Select Location
All Locations
State
Region
City / District
ലൈസന്‍സ് റദ്ദാക്കിയാല്‍ സംഘടനയുടെ സ്വത്ത് പിടിച്ചെടുക്കും; പുതിയ ഭേദഗതി പിന്‍വലിക്കണം, മോദിക്ക് കത്ത്

ലൈസന്‍സ് റദ്ദാക്കിയാല്‍ സംഘടനയുടെ സ്വത്ത് പിടിച്ചെടുക്കും; പുതിയ ഭേദഗതി പിന്‍വലിക്കണം, മോദിക്ക് കത്ത്

വിദേശ സംഭാവനാ നിയന്ത്രണ ഭേദഗതി ചട്ടങ്ങള്‍ ന്യൂനപക്ഷ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടുള്ളതാണ് എന്ന് കെസി വേണുഗോപാല്‍ എംപി. ചട്ടങ്ങള്‍ പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നല്‍കി. നേരത്തെ പാര്‍ലമെന്റില്‍ ബില്ല് കൊണ്ടുവരാന്‍ ശ്രമിച്ചപ്പോള്‍ പരാജയപ്പെട്ടിരുന്നു. ഇപ്പോള്‍ പിന്‍വാതിലിലൂടെ കൊണ്ടുവരാനാണ് ശ്രമിക്കുന്നത് എന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

സന്നദ്ധ സംഘടനകളെയും ന്യൂനപക്ഷ സ്ഥാപനങ്ങളെയുമാണ് കേന്ദ്ര സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്. ലൈസന്‍സ് റദ്ദാക്കപ്പെടുകയോ കാലാവധി തീരുകയോ ചെയ്യുന്ന സംഘടനകളുടെ സ്വത്തുക്കള്‍ പിടിച്ചെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് പുതിയ ഭേദഗതി ചട്ടങ്ങള്‍ എന്നും കെസി വേണുഗോപാല്‍ പറയുന്നു. കേരളത്തിലെ ക്രൈസ്തവ നേതാക്കള്‍ ഇതിനെതിരെ രംഗത്തുവന്നിട്ടുണ്ട്.

കെസി വേണുഗോപാലിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: ''രാജ്യത്തെ സന്നദ്ധ സംഘടനകളെയും ന്യൂനപക്ഷ സ്ഥാപനങ്ങളെയും തകർക്കാൻ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ പുതുതായി കൊണ്ടുവന്ന വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ചട്ടങ്ങൾ അടിയന്തരമായി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നൽകി. രാജ്യത്തെ അടിസ്ഥാന ജനവിഭാഗങ്ങൾക്ക് വലിയ താങ്ങായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകൾക്ക് മേലുള്ള ആസൂത്രിതമായ കടന്നുകയറ്റമാണിത്.

കഴിഞ്ഞ മാർച്ച് 25-ന് ലോക്‌സഭയിൽ FCRA ഭേദഗതി ബിൽ അവതരിപ്പിച്ചപ്പോൾ ഞാനുൾപ്പടെയുള്ള പ്രതിപക്ഷ അംഗങ്ങൾ ശക്തമായി പ്രതിഷേധിക്കുകയും അതിനെ തുടർന്ന് സർക്കാരിന് ബിൽ മാറ്റിവെക്കേണ്ടി വരികയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ പാർലമെന്റിനെ മറികടന്ന് എക്സിക്യൂട്ടീവ് ഉത്തരവിലൂടെ, പിൻവാതിലിലൂടെ ഈ കരിനിയമങ്ങൾ അടിച്ചേൽപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ലൈസൻസ് റദ്ദാക്കപ്പെടുകയോ കാലാവധി കഴിയുകയോ ചെയ്യുന്ന സംഘടനകളുടെ സ്വത്തുക്കൾ പിടിച്ചെടുക്കാൻ കേന്ദ്രസർക്കാരിന് അധികാരം നൽകുന്നതാണ് ഈ പുതിയ ചട്ടങ്ങൾ.

ചെറിയ ഭരണപരമായ വീഴ്ചകൾക്ക് പോലും ഫണ്ടിന്റെ 30% വരെയോ അല്ലെങ്കിൽ കുറഞ്ഞത് ഒരു ലക്ഷം രൂപയോ പിഴ ഈടാക്കാനുള്ള വ്യവസ്ഥ സാധാരണ സന്നദ്ധ സംഘടനകളെയും ന്യൂനപക്ഷ സ്ഥാപനങ്ങളെയും സാമ്പത്തികമായി പാപ്പരാക്കും. സംഘടനകളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളും വെബ്സൈറ്റുകളും പ്രസിദ്ധീകരണങ്ങളും സർക്കാരിനെ അറിയിക്കണമെന്ന നിബന്ധന സർക്കാർ നിരീക്ഷണത്തിന് കീഴിൽ അവയെ തളച്ചിടാനുള്ള ഗൂഢശ്രമമാണ്. സർക്കാരിന്റെ കർശനമായ ലിസ്റ്റിൽ നിന്ന് മാത്രം പ്രവർത്തനങ്ങൾ തിരഞ്ഞെടുക്കാൻ നിർബന്ധിക്കുന്നതും, പ്രവർത്തന മേഖലകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതും, സുപ്രധാന സ്ഥാനങ്ങളിൽ നിന്ന് വിദേശ പൗരന്മാരെ വിലക്കുന്നതും സംഘടനകളുടെ സ്വയംഭരണത്തെ ഇല്ലാതാക്കുന്നു. ബോധവൽക്കരണ പരിപാടികളിൽ രാഷ്ട്രീയ-പ്രത്യയശാസ്ത്ര ഉള്ളടക്കങ്ങൾ പാടില്ലെന്ന് നിഷ്കർഷിക്കുന്നത് സിവിൽ സോസൈറ്റികളെ ഭയപ്പെടുത്തി സർക്കാരിന്റെ വെറും വക്താക്കളാക്കി മാറ്റാനാണ്.

വിദേശ ഫണ്ട് നിയന്ത്രണങ്ങൾ ആയുധമാക്കിയതിലൂടെ ആയിരക്കണക്കിന് എൻ.ജി.ഒകളുടെ ലൈസൻസുകൾ റദ്ദാക്കപ്പെടും. ദശലക്ഷക്കണക്കിന് ആളുകൾക്ക് ലഭിക്കേണ്ട ആരോഗ്യ-വിദ്യാഭ്യാസ സഹായങ്ങൾ ഇതിനോടകം നിഷേധിക്കപ്പെട്ടു കഴിഞ്ഞു. സ്വതന്ത്രമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകൾ ഒരു ജനാധിപത്യത്തിന്റെ അനിവാര്യതയാണ്; അതിനാൽ ഈ നിയമങ്ങൾ ഉടൻ പിൻവലിച്ച് ഭയരഹിതമായി പ്രവർത്തിക്കാൻ സന്നദ്ധ സംഘടനകൾക്ക് അവസരമൊരുക്കണമെന്ന് ശക്തമായി ആവശ്യപ്പെടുന്നു.''


One India Malayalam 2 hours ago
Home Flash News