ഇറാൻ യുദ്ധം: ലോകം കടുത്ത ഊർജ-വൈദ്യുതി പ്രതിസന്ധി നേരിടേണ്ടി വരുമെന്ന് ഖത്തർ
വാഷിങ്ടൺ∙ ഇറാൻ യുദ്ധം കാരണം ലോകരാജ്യങ്ങൾ കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടേണ്ടി വരുമെന്ന് ഖത്തർ ധനമന്ത്രി അലി ബിൻ അഹമ്മദ് അൽ കുവാരി. ഏതാനും മാസങ്ങൾക്കുള്ളിൽ ലോകം അഭിമുഖീകരിക്കാൻ പോകുന്ന കടുത്ത ഊർജ പ്രതിസന്ധി ചില രാജ്യങ്ങൾക്ക് തങ്ങളുടെ പ്രദേശങ്ങളിൽ പൂർണമായി വൈദ്യുതി നൽകാൻ കഴിയാത്ത അവസ്ഥയിലേക്ക് നയിച്ചേക്കാം. ഇറാൻ യുദ്ധത്തിന്റെ പ്രത്യാഘാതങ്ങളുമായി ബന്ധപ്പെട്ട് വർധിച്ചുവരുന്ന ആഗോള ഉത്കണ്ഠയാണ് ഖത്തർ ധനമന്ത്രിയുടെ പ്രസ്താവനയിലൂടെ പുറത്തുവരുന്നത്. വാഷിങ്ടണിൽ നടന്ന രാജ്യാന്തര നാണയ നിധിയുടെ വസന്തകാല യോഗത്തിലാണ് അഹമ്മദ് അൽ കുവാരി മുന്നറിയിപ്പ് നൽകിയത്.
ചില സർക്കാരുകൾക്ക് തങ്ങളുടെ രാജ്യങ്ങൾക്ക് വൈദ്യുതി നൽകാൻ ആവശ്യമായ ഊർജം ലഭിക്കാത്ത സാഹചര്യം ഉടലെടുക്കും. വിതരണ തടസ്സങ്ങൾ തുടരുന്നതിനനുസരിച്ച് നിർണായക സാഹചര്യങ്ങൾ ഉയർന്നു വരികയാണ്. ലോകമെമ്പാടുമുള്ള ഊർജ നിരക്കുകളിലെ നിലവിലെ കുതിച്ചുചാട്ടം വരാനിരിക്കുന്ന വലിയ പ്രത്യാഘാതങ്ങളുടെ സൂചന മാത്രമാണെന്നും യഥാർത്ഥ പ്രതിസന്ധി ഇനിയും വരാനിരിക്കുന്നതേയുള്ളൂവെന്നും അലി ബിൻ അഹമ്മദ് അൽ കുവാരി വ്യക്തമാക്കി.