Select Location
All Locations
State
Region
City / District
ഖത്തർ അമീറും ട്രംപും ഫോണിൽ ചർച്ച നടത്തി; മേഖലയിലെ സംഘർഷങ്ങളിൽ ആശങ്ക

ഖത്തർ അമീറും ട്രംപും ഫോണിൽ ചർച്ച നടത്തി; മേഖലയിലെ സംഘർഷങ്ങളിൽ ആശങ്ക

ദോഹ∙ മേഖലയിലെ സംഘർഷ സാഹചര്യത്തിൽ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ടെലിഫോണിൽ ചർച്ച നടത്തി. നിലവിലെ സംഘർഷങ്ങൾ രാജ്യാന്തര നാവിക സുരക്ഷയെയും ഊർജ വിപണിയുടെ സ്ഥിരതയെയും ആഗോള വിതരണ ശൃംഖലയെയും എങ്ങനെ ബാധിക്കുമെന്ന കാര്യത്തിലായിരുന്നു പ്രധാന ചർച്ചയെന്ന് ഖത്തർ വാർത്താ ഏജൻസി(ക്യുഎൻഎ) റിപോർട്ട് ചെയ്തു.

മേഖലയിലെ പ്രത്യാഘാതങ്ങൾ കുറയ്ക്കുന്നതിന് രാജ്യാന്തര തലത്തിൽ ശക്തമായ ഇടപെടലുകൾ ആവശ്യമാണെന്ന് പ്രസിഡന്റ് ട്രംപുമായുള്ള സംഭാഷണത്തിൽ ഖത്തർ ഭരണാധികാരി വ്യക്തമാക്കി. പ്രതിസന്ധികൾ പരിഹരിക്കുന്നതിന് നയതന്ത്ര മാർഗങ്ങൾ മാത്രമാണ് ഏക പോംവഴിയെന്നും, മേഖലയുടെയും ലോകത്തിന്റെയും സുരക്ഷ നിലനിർത്താൻ സമാധാനപരമായ ചർച്ചകൾ അനിവാര്യമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഊർജ സുരക്ഷയുമായും ആഗോള വിപണിയുടെ സ്ഥിരതയുമായും ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ഖത്തറുമായി ചേർന്ന് പ്രവർത്തിക്കാനുള്ള അമേരിക്കയുടെ താല്പര്യം പ്രസിഡന്റ് ട്രംപ് അറിയിച്ചു. പശ്ചിമേഷ്യയിലെ സുരക്ഷാ വെല്ലുവിളികൾ നേരിടുന്നതിനും വിതരണ ശൃംഖല തടസ്സപ്പെടാതിരിക്കാനും ഇരുരാജ്യങ്ങളും തമ്മിലുള്ള ഏകോപനം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളിൽ ഖത്തറിന്റെ പങ്കിനെ യുഎസ് ഗൗരവമായി കാണുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Manorama News 1 hour ago
Home Flash News