'വന്നത് പോലെ തിരിച്ചുപോകില്ലെന്ന് ഭീഷണിപ്പെടുത്തി; കൈ പിടിച്ചുതിരിച്ചു'; കോൺഗ്രസ് പ്രവർത്തകനെതിരെ രമ്യാ ഹരിദാസ്
ചിറയിൻകീഴിൽ കോൺഗ്രസ് പ്രവർത്തകരുമായുണ്ടായ വാക്കേറ്റത്തിലും കൈയാങ്കളിയിലും പ്രതികരണവുമായി രമ്യ ഹരിദാസ് എം.എൽ.എ. തന്റെ കൈ പിടിച്ചുതിരിച്ചെന്നും മർദ്ദിക്കാൻ ശ്രമിച്ചെന്നും രമ്യാ ഹരിദാസ് പ്രതികരിച്ചു.
"എന്നെ വലിച്ചിട്ട് 'നീ എന്തുവാടി പറയുന്നത്' എന്ന് ചോദിച്ചു. 'നീ ഇത്രയൊക്കെ പറയാൻ ആയോ. തുള്ളിയാൽ എത്രവരെ പോകുമെന്ന് നമുക്ക് അറിയാം'. എട്ടോളം ആളുകളുണ്ടായിരുന്നു. ഇലക്ട്രിക് വാഹനത്തിനാണ് വന്നത്. സജിത്ത് വളരെ മോശമായാണ് സംസാരിച്ചത്.സജിത്ത് ഇലക്ഷൻ സമയത്ത് കൂടെയുണ്ടായിരുന്നു. പിന്നീട് ഇലക്ഷന്റെ ഫണ്ട് വന്ന സമയത്ത് കുറച്ച് തട്ടിപ്പ് അതിനകത്ത് നടന്നു. അത് അന്വേഷണത്തിൽ ബോധ്യപ്പെട്ടു. സാമ്പത്തികം കൈകാര്യം ചെയ്യുന്നതിലും ഫ്ലക്സിന്റെയും പോസ്റ്ററിന്റെയും കാര്യത്തിലൊക്കെ തട്ടിപ്പുണ്ടായിരുന്നു. അങ്ങനെ സജിത്തിനെ മാറ്റിനിർത്തിയിരുന്നു. വളരെ മോശമായാണ് പറഞ്ഞത്. വന്നത് പോലെ തിരിച്ചുപോകില്ലെന്നും പോകാൻ കാലുണ്ടാകില്ലെന്നും പറഞ്ഞു".
സജിത്തിന്റെ ഭാഗത്ത് നിന്ന് ഇങ്ങനെയൊരു പ്രതികരണം പ്രതീക്ഷിച്ചില്ല. സ്ത്രീ എന്ന പരിഗണന പോലും തരാതെയാണ് പെരുമാറിയത്. വളരെ പ്രയാസപ്പെട്ടാണ് ഞാൻ അവിടെ നിന്ന് ഇറങ്ങിപ്പോയത്. ഞാൻ പോകാൻ നേരത്താണ് നീ എന്തുവാടി പറയുന്നതെന്ന് പറഞ്ഞത്.
കൈപിടിച്ച് തിരിച്ചപ്പോഴാണ് ഡ്രസിൽ രക്തമായത്. ഞാൻ പോകാൻ നേരമാണ് സജിത്തുമായി മൽപ്പിടിത്തമുണ്ടായത്. കയറിവന്നപ്പോൾ തന്നെ സജിത്ത് മോശമായി സംസാരിച്ചു. 'ഇവിടെ വന്ന് യോഗം വിളിക്കാൻ താനാരാ, തന്റെ ഉദ്ദേശ്യം എന്താണ് , വന്നപോലെ തന്നെ തിരിച്ചുവിടണമെന്ന് നോക്കാം' എന്നൊക്കെ പറഞ്ഞ് ആക്രോശിച്ചുകൊണ്ടാണ് അയാൾ വന്നതെന്നും രമ്യാ ഹരിദാസ് പറഞ്ഞു.