ഇറാന്‍ യുദ്ധം ഇന്ത്യയുടെ ഇറക്കുമതിയില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. ദ്രവ്യ പ്രകൃതി വാതകം (എല്‍എന്‍ജി) ഇറക്കുമതിക്ക് ഇന്ത്യ കൂടുതല്‍ ആശ്രയിച്ചിരുന്നത് ഖത്തറിനെ ആയിരുന്നു. യുദ്ധം തുടങ്ങുന്നതിന് മുമ്പ് വരെ ലോകത്തെ പ്രധാന എല്‍എന്‍ജി കയറ്റുമതി കേന്ദ്രമായിരുന്നു ഖത്തര്‍. എന്നാല്‍ ഇപ്പോള്‍ ആ പ്രതീക്ഷ നഷ്ടമായിരിക്കുന്നു. ഖത്തറില്‍ നിന്ന് ഇപ്പോള്‍ എല്‍എന്‍ജി പുറംലോകത്തേക്ക് വരുന്നില്ല.
ഖത്തറിലെ പ്രധാന വാതക കേന്ദ്രത്തിന് നേരെ ഇറാന്റെ ആക്രമണം ഉണ്ടായിരുന്നു. അതിനു ശേഷം ഉല്‍പ്പദനവും കയറ്റുമതിയും പഴയപോലെ നടക്കുന്നില്ല. മാത്രമല്ല, ഹോര്‍മുസ് കടല്‍പാത കടന്നാണ് ഖത്തറില്‍ നിന്ന് ചരക്കുകള്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലേക്ക് വന്നിരുന്നത്. ഹോര്‍മുസ് പാത അച്ചത് ഖത്തറിന് ഇരുട്ടടിയായി. ഇന്ത്യ പക്ഷേ, ബദല്‍ മാര്‍ഗം കണ്ടെത്തിയിരിക്കുകയാണ്.
അമേരിക്കയില്‍ നിന്നാണ് നിലവില്‍ ഇന്ത്യ കൂടുതല്‍ എല്‍എന്‍ജി ഇറക്കുമതി ചെയ്യുന്നത്. കെപ്ലര്‍ ഡാറ്റ പ്രകാരം ഓഗസ്റ്റില്‍ ഖത്തറില്‍ നിന്ന് ഇന്ത്യ എല്‍എന്‍ജി ഇറക്കിയിട്ടില്ല. പകരം അമേരിക്കയില്‍ നിന്നും നൈജീരിയയില്‍ നിന്നും ഇറക്കുമതി കുത്തനെ വര്‍ധിപ്പിച്ചു. ഖത്തറിന്റെ പ്രധാന വരുമാന സ്രോതസ് നഷ്ടമായി എന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്.
ജൂലൈയില്‍ അമേരിക്കയില്‍ നിന്ന് 7.23 ലക്ഷം ടണ്‍ എല്‍എന്‍ജിയാണ് ഇന്ത്യ വാങ്ങിയത്. ഓഗസ്റ്റില്‍ ഇത് 8.58 ലക്ഷം ടണ്‍ ആയി ഉയര്‍ന്നു. 18 ശതമാനത്തില്‍ അധികം വര്‍ധനവുണ്ടായി. ഇന്ത്യ മൊത്തം ഇറക്കുമതി ചെയ്തതിന്റെ 35 ശതമാനം അമേരിക്കയില്‍ നിന്നാണ്. അതേസമയം, നൈജീരിയയില്‍ നിന്നുള്ള ഇറക്കുമതി 84 ശതമാനം വര്‍ധിച്ചു. ഓഗസ്റ്റില്‍ 5.40 ലക്ഷം ടണ്‍ ആണ് നൈജീരിയയില്‍ നിന്ന് ഇറക്കിയത്. ഇന്ത്യ ഓഗസ്റ്റില്‍ വാങ്ങിയ എല്‍എന്‍ജിയുടെ 22 ശതമാനം നൈജീരിയയില്‍ നിന്നാണ്.
നേരത്തെ ഇന്ത്യ ഇറക്കുമതി ചെയ്തിരുന്ന മൊത്തം എല്‍എന്‍ജിയില്‍ 45 ശതമാനം ഖത്തറില്‍ നിന്നായിരുന്നു. കഴിഞ്ഞ മാര്‍ച്ച് മുതലാണ് വ്യാപാരം താളം തെറ്റിയത്. ഓഗസ്റ്റില്‍ ഇറക്കുമതി പൂര്‍ണമായും നിലച്ചു. പകരം അമേരിക്കയും നൈജീരിയയും മുന്നേറിയപ്പോള്‍ ഇന്ത്യന്‍ വിപണി ഖത്തറിന് മുമ്പില്‍ പൂര്‍ണമായും അടച്ചു എന്ന് പറയാനാകില്ല. കാരണം, ഖത്തറില്‍ നിന്നുള്ള ഇറക്കുമതിയാണ് ഇന്ത്യയ്ക്ക് ചെലവ് കുറവ്. യുദ്ധം അവസാനിക്കുകയും ഖത്തര്‍ എല്‍എന്‍ജി ഉല്‍പ്പാദനം ആരംഭിക്കുകയും ചെയ്താല്‍ ഇന്ത്യ വീണ്ടും വാങ്ങാന്‍ തുടങ്ങും.
യുദ്ധം അവസാനിപ്പിക്കാന്‍ ഖത്തര്‍ നിരന്തരമായി ശ്രമിക്കുന്നുണ്ട്. എല്ലാ ശ്രമങ്ങളും തകിടംമറിച്ച് ഇടയ്ക്കിടെ അമേരിക്ക ആക്രമണം നടത്തുന്നതാണ് പ്രതിസന്ധി. ഇറാനെ ഇനിയും ആക്രമിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് മുന്നറിയിപ്പ് നല്‍കി. യുദ്ധം കാരണം വ്യാപാരത്തില്‍ അമേരിക്ക് നേട്ടമുണ്ടായി എന്നാണ് പുതിയ കണക്കുകള്‍ കാണിക്കുന്നത്. എന്നാല്‍, യുദ്ധവുമായി നേരിട്ട് ബന്ധമില്ലാത്ത ഖത്തറിന് തിരിച്ചടിയും. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ അമേരിക്കന്‍ സൈനിക താവളം ഖത്തറിലാണ് എന്നതാണ് ഇറാന്‍ ഖത്തറിനെ ലക്ഷ്യമിടാന്‍ കാരണം.
LIVE