ഇസ്ലാമാബാദ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിനിടെ ഉണ്ടായ പരിക്കിനെച്ചൊല്ലിയുള്ള വിവാദങ്ങളെത്തുടർന്ന് പാകിസ്താൻ ഓപ്പണർ ഇമാം ഉൾ ഹഖിന് രണ്ട് വർഷം വരെ വിലക്ക് നേരിടേണ്ടി വന്നേക്കാമെന്ന് റിപ്പോർട്ടുകൾ. ലോർഡ്‌സിൽ നടന്ന ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ദിനത്തിൽ ഫീൽഡിങ്ങിനിടെയാണ് ഇമാമിന് പരിക്കേറ്റത്. പരിക്കിനെത്തുടർന്ന് മത്സരത്തിന്റെ ബാക്കി ഭാഗങ്ങളിൽ കളിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. രണ്ട് ഇന്നിങ്‌സുകളിലും ഇമാം ബാറ്റ് ചെയ്തിരുന്നില്ലെങ്കിലും, നാലാം ദിവസത്തെ കളി ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് അദ്ദേഹം പന്ത് തട്ടുന്നതിന്റെ ദൃശ്യങ്ങൾ ടിവിയിലൂടെ പുറത്തുവന്നിരുന്നു. ഈ മത്സരത്തിൽ 194 റൺസിന് പരാജയപ്പെട്ട പാകിസ്താന് 2-0 ന് പരമ്പര നഷ്ടമാവുകയും ചെയ്തു.
പരിക്കുമായി ബന്ധപ്പെട്ട വിവാദത്തെക്കുറിച്ച് അന്വേഷിക്കാൻ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ഒരു ഉന്നതതല അന്വേഷണ സമിതി രൂപീകരിക്കുന്നുണ്ട്. മുൻപും പരിക്കുകൾ വ്യാജമായി കാണിച്ചെന്ന ആരോപണം നേരിട്ടിട്ടുള്ള ഇമാമിന്, ആരോപണം തെളിയിക്കപ്പെട്ടാൽ രണ്ട് ർഷം വരെ കളിയിൽ നിന്ന് വിലക്ക് നേരിടേണ്ടി വന്നേക്കാം.
ഇമാമിനെ കൂടാതെ വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്വാന്റെ അച്ചടക്കത്തെക്കുറിച്ചും പിസിബി ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിനെതിരെ ഭാവിയിൽ കർശനമായ നടപടികൾ എടുത്തേക്കാം. വരും ദിവസങ്ങളിൽ റിസ്വാനെയും ചോദ്യം ചെയ്‌തേക്കുമെന്നും, മുൻ ക്യാപ്റ്റൻ കൂടിയായ അദ്ദേഹത്തെ വരും ഭാവിയിൽ ദേശീയ ടീമിലേക്ക് പരിഗണിക്കാൻ സാധ്യതയില്ലെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
തുടർച്ചയായ കനത്ത തോൽവികൾക്ക് പിന്നാലെ പാകിസ്താൻ ടീമിൽ വൻ അഴിച്ചുപണിയാണ് നടത്തിയിരിക്കുന്നത്. അവസാന ടെസ്റ്റിന് മുന്നോടിയായി ഇമാം ഉൾ ഹഖ്, റിസ്വാൻ, സൽമാൻ അലി ആഗ, അലി ഉസ്മാൻ, ഖുറം ഷഹ്സാദ് എന്നിവരുൾപ്പെടെ ഏഴ് കളിക്കാരെ ടീമിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവർക്ക് പകരം ഇതുവരെ അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടില്ലാത്ത അഞ്ച് പുതിയ താരങ്ങളെ ടീമിലേക്ക് വിളിച്ചിട്ടുണ്ട്. കൂടാതെ മുഖ്യ പരിശീലകനായ സർഫറാസ് അഹമ്മദിനെ സ്ഥാനത്തുനിന്ന് നീക്കി, പകരം വൈറ്റ് ബോൾ പരിശീലകനായ മൈക്ക് ഹെസ്സനെ ചുമതലയേൽപ്പിച്ചു
LIVE