Select Location
All Locations
State
Region
City / District
തേജസ്വിനി മുതല്‍ സൗഗന്ധിക വരെ; അഞ്ച് പുതിയ വിളയിനങ്ങളുമായി കാര്‍ഷിക സര്‍വകലാശാല

തേജസ്വിനി മുതല്‍ സൗഗന്ധിക വരെ; അഞ്ച് പുതിയ വിളയിനങ്ങളുമായി കാര്‍ഷിക സര്‍വകലാശാല

തൃശൂര്‍: കേരള കാര്‍ഷിക സര്‍വകലാശാല അഞ്ച് പുതിയ വിളയിനങ്ങള്‍ പുറത്തിറക്കി. കേരളത്തിന്റെ കാലാവസ്ഥയ്‌ക്ക് അനുയോജ്യമായതും അധിക വിളവ് തരുന്നതും കര്‍ഷകര്‍ക്ക് മികച്ച വരുമാനം ഉറപ്പ് നല്‍കുന്നതുമായ പുതിയ ഇനങ്ങള്‍ തേജസ്വിനി (മുളക്), മേധ (ബ്രഹ്‌മി), സൗഗന്ധിക (രാമച്ചം), കൊച്ചിന്‍ പ്രൈഡ് (ഇഞ്ചി), ഗോള്‍ഡന്‍ ഫിംഗര്‍ (മഞ്ഞള്‍) എന്നിവയാണ്. തേജസ്വിനി (മുളക്) വെള്ളായണി കാര്‍ഷിക കോളജിലെ വെജിറ്റബിള്‍ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് മേധാവിയും അസോ. പ്രൊഫസറുമായ ഡോ. ശാരദ എസ്. വികസിപ്പിച്ചെടുത്തതാണ്. കുറ്റിച്ചെടിയായി വളരുന്നതും, നീളമുള്ള കായ്‌കള്‍ തരുന്നതും, ഉയര്‍ന്ന വിളവ് നല്‍കുന്നതുമായ ഈ ഇനം കേരളത്തില്‍ കൃഷി ചെയ്യാന്‍ അനുയോജ്യമാണ്. ഇതിന്റെ കായ്‌കള്‍ക്ക് കൂടുതല്‍ തൂക്കവും നീളവുമുണ്ട്. ഇടത്തരം എരിവുള്ള ഈ ഇനത്തിന് വൈറസ് രോഗങ്ങളെയും വാട്ടരോഗത്തെയും പ്രതിരോധിക്കാനുള്ള ശേഷിയുണ്ട്. ഹെക്ടറിന് ശരാശരി 32.50 ടണ്‍ ആണ് ഇതിന്റെ വിളവ്. ഉപഭോക്താക്കള്‍ക്കിടയില്‍ മികച്ച സ്വീകാര്യതയുള്ള ഈ ഇനം കേരളത്തിലുടനീളം കൃഷി ചെയ്യാന്‍ ശിപാര്‍ശ ചെയ്യുന്നു.

ഓടക്കാലി സുഗന്ധവിള ഔഷധ സസ്യ ഗവേഷണ കേന്ദ്രം മേധാവിയും പ്രൊഫസറുമായ ഡോ. ആന്‍സി ജോസഫ് പുറത്തിറക്കിയ ഒരു ബ്രഹ്‌മി ഇനമാണ് മേധ. പ്രധാനമായും മധ്യകേരളത്തില്‍ കൃഷി ചെയ്യാന്‍ അനുയോജ്യമായ ഇനമാണ് ഇത്. മികച്ച ഉത്പാദന ശേഷിയും ഉയര്‍ന്ന ബാക്കോസൈഡ് അളവുമാണ് ഇതിന്റെ പ്രത്യേകതകള്‍. മണ്ണില്‍ പടര്‍ന്നു വളരുന്ന ഈ ചെടിയുടെ തണ്ടുകളില്‍ വളര്‍ച്ചയുടെ 80-ാം ദിവസമാകുമ്പോഴേക്കും ഇളം തവിട്ടുനിറത്തിലുള്ള ആന്തോസയാനിന്‍ (ചെടികളില്‍ ചുവപ്പ്/പര്‍പ്പിള്‍ നിറം നല്‍കുന്ന വര്‍ണവസ്തു) പിഗ്മെന്റേഷന്‍ പ്രകടമാകും. നല്ല സൂര്യപ്രകാശമുള്ള തുറസായ സ്ഥലങ്ങളില്‍ ഇതില്‍ നിന്ന് ഹെക്ടറിന് 34-36 ടണ്‍ വിളവും, ഉണക്കിയെടുത്താല്‍ 5-6 ടണ്‍ വിളവും ലഭിക്കും. ഡോ. ആന്‍സി ജോസഫ് ഓടക്കാലി സുഗന്ധവിള ഔഷധ സസ്യഗവേഷണ കേന്ദ്രത്തില്‍ നിന്ന് പുറത്തിറക്കിയ രാമച്ചം ഇനമാണ് സൗഗന്ധിക. ഉയര്‍ന്ന അളവില്‍ എസെന്‍ഷ്യല്‍ ഓയില്‍ (1.4%) അടങ്ങിയ ഒരു രാമച്ച ഇനമാണ് ഇത്. മികച്ച വളര്‍ച്ച, കൂടുതല്‍ തൈകള്‍ പൊട്ടാനുള്ള ശേഷി (profuse tillering), ഉയര്‍ന്ന വേര് ഉത്പാദനം, കൂടുതല്‍ എണ്ണയുടെ അളവ് എന്നിവയുണ്ട്. കുറഞ്ഞ അളവില്‍ വളരെ വൈകി പൂക്കുന്നതാണ് ഇതിന്റെ മറ്റൊരു സവിശേഷത. വേരുകള്‍ക്ക് നല്ല കനവും, സുഗന്ധവും നീളവുമുള്ളതിനാല്‍ ഹെക്ടറിന് 6.1 – 7.8 ടണ്‍ വരെ ഉണക്കവേര് വിളവായി ലഭിക്കുന്നു. വേരിനും എണ്ണ ഉത്പാദനത്തിനുമായി കേരളത്തിന്റെ മധ്യമേഖലയിലെ തുറസായ സ്ഥലങ്ങളില്‍ കൃഷി ചെയ്യാന്‍ ഇത് ശിപാര്‍ശ ചെയ്യുന്നു.

വെള്ളാനിക്കര കാര്‍ഷിക കോളജിലെ പ്ലാന്റേഷന്‍ ക്രോപ്‌സ് ആന്‍ഡ് സ്‌പൈസസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ അസി. പ്രൊഫസറായ ഡോ. നായര്‍ സുനില്‍ അപ്പുക്കുട്ടന്‍ വികസിപ്പിച്ച ഇഞ്ചി ഇനമാണ് കൊച്ചിന്‍ പ്രൈഡ്. ഉയര്‍ന്ന അളവില്‍ സിന്‍ജിബെറിന്‍, അന്നജം, മികച്ച വിളവ് എന്നിവയോടൊപ്പം കൊച്ചിന്‍ ഇഞ്ചിയുടെ തനതായ എരിവും മണവും ഇതിനുണ്ട്. വിളയുടെ കാലയളവ് 240-245 ദിവസങ്ങളാണ്. ഇത് ഇഞ്ചിയുടെ റൈസോം റോട്ട് എന്ന രോഗത്തെ പ്രതിരോധിക്കുന്നു. തെങ്ങിന്‍തോപ്പുകളില്‍ തനിവിളയായോ ഇടവിളയായോ വളര്‍ത്താം. മികച്ച ഗുണമേന്മയുള്ളതും വിപണിയില്‍ നല്ല സ്വീകാര്യതയുള്ളതുമായ വലിയ ഇഞ്ചികളാണ് ഉത്പാദിപ്പിക്കുന്നത്. ഈ വിളയുടെ ശരാശരി വിളവ് ഹെക്ടറിന് 36.3 ടണ്‍ ആണ്. ചുക്ക് ഉത്പാദനത്തിനായി കേരളത്തിലെ ഇടുക്കി, കോട്ടയം ജില്ലകളില്‍ കൃഷി ചെയ്യാന്‍ ഈ ഇനം ശിപാര്‍ശ ചെയ്യുന്നു.

ഡയറക്ടറേറ്റ് ഓഫ് അരിക്കനട്ട് ആന്‍ഡ് സ്‌പൈസസ് ഡെവലപ്മെന്റിന്റെ സാമ്പത്തിക സഹായത്തോടെ, ഡോ. നായര്‍ സുനില്‍ അപ്പുക്കുട്ടന്‍ വികസിപ്പിച്ച ഗോള്‍ഡന്‍ ഫിംഗര്‍ എന്ന മഞ്ഞള്‍ ഇനം, ഉയര്‍ന്ന കുര്‍ക്കുമിന്‍ (8.65%) അടങ്ങിയ ഒരു തനത് ആലപ്പി ഫിംഗര്‍ മഞ്ഞളാണ്. ഇതിന് ഉയര്‍ന്ന വിളവും ഉള്ളില്‍ നല്ല കടും ഓറഞ്ച് നിറവുമുണ്ട്. വിള കാലം 240-250 ദിവസങ്ങളാണ്. കയറ്റുമതിക്ക് അനുയോജ്യമായ രീതിയില്‍ നല്ല വണ്ണമുള്ള മഞ്ഞള്‍ കിഴങ്ങുകളാണ് ഇത് ഉത്പാദിപ്പിക്കുന്നത്. ഹെക്ടറിന് ശരാശരി 39-42 ടണ്‍ പച്ചമഞ്ഞള്‍ ഇതില്‍ നിന്ന് വിളവായി ലഭിക്കും. കേരളത്തിലെ കോട്ടയം ജില്ലയില്‍ കൃഷി ചെയ്യാന്‍ ഈ ഇനം ശിപാര്‍ശ ചെയ്യുന്നു. കാര്‍ഷിക ഉത്പാദന കമ്മിഷണറും കൃഷി പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ ടിങ്കു ബിസ്വാളിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കമ്മിറ്റിയാണ് പുതിയ ഇനങ്ങള്‍ പുറത്തിറക്കിയത്.


Janmabhumi 15 days ago
Home Flash News