Select Location
All Locations
State
Region
City / District
'ദൃശ്യം' സിനിമയുമായുള്ള സാമ്യം ചർച്ചയായ വിഖ്യാത ജാപ്പനീസ് നോവലിസ്റ്റ് കെയ്ഗോ ഹിഗാഷിനോ അന്തരിച്ചു

'ദൃശ്യം' സിനിമയുമായുള്ള സാമ്യം ചർച്ചയായ വിഖ്യാത ജാപ്പനീസ് നോവലിസ്റ്റ് കെയ്ഗോ ഹിഗാഷിനോ അന്തരിച്ചു

സങ്കീർണമായ കഥാസന്ദർഭങ്ങളിലൂടെയും സർഗാത്മകതയിലൂടെയും ശ്രദ്ധേയനായ പ്രശസ്ത ജാപ്പനീസ് നിഗൂഢ നോവലെഴുത്തുകാരൻ കെയ്ഗോ ഹിഗാഷിനോ അന്തരിച്ചു. 68 വയസായിരുന്നു. വൻകുടലിലെ അർബുദബാധയെ തുടർന്ന് വ്യാഴാഴ്ച പുലർച്ചെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഔദ്യോഗിക എക്സ് അക്കൗണ്ട് വഴിയാണ് മരണവിവരം അറിയിച്ചത്.

"കെയ്ഗോ ഹിഗാഷിനോയുടെ വേർപാടിൽ ഞങ്ങൾ അനുശോചനം രേഖപ്പെടുത്തുകയും ഈ വിവരം എല്ലാവരെയും അറിയിക്കുകയും ചെയ്യുന്നു," എന്ന് പ്രസ്താവനയിൽ പറയുന്നു. സംസ്കാര ചടങ്ങുകൾ സ്വകാര്യമായി നടന്നു. 106 പുസ്തകങ്ങൾ ഹിഗാഷിനോ രചിച്ചിട്ടുണ്ട്. ഇംഗ്ലീഷ് സംസാരിക്കുന്ന ലോകത്ത് അദ്ദേഹം ഏറ്റവും കൂടുതൽ അറിയപ്പെടുന്നത് "ദി ഡിവോഷൻ ഓഫ് സസ്പെക്റ്റ് എക്സ്" (The Devotion of Suspect X) എന്ന നോവലിലൂടെയാണ്. ഒരു തികഞ്ഞ കുറ്റകൃത്യം രൂപകല്പന ചെയ്യുകയും എന്നാൽ തുല്യ മിടുക്കനായ തന്റെ ഭൗതികശാസ്ത്രജ്ഞനായ സുഹൃത്തിൽ നിന്ന് വെല്ലുവിളി നേരിടുകയും ചെയ്യുന്ന ഒരു ഹൈസ്കൂൾ ഗണിത അധ്യാപകന്റെ കഥയാണ് ഈ നോവൽ പറയുന്നത്.

2013ൽ പുറത്തിറങ്ങിയ ജിത്തു ജോസഫ്- മോഹൻലാൽ ചിത്രം 'ദൃശ്യ'ത്തിന്റെ പ്രമേയത്തിന് 2005ൽ പുറത്തിറങ്ങിയ ഈ നോവലുമായുള്ള സാമ്യം അന്ന് ഏറെ ചർച്ചയായിരുന്നു. ഈ നോവലിലൂടെ 2006-ൽ അദ്ദേഹം പ്രശസ്തമായ 'നഓക്കി പ്രൈസ്', 'ഹോങ്കാകു മിസ്റ്ററി അവാർഡ്സ്' എന്നിവ നേടി. ജീവിതകാലത്ത് അദ്ദേഹം നേടിയതോ നാമനിർദ്ദേശം ചെയ്യപ്പെട്ടതോ ആയ നിരവധി പുരസ്കാരങ്ങളിൽ ചിലത് മാത്രമാണിത്. 1958-ൽ ഒസാക്കയിലാണ് ഹിഗാഷിനോ ജനിച്ചത്. ചെറുപ്പത്തിൽ തന്നെ നിഗൂഢ കഥകളോട് താല്പര്യം വളർത്തിയെടുത്ത അദ്ദേഹം ജീവിതത്തിലുടനീളം എഴുത്തുമായി മുന്നോട്ടുപോയി

തന്റെ ഒഴിവുസമയങ്ങളിൽ എഴുത്ത് തുടർന്നുവെങ്കിലും, പ്രൊഫഷണൽ കരിയറിന്റെ തുടക്കത്തിൽ 'ഡെൻസോ' എന്ന ഒട്ടോമോട്ടീവ് കൊമ്പോണന്റ് ഫേമിൽ എഞ്ചിനീയറായിട്ടാണ് അദ്ദേഹം ജോലി ചെയ്തത്. 1985-ൽ, 27-ാം വയസ്സിൽ, പ്രസിദ്ധീകരിക്കാത്ത തന്റെ നോവലായ "ആഫ്റ്റർ സ്കൂൾ" (After School) 'എഡോഗാവ രാമ്പോ പ്രൈസിനായി' സമർപ്പിക്കുകയും അത് വിജയിക്കുകയും ചെയ്തു. അതേ വർഷം തന്നെ ഈ കൃതി അദ്ദേഹത്തിന്റെ ആദ്യ നോവലായി പ്രസിദ്ധീകരിച്ചു. 2014-ൽ "ദി ഫൈനൽ കർട്ടൻ" (The Final Curtain) എന്ന നോവലിന് അദ്ദേഹത്തിന് യോഷികാവ ഏജി സാഹിത്യ പുരസ്കാരം ലഭിച്ചു. അദ്ദേഹത്തിന്റെ ഏറ്റവും ജനപ്രിയമായ പുസ്തകങ്ങൾ നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും സിനിമകൾക്കും ടിവി പരമ്പരകൾക്കുമായി ദൃശ്യവത്കരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

പ്രസാധകരുടെ കണക്കനുസരിച്ച് 2023 ആയപ്പോഴേക്കും ജപ്പാനിൽ മാത്രം അദ്ദേഹത്തിന്റെ 10 കോടിയിലധികം പുസ്തകങ്ങൾ വിറ്റഴിഞ്ഞിരുന്നു.

അദ്ദേഹത്തിന്റെ "എറ്റേണൽ മെമ്മറി" (Eternal Memory) എന്ന പുതിയ നോവൽ അടുത്ത മാസം പ്രസിദ്ധീകരിക്കാൻ നിശ്ചയിച്ചിരിക്കുകയായിരുന്നു.


News18Kerala 2 hours ago
Home Flash News