ജന്‍ ഔഷധിയില്‍ സ്വകാര്യ ജനറിക് മരുന്നുകളുടെ കടന്നുകയറ്റം; കേന്ദ്രപദ്ധതിയുടെ ലക്ഷ്യം അട്ടിമറിക്കപ്പെടുന്നതായി ആക്ഷേപം
കൊച്ചി: രാജ്യത്തെ സാധാരണക്കാര്‍ക്ക് കുറഞ്ഞ വിലയില്‍ ഗുണമേന്മയുള്ള മരുന്നുകള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ പ്രധാനമന്ത്രി ഭാരതീയ ജന്‍ഔഷധി പരിയോജന (പിഎംബിജെപി) പദ്ധതിയുടെ ലക്ഷ്യങ്ങള്‍ കേരളത്തില്‍ അട്ടിമറിക്കപ്പെടുന്നതായി പരാതി. സംസ്ഥാനത്തെ നിരവധി ജന്‍ഔഷധി കേന്ദ്രങ്ങളില്‍ ജന്‍ഔഷധി ബ്രാന്‍ഡിലുള്ള മരുന്നുകള്‍ പരിമിതമായി മാത്രം സ്റ്റോക്ക് ചെയ്ത്, പകരം സ്വകാര്യ കമ്പനികളുടെ ജനറിക് മരുന്നുകള്‍ വ്യാപകമായി വില്‍പന നടത്തുന്നതായാണ് ഉയരുന്ന ആക്ഷേപം. ജന്‍ഔഷധി മരുന്നുകള്‍ക്ക് ലഭിക്കുന്ന ലാഭവിഹിതം താരതമ്യേന കുറവായിരിക്കെ, സ്വകാര്യകമ്പനികളുടെ ജനറിക് മരുന്നുകള്‍ക്ക് 50 മുതല്‍ 60 ശതമാനം വരെ കമ്മീഷന്‍ ലഭിക്കുന്നതാണ് ഈ പ്രവണതക്ക് പ്രധാന കാരണമെന്നാണ് ആരോപണം. ജന്‍ഔഷധി മരുന്നുകള്‍ക്ക് ലഭിക്കുന്ന കമ്മീഷന്‍ ഏകദേശം 18 ശതമാനത്തില്‍ ഒതുങ്ങുമ്പോള്‍ കൂടുതല്‍ ലാഭം ലക്ഷ്യമിട്ട് ചില കേന്ദ്രങ്ങള്‍ സ്വകാര്യ കമ്പനികളുടെ ഉത്പന്നങ്ങള്‍ക്ക് മുന്‍ഗണന നല്‍കുകയാണ്. ഇതുമൂലം ജന്‍ഔഷധി പദ്ധതിയുടെ അടിസ്ഥാനലക്ഷ്യമായ വിലക്കുറവുള്ള, ഗുണമേന്മയുള്ള മരുന്നുകള്‍ സാധാരണ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ദൗത്യം തന്നെ പ്രതിസന്ധിയിലാകുന്നു. പല ജന്‍ഔഷധി കേന്ദ്രങ്ങളിലും ആവശ്യമായ മരുന്നുകള്‍ ലഭ്യമല്ലെന്നും, രോഗികള്‍ക്ക് സ്വകാര്യ കമ്പനികളുടെ ജനറിക് മരുന്നുകളാണ് നല്‍കുന്നതെന്നും പരാതിയുണ്ട്.
സാധാരണക്കാരായ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന മരുന്ന് യഥാര്‍ത്ഥ ജന്‍ഔഷധി ഉത്പന്നമാണോ അതോ സ്വകാര്യ കമ്പനികളുടെ ജനറിക് മരുന്നാണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത സാഹചര്യം നിലനില്‍ക്കുന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു. ജന്‍ഔഷധി ബ്രാന്‍ഡിലുള്ള മരുന്നുകളുടെ ലഭ്യത കുറയുന്നത് പദ്ധതിയിലുള്ള ജനവിശ്വാസത്തെയും ബാധിക്കുമെന്ന ആശങ്ക ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പങ്കുവയ്‌ക്കുന്നു. കേരളത്തിലെ ഭൂരിഭാഗം ജന്‍ഔഷധി കേന്ദ്രങ്ങളിലും ഇതേ രീതിയാണ് തുടരുന്നതെന്ന ആരോപണം ശക്തമായ സാഹചര്യത്തില്‍, പദ്ധതിയുടെ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാ ലിക്കുന്നുണ്ടോയെന്ന് കേന്ദ്ര ഫാര്‍മസ്യൂട്ടിക്കല്‍സ് വകുപ്പ് പരിശോധിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. ജന്‍ഔഷധി സ്റ്റോറുകളില്‍ ജന്‍ഔഷധി ബ്രാന്‍ഡ് മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുന്നതിനും, ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന മരുന്നുകളുടെ ഉറവിടം വ്യക്തമായി രേഖപ്പെടുത്തുന്നതിനും ശക്തമായ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തണം.
പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും ആശ്വാസമാകേണ്ട ജന്‍ഔഷധി പദ്ധതി, ചില കേന്ദ്രങ്ങളിലെ ലാഭക്കച്ചവട പ്രവണതകള്‍ മൂലം ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിക്കുകയാണെന്ന ആക്ഷേപം ശക്തമായിരിക്കെ, വിഷയത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്ന ആവശ്യം ശക്തമാകുകയാണ്.