Select Location
All Locations
State
Region
City / District
കുടിയേറ്റ നിയമങ്ങളിൽ പിടിമുറുക്കി ട്രംപ്; ഉദ്യോഗസ്ഥർക്ക് പരിശീലനം, വിസ അഭിമുഖങ്ങൾ താൽക്കാലികമായി നിർത്തി

ന്യൂയോർക്ക്: ട്രംപ് ഭരണകൂടത്തിന്റെ വിപുലമായ കുടിയേറ്റ നിയന്ത്രണ നടപടികളുടെ ഭാഗമായി യുഎസ് എംബസികളിലെയും കോൺസുലേറ്റുകളിലെയും ഉദ്യോഗസ്ഥർക്കായി ആഗോള പരിശീലന പരിപാടി ആരംഭിച്ചു. ഇതിന് പിന്നാലെ ലോകമെമ്പാടുമുള്ള വിസ അപേക്ഷകരുടെ അപ്പോയിന്റ്മെന്റുകൾ താൽക്കാലികമായി പുനഃക്രമീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ. യുഎസ് സ്‌റ്റേറ്റ് ഡിപ്പാർട്ട്മെന്റാണ് ഇക്കാര്യം അറിയിച്ചത്.
ലോകമെമ്പാടുമുള്ള യുഎസ് എംബസികളിലും കോൺസുലേറ്റുകളിലും കോൺസുലർ ഉദ്യോഗസ്ഥർക്കായി പരിശീലന പരിപാടി ആരംഭിച്ചതായി സ്‌റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് പറഞ്ഞു. പരിശീലനത്തിനനുസരിച്ച് വിസ അപ്പോയിന്റ്മെന്റ് ഷെഡ്യൂളുകളിൽ മാറ്റം വരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ പരിശീലനം എത്രകാലം നീളുമെന്നോ അപ്പോയിന്റ്മെന്റുകൾ എത്രത്തോളം വൈകുമെന്നോ സംബന്ധിച്ച വിശദാംശങ്ങൾ സ്‌റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പുറത്തുവിട്ടിട്ടില്ല.
അമേരിക്കൻ സർക്കാരിന്റെ പൊതുസഹായ പദ്ധതികളെ ആശ്രയിക്കാൻ സാധ്യതയുള്ള അപേക്ഷകരെ കൂടുതൽ ഫലപ്രദമായി തിരിച്ചറിയുന്നതിനും എല്ലാ വിസ അപേക്ഷകളും സമഗ്രമായും ഒരേ മാനദണ്ഡപ്രകാരവും പരിശോധിക്കുന്നതിനുമാണ് പരിശീലനം ലക്ഷ്യമിടുന്നതെന്ന് സ്‌റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
ഇതിനിടെ, വിസ അഭിമുഖത്തിന് തീയതി ലഭിച്ചിരുന്ന കുടിയേറ്റ വിസ അപേക്ഷകർക്ക് അപ്പോയിന്റ്മെന്റ് പുനഃക്രമീകരിക്കുന്നതായി അറിയിച്ചുകൊണ്ട് യുഎസ് എംബസികളിൽ നിന്നും കോൺസുലേറ്റുകളിൽ നിന്നും ഇമെയിലുകൾ ലഭിച്ചതായി റിപ്പോർട്ടുകളുണ്ട്. പുതിയ തീയതി പിന്നീട് അറിയിക്കുമെന്നും അപേക്ഷകരെ അറിയിച്ചിട്ടുണ്ട്.
ഡൊണാൾഡ് ട്രംപ് ഭരണകൂടം കുടിയേറ്റ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനിടെയാണ് പുതിയ നടപടി. വിസകളും ഗ്രീൻ കാർഡുകളും റദ്ദാക്കുന്നതും വിവിധ കാരണങ്ങളാൽ അപേക്ഷകൾ നിരസിക്കുന്നതും ഉൾപ്പെടെയുള്ള നടപടികൾ ഭരണകൂടം ഇതിനകം സ്വീകരിച്ചിട്ടുണ്ട്. രാഷ്ട്രീയ നിലപാടുകളും പലസ്‌തീൻ അനുകൂല പ്രതിഷേധങ്ങളിൽ പങ്കെടുത്തതും വരെ ചില നടപടികളിൽ പരിഗണിക്കപ്പെടുന്ന കാരണങ്ങളായി മാറിയിട്ടുണ്ട്.
അതിനിടെ ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ നയങ്ങൾക്കെതിരെ കോടതികളിലും വെല്ലുവിളികൾ ഉയരുന്നുണ്ട്. 75 രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകർക്ക് കുടിയേറ്റ വിസ അനുവദിക്കുന്നത് നിർത്തിവച്ച നയം അടുത്തിടെ യുഎസ് കോടതി റദ്ദാക്കിയിരുന്നു. അത്തരമൊരു നടപടി സ്വീകരിക്കാൻ സ്‌റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ നിയമപരമായ അധികാരപരിധി മറികടന്നതായി കോടതി വിലയിരുത്തി.
നിയമപരമായ കുടിയേറ്റം കൂടുതൽ നിയന്ത്രിക്കുന്നതിനുള്ള നടപടികളും ഭരണകൂടം മുന്നോട്ടുവയ്ക്കുന്നുണ്ട്. പുതിയ ക്യാപ്-സബ്‌ജെക്റ്റ്‌ എച്ച്-1ബി വിസ അപേക്ഷകൾക്ക് 1,03,265 ഡോളർ ഫീസ് സ്ഥിരമായി ഏർപ്പെടുത്താനുള്ള നിർദേശവും യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി മുന്നോട്ടുവച്ചിട്ടുണ്ട്.
പ്രത്യേക വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികളെ നിയമിക്കുന്ന യുഎസ് കമ്പനികൾക്ക് ഈ നിർദ്ദേശം വലിയ അധിക സാമ്പത്തിക ബാധ്യതയാകും. നേരത്തെ ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ 1 ലക്ഷം ഡോളർ ഫീസ് കോടതി തടഞ്ഞതിനെ തുടർന്നാണ് പുതിയ നിർദേശം. കൂടാതെ എച്ച്-1ബി അപേക്ഷകരുടെ പരിശോധന കൂടുതൽ ശക്തമാക്കാനും വിസ തിരഞ്ഞെടുപ്പ് സംവിധാനത്തിൽ മാറ്റം വരുത്താനും ട്രംപ് ഭരണകൂടം നിർദേശിച്ചിട്ടുണ്ട്.


One India Malayalam 19 minutes ago
Home Flash News