Select Location
All Locations
State
Region
City / District
വിവാഹമോചനക്കേസുകളിൽ വാട്സാപ്പ് സന്ദേശങ്ങൾ തെളിവായി സ്വീകരിക്കും; കർശന പരിശോധനയ്ക്ക് ദുബായ് കോടതി ഉത്തരവ്

വിവാഹമോചനക്കേസുകളിൽ വാട്സാപ്പ് സന്ദേശങ്ങൾ തെളിവായി സ്വീകരിക്കും; കർശന പരിശോധനയ്ക്ക് ദുബായ് കോടതി ഉത്തരവ്

ദുബായ്∙ കുടുംബ തർക്കങ്ങളിലും വിവാഹമോചനക്കേസുകളിലും തെളിവായി ഹാജരാക്കുന്ന വാട്സാപ്പ് സന്ദേശങ്ങൾ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ദുബായ് കാസേഷൻ കോടതി ഉത്തരവിട്ടു. ഡിജിറ്റൽ തെളിവുകളുടെ ആധികാരികത ഉറപ്പുവരുത്താതെ അവ തള്ളിക്കളയാനാവില്ലെന്ന് കോടതി വ്യക്തമാക്കി. കുടുംബനിയമങ്ങളുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ ആധുനിക ആശയവിനിമയ ഉപാധികൾക്ക് നിയമപരമായ വലിയ പ്രാധാന്യമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഈ സുപ്രധാന വിധി.

ഭർത്താവ് വാട്സാപ്പ് സന്ദേശത്തിലൂടെ വിവാഹമോചനം ചെയ്തതായി തെളിയിക്കാൻ ഭാര്യ ഹാജരാക്കിയ ഡിജിറ്റൽ തെളിവുകൾ വേണ്ടവിധം പരിശോധിക്കുന്നതിൽ അപ്പീൽ കോടതി പരാജയപ്പെട്ടുവെന്ന് കാസേഷൻ കോടതി കണ്ടെത്തി. ഇതേത്തുടർന്ന് അപ്പീൽ കോടതിയുടെ മുൻ വിധി റദ്ദാക്കുകയും കേസ് പുനഃപരിശോധനയ്ക്കായി തിരിച്ചയക്കുകയും ചെയ്തു.

വാട്സാപ്പ് സന്ദേശങ്ങൾ തെളിവായി സ്വീകരിക്കുന്നതിന് മുൻപ് അവ കൃത്രിമമായി നിർമിച്ചതാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്. സന്ദേശം അയച്ച വ്യക്തിയെ തിരിച്ചറിയുക, അതിന്റെ നിയമപരമായ സാധുത ഉറപ്പുവരുത്തുക തുടങ്ങിയ കാര്യങ്ങളിൽ കർശനമായ അന്വേഷണം വേണമെന്ന് കോടതി നിർദ്ദേശിച്ചു. സാങ്കേതിക വിദ്യയുടെ വളർച്ചയ്ക്ക് അനുസൃതമായി നിയമനടപടികളിലും മാറ്റം വരുത്തുന്നതിന്റെ ഭാഗമായാണ് യുഎഇ കോടതികളുടെ ഈ നീക്കം. എല്ലാ വാട്സാപ്പ് സന്ദേശങ്ങളും സ്വയമേവ തെളിവായി മാറില്ലെന്നും, എന്നാൽ നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെങ്കിൽ അവയെ അവഗണിക്കാൻ കഴിയില്ലെന്നും നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സന്ദേശങ്ങൾ അയച്ച ആളുടെ ഐഡന്റിറ്റി ഉറപ്പാക്കിയ ശേഷമേ അവ സാധുവായ തെളിവായി കോടതി അംഗീകരിക്കുകയുള്ളൂ.


Manorama News 1 hour ago
Home Flash News