തമിഴ് സാഹിത്യകാരൻ വൈരമുത്തുവിന് ജ്ഞാനപീഠം
തമിഴ് കവിയും ഗാനരചയിതാവുമായ ആർ. വൈരമുത്തുവിന് 2025-ലെ ജ്ഞാനപീഠം. തമിഴ് സാഹിത്യത്തിന് അദ്ദേഹം നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് ഈ ബഹുമതി നൽകിയത്. 11 ലക്ഷം രൂപയും വാഗ്ദേവതാ ശില്പവും ഫലകവുമടങ്ങുന്നതാണ് രാജ്യത്തെ പരമോന്നത സാഹിത്യ പുരസ്കാരമായ ജ്ഞാനപീഠം. 2002-ന് ശേഷം തമിഴ് സാഹിത്യത്തിലേയ്ക്ക് ജ്ഞാനപീഠം വൈരമുത്തുവിലൂടെയാണ് എത്തുന്നത്. ഈ പുരസ്കാരം നേടുന്ന മൂന്നാമത്തെ തമിഴ് സാഹിത്യകാരനാണ് അദ്ദേഹം. മുൻപ്, പത്മശ്രീ, പത്മഭൂഷൺ ബഹുമതികൾ നൽകി രാജ്യം അദ്ദേഹത്തെ നേരത്തെ ആദരിച്ചിട്ടുണ്ട്.
പത്താം വയസ്സിൽ കവിതയെഴുതി തുടങ്ങിയ കാവ്യ ജീവിതമാണ് അദ്ദേഹത്തിന്റെ. സ്കൂൾ കാലഘട്ടത്തിൽ തന്നെ മികച്ച കവിയായി പേരെടുക്കുകയും ചെയ്തിരുന്നു. കവിതാസമാഹാരങ്ങളും നോവലുകളും ഉൾപ്പെടെ 37 പുസ്തകങ്ങൾ രചിച്ചു. ഇവ മലയാളം, ഇംഗ്ലീഷ്, ഹിന്ദി തുടങ്ങി നിരവധി ഭാഷകളിലേയ്ക്കും വിവർത്തനം ചെയ്തിട്ടുണ്ട്. 1980-ൽ ‘നിഴൽകൾ’ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്തെത്തിയ അദ്ദേഹം 7,500-ലധികം പാട്ടുകൾ രചിച്ചിട്ടുണ്ട്. 7 തവണ മികച്ച ഗാനരചയിതാവിനുള്ള ദേശീയ പുരസ്കാരവും, 6 തവണ തമിഴ്‌നാട് സംസ്ഥാന പുരസ്കാരവും, സാഹിത്യ അക്കാദമി അവാർഡും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.