ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ അടിയന്തര സാഹചര്യമുണ്ടായാൽ ട്രെയിൻ നിർത്താൻ യാത്രക്കാർക്ക് ഉപയോഗിക്കാവുന്ന പ്രധാന സുരക്ഷാ സംവിധാനമാണ് അലാറം ചെയിൻ. എന്നാൽ യഥാർഥ അടിയന്തര സാഹചര്യങ്ങളിൽ മാത്രം ഉപയോഗിക്കേണ്ട സംവിധാനമാണിതെന്ന് ഇന്ത്യൻ റെയിൽവേ നിരന്തരം മുന്നറിയിപ്പ് നൽകുന്നു. അനാവശ്യമായി അലാറം ചെയിൻ വലിക്കുന്നത് നിയമപരമായി കുറ്റകരമാണ്.
എങ്ങനെയാണ് അലാറം ചെയിൻ ട്രെയിൻ നിർത്തുന്നത്?
റെയിൽവേ കോച്ചുകളിലെ അലാറം ചെയിനുകൾ വെന്റ് വാൽവ് വഴിയാണ് ട്രെയിനിന്റെ പ്രധാന ബ്രേക്ക് പൈപ്പുമായി ബന്ധിപ്പിച്ചിരിക്കുന്നത്. സാധാരണയായി ബ്രേക്ക് പൈപ്പിൽ ഒരു ചതുരശ്ര സെന്റിമീറ്ററിന് ഏകദേശം 5 കിലോഗ്രാം വായു മർദം നിലനിർത്തുന്നുണ്ട്.
യാത്രക്കാരൻ അലാറം ചെയിൻ വലിക്കുമ്പോൾ വാൽവ് തുറക്കുകയും ബ്രേക്ക് പൈപ്പിലെ വായു പുറത്തേക്ക് പോകുകയും ചെയ്യും. ഇതോടെ ബ്രേക്ക് പൈപ്പിലെ മർദം കുറയുകയും ട്രെയിനിന്റെ വേഗത കുറയുകയും ചെയ്യും.
മർദത്തിലെ വ്യത്യാസം ലോക്കോ പൈലറ്റിന്റെ പ്രഷർ ഗേജിൽ കാണാനാകും. തുടർന്ന് ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കും. മൂന്ന് തവണ ഹോൺ മുഴക്കുന്നത് ഗാർഡിനും സുരക്ഷാ ജീവനക്കാർക്കും അലാറം ചെയിൻ വലിച്ചതിന്റെ സൂചനയായാണ് കണക്കാക്കുന്നത്.
LIVE