‘എൽഡിഎഫ് വൻവിജയം നേടും, കഴിഞ്ഞ പ്രാവശ്യത്തെക്കാൾ അധിക സീറ്റുകൾ നേടും’; എം ബി രാജേഷ്
എൽഡിഎഫ് വൻവിജയം നേടുമെന്ന് തൃത്താല എൽഡിഎഫ് സ്ഥാനാർഥി എം ബി രാജേഷ്. കഴിഞ്ഞവർഷത്തേക്കാൾ അധികം സീറ്റുകൾ നേടി എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരുമെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫിനെ ഭരണമേൽപ്പിക്കുന്ന കാര്യം ആലോചിക്കാൻ പോലും കേരളത്തിലെ ജനങ്ങൾക്ക് കഴിയില്ല. തൃത്താലയിൽ ജയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തുടർ ഭരണമുണ്ടാകുമെന്ന് ഏറ്റുമാനൂർ എൽഡിഎഫ് സ്ഥാനാർഥി വി എൻ വാസവൻ പ്രതികരിച്ചു. കഴിഞ്ഞ പ്രാവശ്യത്തേക്കാൾ കൂടുതൽ സീറ്റുകൾ ലഭിക്കും. ഏറ്റുമാനൂരിലും മികച്ച വിജയം നേടും. പ്രതിപക്ഷത്തിൻ്റെ അഴിമതി ചർച്ച ചെയ്ത തെരഞ്ഞെടുപ്പാണിതെന്ന് അദ്ദേഹം പറഞ്ഞു.
എൽ ഡി എഫ് സർക്കാർ തുടരുമെന്ന് തവനൂർ എൽഡിഎഫ് സ്ഥാനാർഥി കെ ടി ജലീലും ആവർത്തിച്ചു. തവനൂരിൽ വലിയ ഭൂരിപക്ഷമുണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു. നുണകൾ കൊണ്ട് യുഡിഎഫ് പ്രചാരണം നടത്തിയ തെരഞ്ഞെടുപ്പ് കാലമാണെന്ന് വി അബ്ദുറഹ്മാൻ. തനിക്കെതിരെ വ്യാപക നുണ പ്രചരണം യുഡിഎഫ് നടത്തി. വികസനം പറഞ്ഞ് പ്രചാരണം നടത്താൻ ഇല്ലാത്തതുകൊണ്ടാണ് നുണപ്രചാരണം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.