Select Location
All Locations
State
Region
City / District
ഇറാന് 'ദീര്‍ഘകാല പണി' കൊടുക്കാന്‍ യുഎസ്; രണ്ട് അയല്‍ രാജ്യങ്ങളില്‍ ഫോക്കസ്, ശക്തി ചോരും

ഇറാന് 'ദീര്‍ഘകാല പണി' കൊടുക്കാന്‍ യുഎസ്; രണ്ട് അയല്‍ രാജ്യങ്ങളില്‍ ഫോക്കസ്, ശക്തി ചോരും

അമേരിക്ക ആക്രമിച്ചാല്‍ ലോകം മൊത്തം ഇതിന്റെ പ്രതിഫലനം ഉണ്ടാകുമെന്ന് യുദ്ധം തുടങ്ങുന്നതിന് മുമ്പ് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അമേരിക്കയും ഇസ്രായേലും ആക്രമണം തുടങ്ങി മൂന്നാം ദിവസം ഇറാന്‍ ഹോര്‍മുസ് കടല്‍ പാത അടച്ചു. ഇതോടെ മിക്ക രാജ്യങ്ങളും യുദ്ധത്തിന്റെ പ്രതിസന്ധി അറിയാന്‍ തുടങ്ങി. എങ്കിലും അഞ്ച് മാസം തികയാറായിട്ടും യുദ്ധം നിലയ്ക്കുന്ന മട്ടില്ല.

പ്രകൃതി തന്നെ നല്‍കിയ ഹോര്‍മുസ് കടല്‍പാതയാണ് ഇറാന്റെ ശക്തി. ഇതിന് പകരം വഴികള്‍ ഒരുക്കി ഈ ശക്തി ചോര്‍ത്താനാണ് അമേരിക്കയുടെ നീക്കം. സൗദി അറേബ്യ ചെങ്കടല്‍ വഴി മറ്റൊരു ചരക്ക് പാത ഒരുക്കിയിട്ടുണ്ട്. യുഎഇ ഫുജൈറ തുറമുഖം വഴിയും ചരക്കുപാത ഒരുക്കി. എന്നാല്‍ ഇറാനുമായി ഐക്യത്തോടെ മുന്നോട്ട് പോയിരുന്ന അയല്‍ രാജ്യങ്ങളായ ഇറാഖിലും സിറിയയിലും കേന്ദ്രീകരിക്കുകയാണ് ഇപ്പോള്‍ അമേരിക്ക.

ബശ്ശാറുല്‍ അസദ് പ്രസിഡന്റായിരുന്ന വേളയില്‍ ഇറാനുമായി സഹകരിച്ചാണ് സിറിയ മുന്നോട്ട് പോയിരുന്നത്. ആഭ്യന്തര യുദ്ധത്തിന് ശേഷം പുതിയ സര്‍ക്കര്‍ അധികാരത്തിലെത്തിയതോടെ സിറിയ ഇറാനുമായി അകന്നു. അമേരിക്കയുമായി കൂടുതല്‍ അടുത്തു. സിറിയയിലെ നിരവധി കരാറുകള്‍ ഇപ്പോള്‍ അമേരിക്കന്‍ കമ്പനികള്‍ക്കാണ് ലഭിക്കുന്നത്.

ഇറാഖ് ഇപ്പോഴും ഇറാനുമായി ഐക്യത്തോടെയാണ് മുന്നോട്ട് പോകുന്നത്. ഇവിടെ നിന്ന് എല്ലാ സൈനികരെയും പിന്‍വലിക്കന്‍ അമേരിക്ക കഴിഞ്ഞ ദിവസം തീരുമാനിച്ചു. സെപ്തംബര്‍ 30നകം എല്ലാ യുഎസ് സൈനികരും ഇറാഖ് വിടും. എന്നാല്‍ ഇറാഖുമായി സാമ്പത്തിക സഹകരണം ശക്തമാക്കുമെന്ന് അമേരിക്ക വ്യക്തമാക്കുകയും ചെയ്തു.

ഇറാഖ്-സിറിയ എണ്ണ പൈപ്പ് ലൈന്‍

ഇറാഖില്‍ നിന്ന് സിറിയയിലേക്ക് പൈപ്പ് ലൈന്‍ പുനഃസ്ഥാപിക്കുന്ന പദ്ധതി സജീവ പരിഗണനയിലാണ്. ഇതുവഴി ക്രൂഡ് ഓയില്‍ കയറ്റുമതിയാണ് ലക്ഷ്യം. പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് അമേരിക്ക. അമേരിക്കന്‍ കമ്പനികളും വിദഗ്ധരും പൈപ്പ് ലൈന്‍ നിര്‍മാണത്തിന്റെ ഭാഗമാകുമെന്നാണ് അമേരിക്കന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍.

ഇറാഖിലെ കിര്‍ക്കുക്കില്‍ നിന്ന് സിറിയയിലെ മെഡിറ്ററേനിയന്‍ തീരത്തേക്കാണ് പൈപ്പ് ലൈന്‍. ഇത് യാഥാര്‍ഥ്യമായാല്‍ ഇറാഖില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഹോര്‍മുസ് പാത തൊടാതെ വിദേശത്തേക്ക് കയറ്റുമതി ചെയ്യാന്‍ സാധിക്കും. ഇതോടെ ഹോര്‍മുസ് പാത അടച്ച് മറ്റു രാജ്യങ്ങള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള ഇറാന്റെ ശേഷി ഇല്ലാതാകുമെന്ന് അമേരിക്ക കണക്കുകൂട്ടുന്നു. ഇതുകൂടി കണക്കിലെടുത്താണ് ഇറാഖ്-സിറിയ പൈപ്പ്‌ലൈന് അമേരിക്ക പിന്തുണ നല്‍കുന്നത്.

അമേരിക്കയുടെ തന്ത്രങ്ങള്‍

കിര്‍ക്കുക്ക് മുതല്‍ സിറിയിയലെ ബനിയാസ് വരെ നീളുന്ന പൈപ്പ് ലൈന്‍, ബസറ മുതല്‍ ഹാദിസ വരെ നീളുന്ന മറ്റൊരു പൈപ്പ് ലൈന്‍ എന്നിവയാണ് ചര്‍ച്ചയില്‍. രണ്ടാമത്തെ പൈപ്പ് ലൈന്‍ സിറിയ, തുര്‍ക്കി, ജോര്‍ദാന്‍ എന്നിവിടങ്ങളിലേക്ക് നീട്ടാന്‍ സാധിക്കും. അമേരിക്കന്‍ കമ്പനിയായ ഷെവ്‌റോണുമായി ഇറാഖിലെ എണ്ണ കമ്പനികള്‍ക്ക് കരാര്‍ ഒപ്പിടാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി കഴിഞ്ഞു.

ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇറാഖ്. ഇവിടെ നിന്നുള്ള എണ്ണ കയറ്റുമതിക്ക് സഹായിച്ചാല്‍ സിറിയക്കും സാമ്പത്തിക നേട്ടമുണ്ടാകും. അമേരിക്കയുടെ മധ്യസ്ഥതയിലാണ് ഇരുരാജ്യങ്ങളുടെയും പദ്ധതികള്‍. സിറിയക്കും ഇറാഖിനും വേണ്ടിയുള്ള അമേരിക്കയുടെ പ്രതിനിധി തോമസ് ബറാക് ആണ് ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കുന്നത്. ഇവിടെ ഇറാന് സ്വാധീനം നഷ്ടപ്പെടുകയും അമേരിക്കക്ക് സ്വാധീനം വര്‍ധിക്കുകയും ചെയ്താല്‍ ഭാവിയില്‍ ഇറാന് തിരിച്ചടിയാകും.


One India Malayalam 1 hour ago
Home Flash News