അധ്യാപകരുടെയും സഹപാഠികളുടെയും മോർഫ് ചെയ്ത അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കൊച്ചിയിൽ കോളേജ് വിദ്യാർത്ഥിക്കെതിരെ കേസ്
അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചുവെന്ന പരാതിയിൽ വിദ്യാർത്ഥിക്കെതിരെ കേസ്. കൊച്ചി തൃക്കാക്കരയിലെ ഭാരത് മാതാ കോളേജിലാണ് സംഭവം. രണ്ടാം വർഷ ബിബിഎ വിദ്യാർത്ഥിയായ ശ്രീഹരിക്കെതിരെയാണ് കേസെടുത്തത്. കോളേജിലെ അധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചുവെന്നാണ് പരാതി.
ടെലിഗ്രാമിലൂടെയും ഇൻസ്റ്റാഗ്രാമിലൂടെയുമാണ് മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ചത്. പരാതി ഉയർന്നതിന് പിന്നാലെ ശ്രീഹരിയെ കോളേജിൽ നിന്ന് പുറത്താക്കിയിരുന്നു. ഇയാളുടെ ഫോണിൽ മോർഫ് ചെയ്ത ചിത്രങ്ങൾ കണ്ടതിനെത്തുടർന്നാണ് നടപടി.
സെപ്തംബർ ഒന്നാം തീയതിയാണ് കോളേജിന് ഇതുസംബന്ധിച്ച് വിവരം ലഭിച്ചത്. പൂർവ വിദ്യാർത്ഥി ഒരധ്യാപികയ്ക്ക് വിവരം നൽകുകയായിരുന്നു. അടുത്ത ദിവസംതന്നെ പരാതി പരിശോധിച്ച് കോളേജ് മാനേജ്‌മെന്റ് പോലീസിനെ വിവരമറിയിച്ചു. സംഭവത്തിൽ സൈബർ പോലീസിന്റെ സഹായം തേടിയിട്ടുണ്ടെന്ന് കോളേജ് അധികൃതർ പറഞ്ഞു.
അതേസമയം, പരാതി ഉയർന്നതിന് പിന്നാലെ ലോക്കൽ ഗാർഡിയനൊപ്പം പോകാൻ ശ്രീഹരിയെ കോളേജ് അധികൃതർ അനുവദിച്ചുവെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു. ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിൽ ശ്രീഹരിക്കൊപ്പം മറ്റുചില വിദ്യാർത്ഥികൾ കൂടിയുണ്ടെന്ന് മാനേജ്‌മെന്റിനെ അറിയിച്ചിരുന്നു. ഇവരെക്കുറിച്ച് ശ്രീഹരിതന്നെ വിവരം നൽകുകയും ചെയ്തു. എന്നാൽ ഇക്കാര്യത്തിൽ മാനേജ്‌മെന്റ് നടപടി സ്വീകരിച്ചില്ലെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു.
ആരോപണവിധേയരായ വിദ്യാർത്ഥികളിലൊരാളെ പരീക്ഷ എഴുതാനും അനുവദിച്ചു. ഇതിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ പ്രിൻസിപ്പാളിന്റെ ഓഫീസിന് മുന്നിൽ പ്രതിഷേധം തുടരുകയാണ്. ആരോപണവിധേയരായ മറ്റ് വിദ്യാർത്ഥികളെയും കണ്ടുപിടിച്ച് അറസ്റ്റ് ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം