവൻ നഷ്ടമായത് വലിയ ചർച്ചയായിരുന്നു. ഇന്ത്യൻ വ്യോമസേനയുടെ കരുത്തായ സുഖോയ് വിമാനങ്ങൾക്ക് തുടർച്ചയായുണ്ടാകുന്ന സാങ്കേതിക തകരാറുകൾ പ്രതിരോധ മേഖലയിൽ ആശങ്കയുണ്ടാക്കുന്നുണ്ട്. പൂണെയിലെ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ വ്യോമസേന ഉത്തരവിട്ടു. വിമാനത്താവളത്തിലെ റൺവേ പ്രവർത്തനസജ്ജമായാൽ ഉടൻ തന്നെ വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.