ട്രെയ്‌ലർ റിലീസിനും മുൻപേ ഒരു ചെറിയ വരവ്; കരീന കപൂർ ഖാനും പൃഥ്വിരാജ് സുകുമാരനും വേഷമിടുന്ന 'ദായ്റ'യുടെ പുതിയ പോസ്റ്റർ
മേഘ്ന ഗുൽസാറിന്റെ ക്രൈം ത്രില്ലർ ദായ്റയുടെ പുതിയ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. കരീന കപൂർ ഖാനും (Kareena Kapoor Khan) പൃഥ്വിരാജ് സുകുമാരനും (Prithiraj Sukumaran) പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിന്റെ കഥാപരിസരത്തെക്കുറിച്ച് കൂടുതൽ സൂചനകൾ നൽകുന്നതാണ് പുതിയ പോസ്റ്റർ. ഓഗസ്റ്റ് 31ന് ട്രെയ്‌ലർ പുറത്തിറങ്ങാനിരിക്കെ, ഇരുവരുടെയും കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധമെന്താണെന്ന ചോദ്യമുയർത്തുന്നതിനൊപ്പം കഥയെക്കുറിച്ചുള്ള ആകാംക്ഷ വർധിപ്പിക്കുന്ന തരത്തിലാണ് പോസ്റ്റർ ഒരുക്കിയിരിക്കുന്നത്.
പോലീസ് ടേപ്പിന്റെ നിരവധി പാളികൾക്കിടയിൽ പരസ്പരം പുറംതിരിഞ്ഞ് നിൽക്കുന്ന കരീന കപൂർ ഖാനും പൃഥ്വിരാജ് സുകുമാരനുമാണ് പോസ്റ്ററിലുള്ളത്. പശ്ചാത്തലത്തിൽ അവ്യക്തമായ ഒരു മുഖവും കാണാം. ആദ്യ കാഴ്ചയിൽ തന്നെ കൗതുകമുണർത്തുന്ന ഈ ദൃശ്യം, രണ്ട് വ്യത്യസ്ത കാഴ്ചപ്പാടുകളിലേക്കാണ് വിരൽചൂണ്ടുന്നത്. ഇവരെ തമ്മിൽ ബന്ധിപ്പിക്കുന്നതെന്താണ്? ആ ടേപ്പുകൾക്കുള്ളിൽ എന്താണ് ഒളിഞ്ഞിരിക്കുന്നത് തുടങ്ങിയ ചോദ്യങ്ങളാണ് പോസ്റ്റർ പ്രേക്ഷകരിൽ ഉയർത്തുന്നത്.
കാണാനാകുന്നതും മറച്ചുവെച്ചിരിക്കുന്നതും തമ്മിൽ വ്യക്തമായൊരു വിഭജനം സൃഷ്ടിക്കുന്നതാണ് പോസ്റ്റർ. ഉത്തരങ്ങൾ ഇപ്പോഴും അണിയറപ്രവർത്തകർ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. ട്രെയ്‌ലർ റിലീസിന് ഇനി ദിവസങ്ങൾ മാത്രം ശേഷിക്കെ, ‘ദായ്റ’യെക്കുറിച്ചുള്ള ആകാംക്ഷ കൂടുതൽ ശക്തമാകുകയാണ്.