യുഎഇയിൽ തെളിഞ്ഞ കാലാവസ്ഥ; ദുബായിൽ താപനില 20 ഡിഗ്രി സെൽഷ്യസിലേക്ക് താഴാൻ സാധ്യത
ദുബായ്∙ യുഎഇയിൽ ഇന്ന് (ശനിയാഴ്ച) പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ കാലാവസ്ഥയായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്ത് പകൽ സമയങ്ങളിൽ താപനിലയിൽ നേരിയ വർധനവുണ്ടാകുമെങ്കിലും രാത്രികാലങ്ങളിൽ തണുപ്പ് അനുഭവപ്പെടും.
ദുബായിലും അബുദാബിയിലും ഇന്ന് കുറഞ്ഞ താപനില 20 ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യതയുണ്ട്. ദുബായിൽ ഉയർന്ന താപനില 28 ഡിഗ്രി സെൽഷ്യസും അബുദാബിയിൽ 31 ഡിഗ്രി സെൽഷ്യസുമായിരിക്കും രേഖപ്പെടുത്തുക. മണിക്കൂറിൽ 10 മുതൽ 20 കിലോമീറ്റർ വേഗത്തിൽ തെക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് കാറ്റ് വീശാൻ സാധ്യതയുണ്ട്. ചിലയിടങ്ങളിൽ കാറ്റിന്റെ വേഗം മണിക്കൂറിൽ 35 കിലോമീറ്റർ വരെ ഉയർന്നേക്കാം. നേരിയതോ മിതമായതോ ആയ കാറ്റായിരിക്കും അനുഭവപ്പെടുക.
അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ ശാന്തമായിരിക്കും. വെള്ളിയാഴ്ച രാജ്യത്ത് രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന താപനില 35.8 ഡിഗ്രി സെൽഷ്യസാണ്. ഉച്ചയ്ക്ക് 2.30-ഓടെ അൽ ഐനിലെ ഉം അസിമുലിലാണ് ഈ ചൂട് അനുഭവപ്പെട്ടത്. വരും ദിവസങ്ങളിലും സമാനമായ കാലാവസ്ഥ തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിലയിരുത്തുന്നു. ചൊവ്വാഴ്ച മഴയെത്തും, ജാഗ്രത വേണമെന്ന് പൊലീസ് കിഴക്ക് നിന്ന് രൂപപ്പെടുന്ന ഉപരിതല ന്യൂനമർദത്തിന്റെയും പടിഞ്ഞാറൻ മേഖലയിലെ ഉയർന്ന മർദത്തിന്റെയും സ്വാധീനം മൂലം തിങ്കളാഴ്ച രാത്രിയോടെ ആകാശം മേഘാവൃതമാകും. ചൊവ്വാഴ്ചയും ബുധനാഴ്ചയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് പടിഞ്ഞാറൻ, കിഴക്കൻ മേഖലകളിലും ദ്വീപുകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. മഴയോടൊപ്പം താപനിലയിൽ കുറവുണ്ടാകുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
കാലാവസ്ഥാ വ്യതിയാനത്തെത്തുടർന്ന് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പൊലീസ് നിർദ്ദേശിച്ചു. ശക്തമായ കാറ്റിൽ പൊടിപടലങ്ങൾ ഉയരുന്നത് കാഴ്ചപരിധി കുറയ്ക്കാൻ കാരണമാകുമെന്നതിനാൽ വാഹനമോടിക്കുന്നവർ ട്രാഫിക് പൊലീസിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം.
അറബിക്കടലിലും ഒമാൻ കടലിലും നിലവിൽ കടൽ ശാന്തമാണെങ്കിലും ചൊവ്വാഴ്ചയോടെ അറേബ്യൻ ഗൾഫിന്റെ പടിഞ്ഞാറൻ മേഖലയിൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ട്. രാജ്യാന്തര മാനദണ്ഡങ്ങൾക്കനുസൃതമായ അത്യാധുനിക നിരീക്ഷണ സംവിധാനങ്ങൾ ഉപയോഗിച്ച് കാലാവസ്ഥാ വ്യതിയാനങ്ങൾ നിരീക്ഷിച്ചു വരികയാണെന്നും അടിയന്തര സാഹചര്യമുണ്ടായാൽ ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.