Select Location
All Locations
State
Region
City / District
LIVE
തുടക്കം മുതലുള്ള എല്ലാ നടപടികളും അന്വേഷണത്തിന്റെ പരിധിയിൽ വരും. അന്വേഷണ ചുമതല ഒരു മുതിർന്ന ഉദ്യോഗസ്ഥനായിരിക്കും നൽകുക.

മെസിയുടെ പേരിലെ തട്ടിപ്പിൽ സമഗ്ര അന്വേഷണം; എസ്ഐടി രൂപീകരിക്കാൻ മുഖ്യമന്ത്രിയുടെ ശുപാർശ

ലയണൽ മെസി നായകനായുള്ള അർജന്റീന ടീമിനെ കേരളത്തിലെത്തിക്കുമെന്ന പ്രഖ്യാപനത്തിലെ ക്രമക്കേടുകളെക്കുറിച്ചുള്ള സമഗ്ര അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌.ഐ.ടി) രൂപീകരിക്കാൻ മുഖ്യമന്ത്രി ശുപാർശ ചെയ്തു. ഇതുസംബന്ധിച്ച ഫയൽ ആഭ്യന്തര വകുപ്പിന് കൈമാറിയിട്ടുണ്ട്. തുടക്കം മുതലുള്ള എല്ലാ നടപടികളും അന്വേഷണത്തിന്റെ പരിധിയിൽ വരും. അന്വേഷണ ചുമതല ഒരു മുതിർന്ന ഉദ്യോഗസ്ഥനായിരിക്കും നൽകുക.
സ്വകാര്യ സ്പോൺസർ കമ്പനിയായി റിപ്പോർട്ടറെ തിരഞ്ഞെടുത്തതിലെ മാനദണ്ഡങ്ങൾ, അവർക്ക് അനുകൂലമായി നടന്ന അവിഹിത നീക്കങ്ങൾ, സാമ്പത്തിക സ്രോതസ്സുകൾ, സ്റ്റേഡിയം വിട്ടുനൽകിയതുൾപ്പെടെയുള്ള സർക്കാർ ഉത്തരവുകൾ എന്നിവയെല്ലാം അന്വേഷണത്തിന്റെ പരിധിയിൽ വരും. മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന പേരിൽ നടത്തിയ വിദേശയാത്രകൾ, കരാർ വ്യവസ്ഥകൾ എന്നിവയ്ക്കൊപ്പം എല്ലാവിധ ഔദ്യോഗിക രേഖകളും ബാങ്ക് ഇടപാടുകളും സൂക്ഷ്മമായി പരിശോധിക്കാൻ അന്വേഷണ സംഘത്തിന് പൂർണ്ണ സ്വാതന്ത്ര്യമുണ്ടാകും.
അതേസമയം, ഈ തട്ടിപ്പുമായി ബന്ധപ്പെട്ട് ജി.എസ്ടി വകുപ്പ് തയ്യാറാക്കിയ റിപ്പോർട്ടിന്റെമേൽ ഇതുവരെയും കാര്യമായ തുടർനടപടികൾ ഉണ്ടായിട്ടില്ല. വൻതുകയായ 22.68 കോടി രൂപയുടെ നികുതി വെട്ടിപ്പും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള ഗുരുതര വീഴ്ചകളും ചൂണ്ടിക്കാട്ടി കഴിഞ്ഞ ആഗസ്റ്റ് 19-നാണ് എസ്.ഐ.ടി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചത്. സംഭവത്തിൽ നാല് ഉദ്യോഗസ്ഥർക്ക് ചാർജ് മെമ്മോ നൽകിയെങ്കിലും തുടർനടപടികൾ എങ്ങുമെത്തിയിട്ടില്ല. സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് വായ്പകളല്ലാതെ മറ്റ് രണ്ട് ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് 206 കോടി രൂപ ലഭിച്ചതുമായി ബന്ധപ്പെട്ട് വിശദീകരണം തേടിയിരുന്നെങ്കിലും, ഒന്നുമാത്രമേ ഇതുവരെ മറുപടി നൽകിയിട്ടുള്ളൂ. ആ മറുപടിയിൽ കൂടുതൽ വിശദമായ പരിശോധന ആവശ്യമാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.. എന്നാൽ രണ്ടാമത്തെ ധനകാര്യ സ്ഥാപനം ഇതുവരെ വിശദീകരണം നൽകിയിട്ടില്ലെന്നാണ് വിവരം.


News18Kerala 55 minutes ago
Home Flash News