Select Location
All Locations
State
Region
City / District
'ഹിന്ദുക്കളെ മാത്രം വിവാഹം കഴിക്കുന്നു', അമീർ ഖാനെതിരെ ലൗ ജിഹാദ് ആരോപിച്ച് ബജ്രംഗ്ദൾ, കോലം കത്തിച്ചു

'ഹിന്ദുക്കളെ മാത്രം വിവാഹം കഴിക്കുന്നു', അമീർ ഖാനെതിരെ ലൗ ജിഹാദ് ആരോപിച്ച് ബജ്രംഗ്ദൾ, കോലം കത്തിച്ചു

കഴിഞ്ഞ ദിവസം വിവാഹിതനായ നടന്‍ അമീര്‍ ഖാന് എതിരെ ലൗ ജിഹാദ് ആരോപണവുമായി ബജ്രംഗ് ദള്‍. ദീര്‍ഘകാലം സുഹൃത്ത് ആയിരുന്ന ഗൗരി സ്പ്രാറ്റിനെയാണ് അമീര്‍ വിവാഹം കഴിച്ചത്. ഇത് താരത്തിന്റെ മൂന്നാം വിവാഹമാണ്. ഹിന്ദുവായ ഗൗരിയെ അമീര്‍ വിവാഹം ചെയ്തത് ലൗ ജിഹാദ് ആണെന്ന് ആരോപിച്ച് ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ ബീഹാറിലെ ഫോര്‍ബസ്ഗഞ്ചില്‍ പ്രതിഷേധം നടത്തി.

ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ അമീര്‍ ഖാന്റെ കോലം കത്തിച്ചു. അമീര്‍ ഖാന്‍ മൂര്‍ദാബാദ്, ജിഹാദി അമീര്‍ ഖാന്‍ രാജ്യം വിടുക എന്നത് അടക്കമുളള മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. അമീര്‍ ഖാന്‍ തുടര്‍ച്ചയായി ഹിന്ദു സ്ത്രീകളെ വിവാഹം കഴിക്കുകയാണെന്നും ഹിന്ദു സമൂഹത്തെ അപമാനിക്കുകയാണെന്നും ബജ്രംഗ് ദള്‍ നേതാവ് മനോജ് സോണി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഹിന്ദുക്കളെ ദുര്‍ബലപ്പെടുത്താനുളള വലിയ ഗൂഢാലോചനയുടെ ഭാഗമായാണ് അമീര്‍ ഖാനെന്നും ഇത് അവസാനിപ്പിച്ചില്ലെങ്കില്‍ അമീര്‍ ഖാനെ ഒരു പാഠം പഠിപ്പിക്കുമെന്നും ബജ്രംഗ് ദള്‍ നേതാവ് ഭീഷണി മുഴക്കി. അമീര്‍ ഖാന്‍ ഹിന്ദു സ്ത്രീകളെ വിവാഹം കഴിക്കും. അതിന് ശേഷം മക്കള്‍ക്ക് തൈമൂര്‍ എന്നും അഫ്രോസ് എന്നും സല്‍മാന്‍ എന്നുമൊക്കെ പേര് നല്‍കും. ഇതെന്ത് തരം നടപടിയാണ്. എന്തുകൊണ്ടാണ് മുസ്ലീം സമുദായത്തിലെ പെണ്‍മക്കളുമായി അമീര്‍ ഖാന്‍ പ്രണയത്തിലാകാത്തത്. എന്തുകൊണ്ടാണ് അമീര്‍ ഖാന്‍ ഹിന്ദുക്കളെ മാത്രം പ്രണയിക്കുന്നത് എന്നും മനോജ് സോണി പറയുന്നു.

അമീര്‍ ഖാന്‍ സാമുദായിക ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും സര്‍ക്കാരും കോടതികളും താരത്തിന് എതിരെ നടപടിയെടുക്കണമെന്നും ബജ്രംഗ്ദള്‍ ആവശ്യപ്പെട്ടു. 1986ല്‍ റീന ദത്തയുമായിട്ടാണ് അമീര്‍ ഖാന്റെ ആദ്യ വിവാഹം. 2002ല്‍ ഇരുവരും വിവാഹ മോചനം നേടി. അതിന് ശേഷം 2005ല്‍ സംവിധായിക കിരണ്‍ റാവുവിനെ അമീര്‍ ഖാന്‍ വിവാഹം കഴിച്ചു. 2021ല്‍ ഇരുവരും വിവാഹമോചിതരായി. അതിന് ശേഷമാണ് ഗൗരിയുമായുളള അമീറിന്റെ മൂന്നാം വിവാഹം.


One India Malayalam 4 days ago
Home Flash News