'കഴിഞ്ഞ മാസം 3.81 കോടി സർവീസുകൾ; സ്ത്രീ യാത്രക്കാർ ദിവസം 12 ലക്ഷം;'പ്രിയദർശിനിയുടെ നേട്ടങ്ങളുമായി ഗതാഗത മന്ത്രി
പ്രിയദർശിനി പദ്ധതി വൻ വിജയമെന്ന് ഗതാഗത മന്ത്രി സി പി ജോൺ. കഴിഞ്ഞ ഒരു മാസം കൊണ്ട് മാത്രം പദ്ധതിയുടെ ഭാഗമായി 3.81 കോടി സർവീസുകൾ നടത്തിയെന്നും, ദിവസേനയുള്ള സ്ത്രീ യാത്രക്കാരുടെ എണ്ണം അഞ്ചര ലക്ഷത്തിൽ നിന്ന് 12 ലക്ഷമായി ഉയർന്നുവെന്നും മന്ത്രി വ്യക്തമാക്കി.
ഈ പദ്ധതി വഴി സംസ്ഥാനത്തെ ടൂറിസം രംഗത്തും വലിയ നേട്ടമുണ്ടായിട്ടുണ്ട്. ഗവി, പൊന്മുടി, നെല്ലിയാമ്പതി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശകരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായപ്പോൾ മലക്കാപ്പാറയിൽ മാത്രം 48 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയത്. പ്രിയദർശിനി പദ്ധതി മൂലം കെഎസ്ആർടിസിക്ക് പ്രതിമാസം 60 കോടി രൂപയുടെ റവന്യൂ നഷ്ടം ഉണ്ടാകുന്നുണ്ട്. ബജറ്റിൽ 600 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു
കെഎസ്ആർടിസിയുടെ പ്രവർത്തനങ്ങളിൽ വികേന്ദ്രീകരണം കൊണ്ടുവന്നതിന്റെ ഭാഗമായി എല്ലാ ഡിപ്പോകളിലും അതാത് എംഎൽഎമാർ അധ്യക്ഷന്മാരായ കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. യാത്രക്കാരുടെ സൗകര്യത്തിനായി 149 എന്ന നമ്പറിൽ പുതിയ കോൾ സെന്റർ ആരംഭിച്ചതായും, ജീവനക്കാരുടെ മികച്ച സേവനം മുൻനിർത്തി മൂന്ന് മാസത്തിലൊരിക്കൽ അവർക്ക് പ്രത്യേക ബഹുമതികൾ നൽകുമെന്നും മന്ത്രി പറഞ്ഞു. ഇതുകൂടാതെ വേളി മുതൽ പാർവതി പുത്തനാർ വരെ പുതിയ പാസ്സഞ്ചർ സർവീസ് ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
വാഹനാപകടങ്ങളിൽപ്പെടുന്നവർക്ക് അടിയന്തര ചികിത്സ ഉറപ്പാക്കുന്ന കേന്ദ്ര പദ്ധതിയായ പി എം റാഹത്തിന്റെ ടെസ്റ്റ് റൺ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആരംഭിച്ചതായും മന്ത്രി വ്യക്തമാക്കി. ഈ പദ്ധതി വഴി ഒന്നര ലക്ഷം രൂപ വരെയുള്ള ചികിത്സ പൂർണ്ണമായും സൗജന്യമായി ലഭിക്കും. പരിക്കേറ്റവർക്ക് ആവശ്യമായ സാമ്പത്തിക സഹായവും മറ്റ് നടപടികളും വേഗത്തിലാക്കാൻ ആശുപത്രികളിൽ പ്രത്യേക സർക്കാർ ജീവനക്കാരെ നിയോഗിക്കുമെന്നും മന്ത്രി സി പി ജോൺ കൂട്ടിച്ചേർത്തു.