വീട്ടുകാർ ആശുപത്രിയിൽ പോയ സമയത്ത് കോട്ടയത്ത് വീട് കുത്തിത്തുറന്ന് 24 പവൻ സ്വർണം കവർന്നു
കോട്ടയം പൂവത്തളപ്പിൽ വീട് കുത്തിത്തുറന്ന് 24 പവൻ സ്വർണവും പണവും മോഷ്ടിച്ചു. ചൊള്ളൻപുഴ സി.ജെ. ഏബ്രഹാമിന്റെ വീട്ടിലാണ് കവർച്ച നടന്നത്. പുലർച്ചെയോടെയായിരുന്നു സംഭവം.
ഏബ്രഹാമിന്റെ ഭാര്യ അസുഖത്തെ തുടർന്ന് പാലായിലെ ആശുപത്രിയിൽ ചികിത്സയിലായതിനാൽ ഏബ്രഹാമും ഒപ്പമുണ്ടായിരുന്നു. ഈ സമയം ഏബ്രഹാമിന്റെ മൂത്തമകൻ, യുകെയിലേക്ക് മടങ്ങുന്ന രണ്ടാമത്തെ മകനെയും കുടുംബത്തെയും നെടുമ്പാശേരി വിമാനത്താവളത്തിൽ ആക്കാൻ പോയ തക്കം നോക്കിയാണ് കവർച്ച നടന്നത്. വീട് ആരുമില്ലാത്ത നിലയിലായിരുന്നു.
വിമാനത്താവളത്തിൽ പോയി മടങ്ങിയെത്തിയപ്പോഴാണ് വീടിന്റെ മുൻവശത്തെ വാതിൽ കുത്തിപ്പൊളിച്ച നിലയിൽ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് അലമാര കുത്തിത്തുറന്ന് സ്വർണവും പണവും നഷ്ടപ്പെട്ട വിവരം അറിയുന്നത്. 40 പവൻ സ്വർണം നഷ്ടപ്പെട്ടെന്നാണ് വീട്ടുകാർ ആദ്യം പൊലീസിനെ അറിയിച്ചതെങ്കിലും, പിന്നീട് കുറച്ച് സ്വർണം വീടിന് സമീപത്തുനിന്ന് തന്നെ കണ്ടെടുത്തു. മോഷ്ടാക്കളുടെ കയ്യിൽ നിന്ന് താഴെ വീണതാകാം ഇതെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.